Latest News

'വിളകള്‍ നശിപ്പിക്കപ്പെട്ട ഭൂമിയില്‍ വെറുംകയ്യോടെ കര്‍ഷകര്‍'; മണ്‍സൂണ്‍ മഴയില്‍ വലഞ്ഞ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍

വിളകള്‍ നശിപ്പിക്കപ്പെട്ട ഭൂമിയില്‍ വെറുംകയ്യോടെ കര്‍ഷകര്‍; മണ്‍സൂണ്‍ മഴയില്‍ വലഞ്ഞ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍
X

ന്യൂഡല്‍ഹി: കനത്ത മണ്‍സൂണ്‍ മഴയില്‍ വലഞ്ഞ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍. മഴ കൂടുതലായും ബാധിച്ചത് കര്‍ഷകരെയാണ്. നദികള്‍ കരകവിഞ്ഞൊഴുകല്‍, വെള്ളപ്പൊക്കം തുടങ്ങിയവ മൂലം ആയിരക്കണക്കിന് ഹെക്ടര്‍ കൃഷിഭൂമിയാണ് നശിപ്പിക്കപ്പെട്ടത്. തങ്ങളുടെ അധ്വാനത്തിന്റെ ഫലങ്ങള്‍ കവര്‍ന്നെടുത്ത പ്രകൃതിയെ നിസ്സാഹായതയോടെ നോക്കി നില്‍ക്കാന്‍ മാത്രമെ കര്‍ഷകര്‍ക്കാവുന്നുള്ളൂ എന്നതാണ് വാസ്തവം. വടക്കേ ഇന്ത്യയുടെ മുഴുവന്‍ ഗ്രാമങ്ങളും വെള്ളപ്പൊക്കത്തില്‍ മുങ്ങി.


ജനസംഖ്യയുടെ 35 ശതമാനത്തിലധികം പേരും കൃഷിയെ ആശ്രയിക്കുന്ന പഞ്ചാബില്‍ സ്ഥിതി ഭയാനകമാണ്. കഴിഞ്ഞ നാലുപതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇവിടെ ഉണ്ടായത്. വിളവെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പാണ് വയലുകളില്‍ വെള്ളം കയറി നെല്‍കൃഷി നശിച്ചുപോയതെന്ന് ഇവിടുത്തെ കര്‍ഷകര്‍ പറയുന്നു. പഞ്ചാബിലെ വെള്ളപ്പൊക്കത്തില്‍ കുറഞ്ഞത് 51 പേര്‍ മരിച്ചു, 400,000 പേര്‍ കൂടി കുടിയിറക്കപ്പെട്ടു.

ഇന്ത്യയിലെ പഞ്ചാബിലെ 450,000 ഏക്കറിലധികം (182,100 ഹെക്ടര്‍) കൃഷിഭൂമിയില്‍ വിളകള്‍ പൂര്‍ണമായി നശിച്ചതായി പ്രാഥമിക ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇപ്പോഴും പലയിടങ്ങളിലും മഴ തുടരുന്നത്, അന്തിമ ആഘാതം ഔദ്യോഗിക കണക്കിന്റെ അഞ്ചിരട്ടിയാകാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു

'വിള പൂര്‍ണ്ണമായും നശിച്ചു, അവരുടെ യന്ത്രങ്ങള്‍ വെള്ളത്തില്‍ മുങ്ങി, കര്‍ഷകരുടെ വീടുകള്‍ ഒഴുകിപ്പോയി,പഞ്ചാബിലെ കര്‍ഷകര്‍ പുതുതായി കൃഷി ആരംഭിക്കണം. അവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ധാരാളം പിന്തുണയും നിക്ഷേപവും ആവശ്യമാണ്' പട്യാല ആസ്ഥാനമായുള്ള പഞ്ചാബി സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഇക്കണോമിക്സ് ആന്‍ഡ് ഇന്നൊവേഷന്‍സ് സ്റ്റഡീസിന്റെ ഡയറക്ടര്‍ ലഖ്വീന്ദര്‍ സിങ് പറഞ്ഞു. ഇതുവരെ വെള്ളപ്പൊക്കത്തില്‍ വിളകള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് 20,000 ഇന്ത്യന്‍ രൂപ (230 ഡോളര്‍)യാണ് ആം ആദ്മി പാര്‍ട്ടി അലവന്‍സായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ കര്‍ഷകര്‍ക്ക് മുന്നിലുള്ള വലിയ വെല്ലുവിളികളെ നേരിടാന്‍ ഇത് പൂര്‍ണമായി സഹായിക്കില്ലെന്ന് സിങ് വ്യക്തമാക്കി.


പഞ്ചാബിലെ കര്‍ഷകര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി അവരുടെ കൃഷിയിടങ്ങളില്‍ അടിഞ്ഞുകൂടിയ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യുക എന്നതായിരിക്കുമെന്ന് കാര്‍ഷിക വിദഗ്ധര്‍ പറയുന്നു. കൃഷിയിടങ്ങളില്‍ നിന്ന് വെള്ളം പൂര്‍ണമായും ഇറങ്ങിയതിനുശേഷം മാത്രമേ നാശനഷ്ടത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് നിര്‍ണ്ണയിക്കാന്‍ കഴിയൂ എന്ന് സ്വതന്ത്ര കാര്‍ഷിക നയ വിശകലന വിദഗ്ധനായ ഇന്ദ്ര ശേഖര്‍ സിങ് പറഞ്ഞു. ''കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ അവശിഷ്ടവും ചെളിയും നിറഞ്ഞിരിക്കുകയാണ് , അത് പൂര്‍ണമായും മാറ്റണം. മറ്റൊരു പ്രശ്‌നം വയല്‍ നിരപ്പാക്കുക എന്നതാണ്. പക്ഷെ അതിന് വലിയ ചിലവ് വഹിക്കേണ്ടിവരും. കനത്ത പ്രതിസന്ധിയില്‍ തുടരുന്ന കര്‍ഷകര്‍ക്ക് അതിരട്ടി ഭാരം നല്‍കും''അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍, മൊത്തം നെല്ലുല്‍പാദനത്തിന്റെ 80 ശതമാനവും മണ്‍സൂണ്‍ വിളകളാണ്. സെപ്റ്റംബര്‍ അവസാനം മുതല്‍ ഒക്ടോബര്‍ വരെയാണ് വിളവെടുപ്പ് സമയം. അടുത്ത സീസണിലെ വിളയായ ശൈത്യകാല ഗോതമ്പിനായി പഞ്ചാബിലെ കര്‍ഷകര്‍ തങ്ങളുടെ വയലുകള്‍ ഒരുക്കാന്‍ സമയമില്ലാതെ കഷ്ടപ്പെടുകയാണെന്ന് വിദഗ്ധര്‍ പറയുന്നു. വെള്ളപ്പൊക്കത്തില്‍ നിന്നുള്ള പുതിയ രോഗങ്ങള്‍ വളരുന്ന വിളകളെ ബാധിച്ചേക്കാമെന്നതും കര്‍ഷകരെ കൂടുതല്‍ ആശങ്കക്കിടയാക്കുന്നുണ്ട്.

Next Story

RELATED STORIES

Share it