Latest News

'ആരോപണങ്ങള്‍ അടിസ്ഥാനരഹിതം'; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍
X

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി പറഞ്ഞതുപോലെ, പൊതുജനങ്ങളില്‍ ആര്‍ക്കും ഓണ്‍ലൈനായി ഒരു വോട്ടും നീക്കം ചെയ്യാന്‍ കഴിയില്ലെന്ന് കമ്മിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഓണ്‍ലൈനായി ഒരു വോട്ടും നീക്കം ചെയ്യാന്‍ കഴിയില്ലെന്നും വോട്ട് നീക്കം ചെയ്യുന്നതിന് മുമ്പ് ആ വ്യക്തിക്ക് പറയാനുള്ളത് കേള്‍ക്കുമെന്നുമാണ് കമ്മിഷന്റെ വാദം. അതേസമയം ആലന്ദ് നിയമസഭാ മണ്ഡലത്തില്‍ വോട്ടുകള്‍ നീക്കം ചെയ്യാന്‍ വിഫലശ്രമങ്ങള്‍ നടന്നതായും കമ്മിഷന്‍ പറഞ്ഞു.

കര്‍ണാടകയിലെ ആലന്ദ് മണ്ഡലത്തില്‍ 6,018 വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തതായി കണ്ടെത്തിയെന്ന് പറഞ്ഞ രാഹുല്‍തെളിവു സഹിതമാണ് കണക്കുകള്‍ വ്യക്തമാക്കിയത്. അവിടെ ആരോ 6,018 വോട്ടുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചു. 2023ലെ തിരഞ്ഞെടുപ്പില്‍ ആലന്ദില്‍നിന്ന് ആകെ എത്ര വോട്ടുകള്‍ നീക്കം ചെയ്യപ്പെട്ടു എന്ന് നമുക്കറിയില്ല. ആ സംഖ്യ 6,018ലും വളരെ കൂടുതലാണ്, എന്നാല്‍ 6,018 വോട്ടുകള്‍ നീക്കം ചെയ്യുന്നതിനിടെ ഒരാള്‍ പിടിക്കപ്പെട്ടു, യാദൃച്ഛികമായാണ് അത് പിടിക്കപ്പെട്ടതും. അതായത് സ്വന്തം അമ്മാവന്റെ വോട്ട് പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി ഒരു ബൂത്ത് ലെവല്‍ ഓഫിസര്‍ കണ്ടെത്തിയപ്പോഴാണ് ഈ തട്ടിപ്പ് പുറത്തുവന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

'ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്, മുമ്പ് അങ്ങനെയൊന്നുമല്ലായിരുന്നു. ഇന്ത്യയിലെ ജനങ്ങള്‍ അത് സത്യമാണെന്ന് വിശ്വസിക്കും, കാരണം രാജ്യത്തെ യുവാക്കള്‍ മോഷണം നടക്കുന്നുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞാല്‍, അവരത് സഹിക്കില്ല. തെളിവ് സഹിതം ഞാന്‍ എല്ലാം കാണിക്കും, ഞാന്‍ ഇപ്പോള്‍ അടിത്തറയിടുകയാണ്, ഹൈഡ്രജന്‍ ബോംബില്‍ എല്ലാം കറുപ്പും വെളുപ്പും ആണ്. രാജ്യത്തെ ജനാധിപത്യം നശിപ്പിക്കപ്പെട്ടു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനോടുള്ള ഞങ്ങളുടെ ഉപദേശം, നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യണം, ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം എന്നതാണ്. അല്ലെങ്കില്‍ ഇന്ത്യന്‍ ഭരണഘടനയുടെ കൊലപാതകത്തില്‍ നിങ്ങള്‍ പങ്കാളിയാണെന്ന് രാജ്യത്തിന് വ്യക്തമാകും. യുവാക്കള്‍ നിങ്ങളില്‍ നിന്ന് ഉത്തരം ആവശ്യപ്പെടും'രാഹുല്‍ ഗാന്ധി പറഞ്ഞു.

Next Story

RELATED STORIES

Share it