Latest News

കേരള സർക്കാർ അധികാര ഭ്രാന്തിന്റെ അന്ധതയിൽ: മുസ്‌ലിംലീഗ്

കേരള സർക്കാർ അധികാര ഭ്രാന്തിന്റെ അന്ധതയിൽ: മുസ്‌ലിംലീഗ്
X

മലപ്പുറം: അധികാര ഭ്രാന്ത് മൂത്ത് കണ്ണുംമൂക്കുമില്ലാതെ എന്തും ചെയ്യുന്ന നിലയിലാണ് കേരളത്തിലെ പിണറായി സർക്കാരെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം കുറ്റപ്പെടുത്തി. വീണ്ടും അധികാരത്തിലെത്താൻ സർവ്വസന്നാഹങ്ങളുമായി രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്യുന്നതിനാണ് ഭരണത്തിന്റെ അവസാന നാളുകളിൽ സർക്കാർ മുതിരുന്നത്. ഇതിനെ എന്തുവില കൊടുത്തും മുസ്‌ലിംലീഗ് നേരിടും. തെരഞ്ഞെടുപ്പ് വേളയിൽ സമനില തെറ്റിയവരെ പോലെയാണ് സർക്കാർ പെരുമാറുന്നത്. ഭരണാധികാരിക്ക് ഭ്രാന്ത് പിടിച്ചാൽ ജനാധിപത്യം അപ്രസക്തമാകും. അവിടെ പിന്നെ ആർക്കും രക്ഷയില്ല. സർവ്വാധികാരിക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ല. എതിരാളികളെ വാക്കുകൾ കൊണ്ടും നിലപാടുകൾ കൊണ്ടും പ്രതിരോധിക്കുന്ന ആരോഗ്യകരമായ രാഷ്ട്രീയമാണ് ജനാധിപത്യ കേരളത്തിൽ ആരംഭം മുതൽ തുടർന്നുവന്നത്. രാഷ്ട്രീയ വിരോധികൾക്കും കക്ഷി നേതാക്കൾക്കുമെതിരെ ഭരണകൂട മർദനമുറകൾ കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്.

വിജിലൻസ് സർക്കാരിന്റെ മർദ്ദനോപകരണമായി മാറിയിരിക്കുന്നു. മനുഷ്യത്വം തൊട്ടുതീണ്ടാത്ത വിധമാണ് മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനോട് പെരുമാറുന്നത്. മെഡിക്കൽ രംഗത്തെ വിദഗ്ധർ രോഗാവസ്ഥയെക്കുറിച്ച് റിപ്പോർട്ട് നൽകിയിട്ടും കോടതിയുടെ ഇടപെടലുകൾ ഉണ്ടായിട്ടും മാനുഷിക പരിഗണനയോ വിട്ടുവീഴ്ചയോ ഇല്ലാതെ ക്രൂരമായ സമീപനമാണ് സർക്കാർ തുടരുന്നത്. ഇത് ജനാധിപത്യ കേരളത്തിൽ വിലപ്പോകില്ല. തെരഞ്ഞെടുപ്പ് വേളയിൽ കാട്ടിക്കൂട്ടുന്ന ഇത്തരം തൻപ്രമാണിത്തത്തിനെതിരെ ജനങ്ങൾ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും.

പോലീസ് ആക്ട് ഭേദഗതി ചെയ്ത് ചരിത്രത്തിലെ അല്പായുസ്സുള്ള നിയമമുണ്ടാക്കി കേരളത്തിന് നാണക്കേടുണ്ടാക്കിയത് സർക്കാരിന്റെ മനോവിഭ്രാന്തിക്ക് മറ്റൊരു ഉദാഹരണമാണെന്നും യോഗം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it