Latest News

ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റെ ചെയര്‍മാനായി എന്‍ഐടിസി പൂര്‍വ്വവിദ്യാര്‍ഥി എ കെ ബാലസുബ്രഹ്‌മണ്യന്‍ ചുമതലയേറ്റു

ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റെ ചെയര്‍മാനായി എന്‍ഐടിസി പൂര്‍വ്വവിദ്യാര്‍ഥി എ കെ ബാലസുബ്രഹ്‌മണ്യന്‍ ചുമതലയേറ്റു
X

കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിന്റെ(NITC) ഇന്‍സ്റ്റിറ്റ്യൂട്ടിലെ 1982 ബാച്ച് മെക്കാനിക്കല്‍ എന്‍ജിനീയറിങ് പൂര്‍വ്വവിദ്യാര്‍ഥി എ കെ ബാലസുബ്രഹ്‌മണ്യന്‍ രാജ്യത്തെ ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റെ(AERB)ചെയര്‍മാനായി നിയമിതനായി. ഇന്ത്യയുടെ ആണവോര്‍ജ്ജ മേഖലയില്‍ പതിറ്റാണ്ടുകളായി നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി വരുന്ന പ്രതിഭയാണ് അദ്ദേഹം.

ആണവോര്‍ജ്ജ രംഗത്തെ സുരക്ഷാ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന പരമോന്നത സമിതിയുടെ തലപ്പത്തെത്തുന്നതിനു മുന്‍പ്, ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍(NPCIL)ഡയറക്ടര്‍(ടെക്‌നിക്കല്‍)ആയി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. എന്‍പിസിഐഎല്ലില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായും(എന്‍ജിനീയറിങ്), ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അറ്റോമിക് എനര്‍ജിയില്‍(DAE) ഡിസ്റ്റിംഗുഷ്ഡ് സയന്റിസ്റ്റ് ആയും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ അക്കാദമി ഓഫ് എന്‍ജിനീയറിങ്് (INAE) ഫെലോ കൂടിയാണ് അദ്ദേഹം.

ദേശീയതലത്തില്‍ ഉന്നത പദവികള്‍ വഹിക്കുമ്പോഴും തന്റെ എന്‍ഐടി കാലിക്കറ്റുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ശാസ്ത്ര-സാങ്കേതിക മേഖലകളിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2023ല്‍ എന്‍ഐടിസി അദ്ദേഹത്തിന് 'ഡിസ്റ്റിംഗുഷ്ഡ് അലുമിനസ് അവാര്‍ഡ്' നല്‍കി ആദരിച്ചിരുന്നു.

നിലവില്‍ എന്‍ഐടി കാലിക്കറ്റിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ന്യൂക്ലിയര്‍ എന്‍ജിനീയറിങ് കോഴ്‌സില്‍ കോ-ടീച്ചിങ് ഫാക്കല്‍റ്റിയായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അക്കാദമിക് വളര്‍ച്ചയില്‍ അദ്ദേഹം നല്‍കുന്ന പിന്തുണ എടുത്തുപറയേണ്ടതാണെന്ന് എന്‍ഐടി അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it