Latest News

കവർച്ചക്കിടയിലെ കൊലപാതക ശ്രമം; പ്രതികൾ അറസ്റ്റിൽ

കവർച്ചക്കിടയിലെ കൊലപാതക ശ്രമം; പ്രതികൾ അറസ്റ്റിൽ
X

മലപ്പുറം: കവർച്ചാ ശ്രമം തടയാൻ ശ്രമിച്ച രണ്ടു പേരെ കത്തി കൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച് ഒളിവിൽ പോയ കൊല്ലം കരുനാഗപള്ളി സ്വദേശി സക്കീർ എന്ന മുണ്ട സക്കീർ, (22), തൃശൂർ എൽത്തുരുത്ത് സ്വദേശി ആലപ്പാടൻ സനൂപ്(19) എന്നിവരെ പൂക്കോട്ടുംപാടം എസ്ഐ പി വിഷ്ണു അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 10.30 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിലമ്പൂരിൽ പുതുതായി തുടങ്ങുന്ന മൊബൈൽ ഷോപ്പിൻ്റെ ജോലിക്കായി വന്നതായിരുന്നു കോഴിക്കോട് ചെറുവണ്ണൂർ സ്വദേശികളായ മിഥുനും, സാദിഖും, തൃശ്ശൂർ സ്വദേശിയായ സനൂപും. കവർച്ച നടത്തണമെന്ന ഉദ്ദേശത്തോടെ സനൂപാണ് സക്കീറിനെ സംഭവ സ്ഥലത്തേക്ക് കൊണ്ടുവന്നത്. രാത്രി മിഥുൻ മാത്രം റൂമിലുള്ളപ്പോഴാണ് പ്രതികൾ കവർച്ചാ ശ്രമം നടത്തിയത്. തടയാൻ ശ്രമിച്ച മിഥുൻ്റെ തുടയിൽ നാലോളം കുത്തുകൾ ഏറ്റിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ പൂക്കോട്ടുംപാടം തൊണ്ടി സ്വദേശിയായ ചെമ്മല സബീലിൻ്റെ നെഞ്ചിനും സക്കീർ കുത്തി പരിക്കേൽപ്പിച്ചു. തുടർന്ന് നാട്ടുക്കാർ ഓടിക്കൂടിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു. സംഭവ സ്ഥലത്തു നിന്നും 50000 രൂപ വിലവരുന്ന മൂന്നു മൊബൈൽ ഫോണും പ്രതികൾ കവർന്നിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതികൾ ആലപ്പുഴ ചേർത്തലയിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. ചേർത്തല പോലീസിൻ്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. സക്കീറിനെതിരെ ആലപ്പുഴ, പാലക്കാട്, കൊല്ലം ജില്ലകളിലായി കവർച്ച, വധശ്രമം, മാല പൊട്ടിക്കൽ, അടിപിടി തുടങ്ങി പത്തോളം കേസ്സുകൾ നിലവിലുണ്ട്. സനൂപിനെതിരെ ഡോക്ടറുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് ആലുവ പോലീസ് സ്റ്റേഷനിൽ കേസ്സ് നിലവിലുണ്ട്. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.

എസ്‌ഐ രാജേഷ് ആയോടൻ, എഎസ്ഐമാരായ സുബ്രഹ്മണ്യൻ, വി.കെ.പ്രദീപ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജാഫർ.എ, സി പി ഓ മാരായ പ്രദീപ്.ഇ.ജി, ടി. നിബിൻദാസ്, അഭിലാഷ്.എസ്, അനീഷ്.എം.എസ്, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it