Latest News

വിനോദസഞ്ചാര രംഗത്ത് കുതിപ്പ്; 22,795 കോടിയുടെ നിക്ഷേപത്തിന് 127 ധാരണാപത്രങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഒപ്പുവച്ചു

വിനോദസഞ്ചാര രംഗത്ത് കുതിപ്പ്; 22,795 കോടിയുടെ നിക്ഷേപത്തിന് 127 ധാരണാപത്രങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഒപ്പുവച്ചു
X

ചെന്നൈ: വിനോദസഞ്ചാര മേഖലയിലെ വികസനത്തിന് ഊര്‍ജം നല്‍കുന്ന വിധത്തില്‍ 22,795 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ട് 127 ധാരണാപത്രങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഒപ്പുവച്ചു. ഇതിലൂടെ 66,000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മഹാബലിപുരത്തില്‍ ഇന്നലെ ആരംഭിച്ച തമിഴ്‌നാട് ഗ്ലോബല്‍ ടൂറിസം സമ്മിറ്റ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് സംരംഭകര്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചത്.

വിവിധോദ്ദേശ്യ സ്‌റ്റേഡിയം നിര്‍മിക്കുന്നതിന് 6,200 കോടി രൂപ മുതല്‍മുടക്കാനുള്ള ആവിഡ് സ്‌പോര്‍ട്‌സ് പദ്ധതിയാണ് ധാരണാപത്രങ്ങളില്‍ പ്രധാനമായത്. മഹാബലിപുരത്ത് 328 കോടി രൂപ ചെലവില്‍ പൈതൃക സാംസ്‌കാരിക കേന്ദ്രം ആരംഭിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ അമൃതാനന്ദമയി മന്ദിര്‍ ട്രസ്റ്റ് ഒപ്പുവച്ചു. രാമനാഥപുരത്ത് 620 കോടി രൂപ ചെലവില്‍ വിനോദസഞ്ചാര കേന്ദ്രം സ്ഥാപിക്കാന്‍ മായക്കടല്‍ അഡ്വഞ്ചേഴ്‌സ്, ദിണ്ടിക്കലില്‍ 300 കോടി രൂപ ചെലവില്‍ ആഡംബര ഹോട്ടല്‍ നിര്‍മിക്കാന്‍ കോടൈ ഹൈറ്റ്‌സ്, 650 കോടി രൂപ മുതല്‍മുടക്കില്‍ തീം പാര്‍ക്ക് ആരംഭിക്കാന്‍ ഇമാജിക്ക, വിയറ്റ്‌നാമിലെ വിന്‍ ഗ്രൂപ്പ് 'വിന്‍ വണ്ടര്‍' അമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. വിനോദസഞ്ചാര മേഖലയിലെ സഹകരണത്തിനായി തോമസ് കുക്ക്, എസ്ഒടിസി എന്നീ ട്രാവല്‍ സര്‍വീസ് കമ്പനികളും തമിഴ്‌നാട് സര്‍ക്കാരുമായി കൈകോര്‍ക്കാന്‍ സന്നദ്ധത അറിയിച്ചു.

തമിഴ്‌നാടിനെ ആഗോള സാംസ്‌കാരിക-കലാ കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികള്‍ ചടങ്ങില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിശദീകരിച്ചു. വിനോദസഞ്ചാര വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് മഹാബലിപുരത്ത് 100 കോടി രൂപയുടെ സ്‌പെഷ്യല്‍ ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Next Story

RELATED STORIES

Share it