Latest News

തീരദേശത്തിന്റെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തി വികസനം ത്വരിതപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്

തീരദേശത്തിന്റെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തി വികസനം ത്വരിതപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്
X

-അഴീക്കോട്-മുനമ്പം പാലം നിര്‍മാണം വേഗത്തിലാക്കും

കൊടുങ്ങല്ലൂര്‍: തീരദേശത്തിന്റെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തി വികസനം ത്വരിതപ്പെടുത്തുമെന്ന് ടൂറിസംപൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. അഴീക്കോട്-മുനമ്പം പാലത്തിന്റെ നിര്‍ദ്ദിഷ്ട സ്ഥലവും മുസിരിസ് മുനയ്ക്കല്‍ ബീച്ചിലെ മിയോവാക്കി വനങ്ങളും സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

അഴീക്കോട്-മുനമ്പം പാലത്തിന്റെ നിര്‍മാണനടപടികള്‍ വേഗത്തിലാക്കും. പാലത്തിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് അനുവദിച്ച തുക സ്ഥലം വിട്ടു കൊടുത്ത അവകാശികള്‍ക്ക് നല്‍കുവാനുള്ള നടപടികളും വേഗത്തിലാക്കും. പാലം നിര്‍മാണത്തിനായി കിഫ്ബിയുടെ നിര്‍ദ്ദേശപ്രകാരം അഡീഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തിക്ക് ദര്‍ഘാസ് ക്ഷണിച്ചതില്‍ രേഖപ്പെടുത്തിയ കുറഞ്ഞ തുക എസ്റ്റിമേറ്റ് തുകയേക്കാള്‍ അധികരിച്ച നിരക്കായതിനാല്‍ വിഷയം ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്നും ധനമന്ത്രിയുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രസ്തുത അഡീഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ പാലം നിര്‍മാണം ആരംഭിച്ച ശേഷം നടപ്പിലാക്കാവുന്നതാണെന്ന് കിഫ്ബി നിര്‍ദ്ദേശിച്ചിട്ടുള്ളതിനാല്‍ സങ്കേതികാനുമതി ലഭ്യമാക്കുന്നതിനുള്ള എസ്റ്റിമേറ്റ് സമര്‍പ്പിക്കാനും കെ ആര്‍ എഫ് ബിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഴീക്കോട് മുനമ്പംപാലം യാഥാര്‍ത്ഥ്യത്തിലേക്ക് നീക്കുവാന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് ഫോണിലൂടെ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അടിയന്തരമായി ഉന്നതതലയോഗം വിളിച്ചു ചേര്‍ക്കും.

ചരിത്രപ്രാധാന്യമുള്ളതും മറ്റെല്ലാ നിലയ്ക്കും പ്രാധാന്യമുള്ളതുമായ ബീച്ചെന്ന നിലയില്‍ മുസിരിസ് ബീച്ചിന്റെ വികസനത്തെ ടൂറിസം വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. സ്ഥലത്തിന്റെ എല്ലാ സാധ്യതകളും ഉള്‍പ്പെടുത്തി, ആ നിലയില്‍ തന്നെ മേഖലയിലെ ടൂറിസം രംഗം വിപുലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയോടാപ്പം ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജന്‍, വൈസ് പ്രസിഡന്റ് പ്രസീന റാഫി, ജില്ലാ പഞ്ചായത്ത് അംഗം സുഗതാ ശശീധരന്‍, ബ്ലോക്ക് അംഗം ഹഫ്‌സല്‍, മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടര്‍ പി എം നൗഷാദ്, മാര്‍ക്കറ്റിങ് മാനേജര്‍ ഇബ്രാഹിം സബിന്‍, കെ ആര്‍ എഫ് ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മനീഷ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സജിത്ത് ഇ ടി, പ്രോജക്ട് എഞ്ചിനീയര്‍ അജിത് വി എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it