Latest News

തിരഞ്ഞെടുപ്പ് : കരുതലോടെ തൃശൂര്‍ ഒരുക്കങ്ങള്‍; അവസാനഘട്ടത്തില്‍

തിരഞ്ഞെടുപ്പ് : കരുതലോടെ തൃശൂര്‍  ഒരുക്കങ്ങള്‍; അവസാനഘട്ടത്തില്‍
X


തൃശൂർ: ജനം വിധിയെഴുതാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് നടപടികള്‍ കൃത്യതയോടെ പൂര്‍ത്തിയാക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് ജില്ലാ ഭരണകൂടം. ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങളും പ്രവര്‍ത്തനങ്ങളും പുരോഗമിക്കുമ്പോള്‍ വിവിധ വകുപ്പുകളുടെ കാതലായ ഇടപെടലുകളും ഉദ്യോഗസ്ഥരുടെ രാപകല്‍ വ്യത്യാസമില്ലാത്ത അധ്വാനവും ഈ തിരഞ്ഞെടുപ്പിലും ഏറെ ശ്രദ്ധേയമെന്ന് പറയാം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ എസ്. ഷാനവാസ് തന്നെയാണ് കരുത്തും കരുതലും പകര്‍ന്ന് തിരഞ്ഞെടുപ്പിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി മുന്നില്‍ നിന്ന് നയിക്കുന്നത്. വിവിധ വകുപ്പുകളെ ഏകോപ്പിക്കുക, ഉദ്യോഗസ്ഥര്‍ക്കും വിവിധ രാഷ്ട്രിയ പാര്‍ട്ടികള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക, കൃത്യമായ ഇടവേളകളില്‍ കൂടികാഴ്ചകള്‍ സംഘടിപ്പിക്കുക, തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ പാലിക്കല്‍, പെരുമാറ്റചട്ട ലംഘനങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലെ നടപടികള്‍ കലക്ടറുടെ നേതൃത്വത്തില്‍ സ്വീകരിച്ചു വരുന്നു. ഇതിനായി നിയോഗിച്ചിട്ടുള്ള പ്രത്യേക സ്‌ക്വാഡുകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഏകോപിപ്പിച്ച് അതാത് ദിവസത്തെ റിപ്പോര്‍ട്ടുകളും അദ്ദേഹം പരിശോധിക്കുന്നു. പെരുമാറ്റ ചട്ടലംഘനങ്ങള്‍ക്കെതിരെയുള്ള നടപടി, അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനത്തില്‍ വിവിധ ഇടങ്ങളില്‍ ഇതിനകം കലക്ടര്‍ നേരിട്ടെത്തിതന്നെ പരിശോധനകള്‍ നടത്തുകയും നടപടി കൈക്കൊള്ളുകയും ചെയ്്തു. കോവിഡ് പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍, അതാത് രാഷ്ട്രിയ പാര്‍ട്ടികള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, ഹരിത പെരുമാറ്റചട്ടം പാലിക്കല്‍, ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, കോവിഡ് ബാധിതരും കോവിഡ് പശ്ചാത്തലത്തില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കുമുള്ള സ്‌പെഷ്യല്‍ ബാലറ്റ് വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും കലക്ടറുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.

വകുപ്പുകളും ഉദ്യോഗസ്ഥരും സജീവം

തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിന് വിവിധ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും രാപകല്‍ വ്യത്യാസമില്ലാത്ത അധ്വാനമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് വിഭാഗം മുതല്‍ റവന്യൂ, തദ്ദേശ സ്ഥാപനങ്ങള്‍, പൊലീസ്, ആരോഗ്യം, ആര്‍.ടി.ഒ, എക്‌സൈസ്, സാങ്കേതിക സഹായങ്ങളുമായി എന്‍.ഐ.സി തുടങ്ങി വിവിധ വകുപ്പുകള്‍ ഒത്തൊരുമിച്ചും ഏകീകരണത്തോടെയും പ്രവര്‍ത്തിച്ചുമാണ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്.

വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് മുതല്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതുവരെയുള്ള ജോലികളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിഭാഗം ജീവനക്കാരും റവന്യൂ വിഭാഗത്തില്‍ നിന്നുള്ളവരാണ്. ജില്ലാ വരണാധികാരിയായ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം പ്രത്യേക സംഘം ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ യു ഷീജാ ബീഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എ.ഡി.എം റെജി പി. ജോസഫ്, ജില്ലാ പൊലീസ് മേധാവി ആര്‍ ആദിത്യ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജെ റീന തുടങ്ങിയവരും കര്‍മ്മനിരതരായി തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒപ്പമുണ്ട്. പ്രധാന വകുപ്പ് ഉദ്യോഗസ്ഥര്‍ നോഡല്‍ ഓഫീസര്‍മാരായും ഈ തിരഞ്ഞെടുപ്പില്‍ സുപ്രധാന പങ്കു വഹിക്കുന്നു. സ്ഥാനാര്‍ത്ഥികളുടെ ചെലവ് പരിശോധിക്കുന്നതിനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് നിരീക്ഷണങ്ങള്‍ക്കും പ്രത്യേകം ഉദ്യോഗസ്ഥരെയും വിന്യസിച്ചു കഴിഞ്ഞു. ജില്ലയിലെ തിരഞ്ഞെടുപ്പിന്റെ പൊതു നിരീക്ഷകനായി ഇതിനകം വി രതീശന്‍ ചുമലയേല്‍ക്കുകയും പരിശോധനകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ജില്ലയില്‍ 118 റിട്ടേണിങ് ഓഫീസര്‍മാരുള്ളതില്‍ ഭൂരിഭാഗവും റവന്യൂ ജീവനക്കാരാണ്. ഭൂരേഖ തഹസില്‍ദാര്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍, റവന്യൂ ഡിവിഷനല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ഈ തിരഞ്ഞെടുപ്പില്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ കൂടിയാണ്്. കൂടാതെ മുന്‍സിപ്പാലിറ്റികളിലെ ഭൂരിഭാഗം ആര്‍ഒമാരും റവന്യൂ വിഭാഗത്തിലെ ഡെപ്യൂട്ടി കളക്ടര്‍മാര്‍ തന്നെയാണ്. റിട്ടേണിങ് ഓഫീസര്‍മാരായി മറ്റ് വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരുമുള്‍പ്പെടുന്നു.

സ്ഥാനാര്‍ത്ഥികളുടെ നോമിനേഷന്‍ സ്വീകരിക്കല്‍, പരിശോധന, ചിഹ്നം നല്‍കല്‍, ലിസ്റ്റ് തയ്യാറാക്കല്‍, ബാലറ്റ് പേപ്പര്‍ പ്രിന്റിംഗ്, പോസ്റ്റല്‍ ബാലറ്റ് വിതരണം തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്യാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധങ്ങള്‍ തീര്‍ത്ത തിരഞ്ഞെടുപ്പ്

കോവിഡിനെതിരെ പ്രതിരോധങ്ങള്‍ തീര്‍ത്തുതന്നെയാണ് തിരഞ്ഞെടുപ്പ് വിഭാഗവും ആരോഗ്യ വകുപ്പുമൊക്കെ മുന്നോട്ട് പോകുന്നത്. തിരഞ്ഞെടുപ്പ് ദിനം, പ്രചാരണം, വോട്ടണ്ണെല്‍ തുടങ്ങി വിവിധ ഘട്ടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് നിര്‍ദ്ദേശം. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആരോഗ്യ വിഭാഗം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. സ്‌പെഷ്യല്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ഓണ്‍ലൈന്‍ പരിശീലന ക്ലാസുകള്‍, സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് ബാലറ്റ് കൈമാറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വോട്ട് രേഖപ്പെടുത്തുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍, പി.പി.ഇ കിറ്റ് ധരിച്ച് ഇലക്ഷന്‍ ഡ്യൂട്ടി ചെയ്യേണ്ടി വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പോളിംഗ് ബൂത്തുകളിലേക്കുള്ള സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനൊപ്പം ആരോഗ്യവകുപ്പിന്റെ പോസ്റ്റര്‍, നോട്ടീസ് എന്നവയുടെ ലഭ്യത ഉറപ്പുവരുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ ആരോഗ്യ വകുപ്പിന്റെകൂടി സഹകരണത്തോടെ നടന്നു വരുന്നു. സ്‌പെഷ്യല്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥരുടെയും അല്ലാതെ വരുന്ന പോളിംഗ് ബൂത്തുകളിലെ മറ്റ്് ഉദ്യോഗസ്ഥരുടെയും പി പി കിറ്റ്, മാസ്‌ക്ക്, ഫേസ് ഷീല്‍ഡ് തുടങ്ങിയ ബയോ മെഡിക്കല്‍ വേസ്റ്റ് നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായി അതാത് പ്രദേശത്തെ താലൂക്ക് ആശുപത്രിയിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയും മാലിന്യം നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

