Latest News

കാഞ്ഞങ്ങാട് കൊലപാതകം: മരണ കാരണം ഹൃദയത്തിനേറ്റ മുറിവ്; ശ്വാസകോശം തുളച്ച് കയറി

കാഞ്ഞങ്ങാട് കൊലപാതകം:  മരണ കാരണം ഹൃദയത്തിനേറ്റ മുറിവ്; ശ്വാസകോശം തുളച്ച് കയറി
X

കാസര്‍കോട്: കാഞ്ഞങ്ങാട് കൊല്ലപ്പെട്ട അബ്ദുല്‍ റഹ്മാന്‍ ഔഫിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. മരണകാരണം ഹൃദയത്തിലേറ്റ മുറിവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഔഫിന്റെ ഹൃദയധമനിയില്‍ മുറിവേറ്റിരുന്നു. അതിവേഗം രക്തം വാര്‍ന്ന് ഉടന്‍ മരണം സംഭവിക്കാന്‍ ഇത് കാരണമായി. ഒറ്റക്കുത്തില്‍ ശ്വാസകോശം തുളച്ചു കയറിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊലപാതകത്തില്‍ നാല് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് നേരിട്ട് പങ്കെന്ന് വിവരം. കേസിലെ മുഖ്യപ്രതിയായ ഇര്‍ഷാദ് കസ്റ്റഡിയിലായിട്ടുണ്ട്. യൂത്ത് ലീഗ് പ്രാദേശിക നേതാവാണ് ഇര്‍ഷാദ്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പോലിസ് നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്ന ഇര്‍ഷാദിനെ ഇന്നലെ രാത്രിയോടെയാണ് പോലിസ് കാഞ്ഞങ്ങാട്ടെത്തിച്ചത്. ഇയാളുടെ പരിക്ക് ഗുരുതരമായിരുന്നില്ലെന്ന് പോലിസ് അറിയിച്ചു.

കേസില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുമെന്നാണ് സൂചന. മുഖ്യസാക്ഷി ഷുഹൈബ് മൊഴിയില്‍ പരാമര്‍ശിച്ച മുണ്ടത്തോട് സ്വദേശികളായ രണ്ട് പേരെയാണ് ആദ്യം പ്രതി ചേര്‍ക്കുക. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്. ബുധനാഴ്ച രാത്രിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഔഫ് എന്ന അബ്ദുള്‍ റഹ്മാനെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്.

അതിനിടെ, കാഞ്ഞങ്ങാട് മേഖലയില്‍ സംഘര്‍ഷമുണ്ടായി. കാഞ്ഞങ്ങാട് കല്ലൂരാവി മേഖലയില്‍ ഇന്നലെ രാത്രി ലീഗ് ഓഫീസും ബസ് കാത്തിരിപ്പ് കേന്ദ്രവും തകര്‍ത്തു. ഔഫിന്റെ കബറടക്കത്തിന് പിന്നാലെയായിരുന്നു ആക്രമണം. പോലിസ് ഗ്രനേഡ് പ്രയോഗിച്ചാണ് ആളുകളെ പിരിച്ചുവിട്ടത്.

Next Story

RELATED STORIES

Share it