Latest News

മികച്ച രീതിയിലുള്ള പ്രാഥമിക ചികിത്സ ഉറപ്പാക്കും: മുഖ്യമന്ത്രി

മികച്ച രീതിയിലുള്ള പ്രാഥമിക ചികിത്സ ഉറപ്പാക്കും: മുഖ്യമന്ത്രി
X

കല്‍പറ്റ: ആരോഗ്യ മേഖലയില്‍ മാതൃകപരമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാറിന്റെ നൂറ്ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച വയനാട് ജില്ലയിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയില്‍ മികച്ച രീതിയിലുള്ള അത്യാധുനിക പ്രാഥമിക ചികിത്സ വിദഗ്ധമായ രീതിയില്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ജില്ലയിലെ ആദിവാസി സമൂഹത്തോടുള്ള സര്‍ക്കാരിന്റെ കരുതലിന്റെ ഭാഗമായി പ്രത്യേക പരിഗണന നല്‍കുന്ന പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഹോം ഡെലിവറി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ആദിവാസി ഗര്‍ഭിണികളുടെ പരിചരണത്തിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് ആന്റിനാറ്റല്‍ ്രൈടബല്‍ ഹോം (ഗര്‍ഭകാല ഗോത്ര മന്ദിരങ്ങള്‍). പ്രസവത്തോടനുബന്ധിച്ച ദിവസങ്ങളില്‍ കുടുംബസമേതം താമസിച്ച് ചികിത്സ ഉറപ്പാക്കാന്‍ ഇതുവഴി കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നവകേരള മിഷന്റെ ഭാഗമായിട്ടുള്ള ആര്‍ദ്രം മിഷനിലൂടെ പൊതുജനാരോഗ്യരംഗത്ത് സമഗ്രമായ പുരോഗതി കൊണ്ടുവരാന്‍ സാധിച്ചു. അതിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയെന്നത്. ഇതില്‍ ഭൂരിഭാഗവും പൂര്‍ത്തികരിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അത്യാധുനിക ലാബുകള്‍, ഡോക്ടര്‍മാരുടെ വര്‍ധനവ്, വൈകീട്ട് വരെയുള്ള ഒ. പി. സൗകര്യം എന്നിവയില്‍ മികച്ച നേട്ടങ്ങള്‍ കൊണ്ടുവന്നു.

നവീകരിച്ച ജില്ലാ ടി. ബി സെന്റര്‍, 5 ഗര്‍ഭകാല ഗോത്ര മന്ദിരങ്ങള്‍, ഉദ്ഘാടനമാണ് പൂര്‍ത്തിയായത്. ജില്ലാ ടിബി സെന്റര്‍ നവീകരണം എന്‍എച്ച്മ്മിന്റെ 20 ലക്ഷം രൂപ ചെലവില്‍ എച്ച്.എല്‍.എല്‍ ആണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. പ്രാദേശിക ചടങ്ങില്‍ എന്‍.എച്ച്.എം. ഡി.പി.എം ഡോ. ബി. അഭിലാഷ് നേതൃത്വം നല്‍കി. ടി.ബി. സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ അബ്രഹാം ജേക്കബ്, ജില്ലാ മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് നൂന മര്‍ജ്ജ, ആര്‍.എം.ഒ. ഡോ. സി. സക്കീര്‍, ടി. ബി സെന്റര്‍ എച്ച്. ഐ. വി കോര്‍ഡിനേറ്റര്‍ വി. ജെ ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി. ബാലകൃഷ്ണന്‍, ജില്ലാ ആരോഗ്യ വകുപ്പ് മേധാവി ഡോ. ആര്‍. രേണുക, ബ്ലോക്ക് വൈസ് പ്രസിഡന്റ് എ. കെ. ജയഭാരതി, അപ്പപ്പാറ പി. എച്ച്. സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. ലിസാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it