Latest News

പോളിംഗ് ഡ്യൂട്ടി: വിവരങ്ങൾ നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിക്ക് കലക്ടറുടെ നിർദേശം

പോളിംഗ് ഡ്യൂട്ടി: വിവരങ്ങൾ നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിക്ക് കലക്ടറുടെ നിർദേശം
X

തൃശൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നിർദേശിച്ച പ്രകാരം ഇഡ്രോപ് സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യാതിരുന്ന സ്ഥാപനങ്ങൾക്കും അപൂർണമായ വിവരങ്ങൾ നൽകിയ സ്ഥാപനങ്ങൾക്കും എതിരെ തെരഞ്ഞെടുപ്പ് നിയമപ്രകാരം നടപടി സ്വീകരിക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എസ്. ഷാനവാസ് നിർദേശിച്ചു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചതായി കളക്ടർ അറിയിച്ചു. നാമനിർദേശ പത്രികളിൻമേലുള്ള തുടർ നടപടികൾ, പോളിംഗ് സ്റ്റേഷനുകളും പോളിംഗ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങളും സജ്ജീകരിക്കൽ, പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം, വോട്ടിംഗ് മെഷീനുകളിലെ കാൻഡിഡേറ്റ് സെറ്റിംഗ് തുടങ്ങിയ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിനാലാണിത്.

കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗം ഓഫീസുകളും വരാണാധികാരികളുടെ ഓഫീസുകളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകളും എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും അവധി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കണമെന്നാണ് നിർദേശം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് അടിയന്തര സാഹചര്യത്തിലല്ലാതെ അവധി അനുവദിക്കരുതെന്നും കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it