Latest News

മന്‍സൂര്‍ വധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം: പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നത് അവസാനിപ്പിക്കണമെന്ന് മുസ് ലിംലീഗ്

മന്‍സൂര്‍ വധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം: പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നത് അവസാനിപ്പിക്കണമെന്ന് മുസ് ലിംലീഗ്
X

കണ്ണൂര്‍: പുല്ലൂക്കരയിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തെ തുടര്‍ന്ന് മേഖലയിലുണ്ടായ അനിഷ്ട സംഭവങ്ങളു ടെ പേരില്‍ നിരപരാധികളായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ കള്ള കേസില്‍ കുടുക്കി പീഡിപ്പിക്കുന്ന പോലിസ് നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ: അബ്ദുല്‍ കരീംചേലേരി ഒരു പ്രസ്താവനയില്‍ പറഞ്ഞു.

മന്‍സൂറിന്റെ കൊലപാതകത്തിനുത്തരവാദികളായ മുഴുവന്‍ പ്രതികളേയും പിടികൂടാന്‍ നാളിതുവരെയായും പോലിസിന് കഴിഞ്ഞിട്ടില്ല. കൊലപാതകത്തിന്റെ ആസൂത്രകനെന്ന് കരുതുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി നിയമവാഴ്ചയെ വെല്ലുവിളിച്ചു കൊണ്ട് ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. സംഭവ ദിവസം ഏതാനും സിപിഎം ഓഫിസുകള്‍ അക്രമിക്കപ്പെട്ടതിന്റെ പേരില്‍ പോലിസ് കസ്റ്റഡിയിലെടുത്ത് ജയിലിലടച്ച മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ ഒന്നിനു പിറകെ മറ്റൊന്നായി കള്ള കേസുകളെടുത്ത് ജാമ്യം ലഭിക്കാതിരിക്കാനുള്ള ഗൂഡ ശ്രമമാണ് പോലിസ് നടത്തുന്നത്.

കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങാന്‍ നേരത്ത് അതേ പ്രവര്‍ത്തകരെ മറ്റ് ചില കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുത്തി വീണ്ടും ജയിലിലടക്കാനാണ് പോലിസ് നീക്കം നടത്തുന്നത്. കൊളവല്ലൂര്‍, ചൊക്‌ളി സ്‌റ്റേഷനുകളിലെ ചില പോലിസ് മേധാവികള്‍ പ്രതികാരബുദ്ധിയോട് കൂടിയാണ് പെരുമാറുന്നത്. പോലിസ് ക്രൂരമായി മര്‍ദ്ദിച്ചതിന്റെ പേരില്‍ മാരകമായി പരിക്ക് പറ്റിയ ഫൈസല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദ്ദേശാനുസരണം പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്തതിലുള്ള പകപോക്കലാണ് പോലിസ് ചെയ്യുന്നത്. ഇത് കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ മുസ്‌ലിം ലീഗിനാവില്ല.

അതേ സമയം, പോലീസ് മര്‍ദ്ദനത്തിനിരയായ ഫൈസലിന്റെ ബന്ധുക്കള്‍ നടപടി ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ മേല്‍ നാളിത് വരെയായി യാതൊരു നടപടിയും പോലിസ് സ്വീകരിച്ചിട്ടില്ല. ജില്ലാ ഭരണ കൂടവും പോലിസ് മേധാവിയും യുഡിഎഫ് ജില്ലാ നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പിന്റെ ലംഘനമാണിത്. നീതി നടപ്പായില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളിലേക്ക് പോകാന്‍ മുസ്‌ലിം ലീഗ് നിര്‍ബന്ധിതമാകും. മേഖലയില്‍ സമാധാനമുണ്ടാക്കാനുള്ള ഉത്തരവാദിത്തം പോലിസിനുണ്ടെന്നും അത് നീതിയുക്തവും നിഷ്പക്ഷവുമായ നടപടികളിലൂടെ നടപ്പിലാക്കണമെന്നും കരീംചേലേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it