വാഹനങ്ങളും ക്രമീകരണങ്ങളും

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്ന് വിധത്തിലുള്ള ചുമതലകളാണ് പ്രധാനമായും നിര്‍വ്വഹിക്കുന്നത്. പോളിംഗ് ബൂത്തുകളിലെ ക്രമസമാധാന പാലനം, വാഹനങ്ങളുടെ ക്രമീകരണം, ജനറല്‍ ഇലക്ഷന്‍ ഡ്യൂട്ടി എന്നീ ചുമതലകളാണ് വഹിക്കുന്നത്. പോളിംഗ് ബൂത്തുകളിലെ ക്രമസമാധാന പാലനത്തിനായി മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും 20 എ എം വി മാരെയും 12 എം വി ഐമാരെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ബൂത്തുകളിലേക്ക് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റാവശ്യങ്ങള്‍ക്കുമായി ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത് 350 ബസ്സുകള്‍ ഉള്‍പ്പെടെ 1200 ഓളം വാഹനങ്ങളാണ്.

വിവരങ്ങള്‍ നല്‍കാന്‍ എന്‍.ഐ.സി

സാങ്കേതികത ഇക്കുറി തിരഞ്ഞെടുപ്പിന് ഏറെ ഗുണം ചെയ്യും. എന്‍.ഐ.സിയുടെ മൂന്ന് സോഫ്റ്റ് വെയറുകളാണ് ഇക്കുറി തിരഞ്ഞെടുപ്പില്‍ നിര്‍ണായക റോളുകള്‍ കൈകാര്യം ചെയ്യുന്നത്. ഉദ്യോഗസ്ഥരുടെ നിയമനത്തിനുള്ള ഇ ഡ്രോപ്പും പോളിംഗ് വിവരങ്ങള്‍ എത്തിക്കാന്‍ പോള്‍ മാനേജറും കൗണ്ടിംഗ് വിവരങ്ങള്‍ അറിയിക്കാന്‍ ട്രെന്റും. പോള്‍മാനേജറും ട്രെന്റും കൂടുതല്‍ വേഗത്തില്‍തന്നെ വിവരങ്ങള്‍ കൈമാറും. വോട്ടിംഗ് ശതമാനം, കൗണ്ടിംഗ് ദിനത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ തിരിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ട് എന്നിവ അറിയാനുള്ള അതിവേഗ സംവിധാനമാണ് എന്‍.ഐ.സി മുഖേന ഒരുക്കുന്നത്.

പോളിംഗിനുള്ള ഒരുക്കങ്ങള്‍

ഡിസംബര്‍ 10 നാണ് ജില്ലയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നു. വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് പതിപ്പിക്കല്‍ 6,7 തിയതികളില്‍ പൂര്‍ത്തിയാക്കും. അതാത് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പൂര്‍ത്തിയാക്കുക. തുടര്‍ന്ന് 9തിന് വോട്ടിംഗ് യന്ത്രങ്ങള്‍ അതാത് ബൂത്ത്തല ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. പോളിംഗിന്റെ കൃത്യമായ വിവരങ്ങള്‍ കൈമാറുന്നതിനുള്ള പോള്‍മാനേജര്‍ ആപ്ലിക്കേഷന്റെ ട്രെയല്‍ റണ്ണും പൂര്‍ത്തിയായി. ഇനി പോളിംഗ് ബൂത്തിലേക്ക്. അത് ഇക്കുറി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകാം.

Next Story

RELATED STORIES

Share it