Latest News

ഉല്‍സവ ദിവസം കിണറ്റില്‍ വീണ യുവതിയെ രക്ഷിച്ച ഭിന്നശേഷിക്കാരനായ യുവാവിന് നാടിന്റെ ആദരം

ഇബ്രാഹിം പല ഘട്ടങ്ങളിലും രക്ഷകനായിട്ടുണ്ട്. പ്രളയ സമയത്ത് നിലമ്പൂരിലും അദ്ദേഹം സേവനം ചെയ്തിരുന്നു.

ഉല്‍സവ ദിവസം കിണറ്റില്‍ വീണ യുവതിയെ രക്ഷിച്ച ഭിന്നശേഷിക്കാരനായ യുവാവിന് നാടിന്റെ ആദരം
X

തിരുന്നാവായ: വൈരംങ്കോട് കുത്ത്കല്ലില്‍ ഉല്‍സവ ദിവസം കിണറ്റില്‍ വീണ യുവതിയെ രക്ഷപ്പെടുത്തിയ ഭിന്നശേഷിക്കാരനായ യുവാവിനെ നാട്ടുകാരും സന്നദ്ധസംഘടനകളും ആദരിച്ചു. പ്രദേശവാസിയായ ഇബ്രാഹിം കുട്ടിയെയാണ് നാട്ടുകാരും രാഷ്ട്രീയസംഘടനകളും ക്ലബ്ബുകളും ആദരിച്ചത്.

വൈരങ്കോട് ഉത്സവം കാണാനെത്തിയ യുവതിയാണ് ഫോണ്‍ ചെയ്യുന്നതിനിടയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്. വിവരം അറിഞ്ഞ ഉടനെ തന്റെ മുത്തമ്മ മരണപെട്ടതിന്റെ കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പു തന്നെ കൈവശമുള്ള കയറുമായി ഇബ്രാഹിംകുട്ടി ഓടിയെത്തി. അഞ്ച് അടിയോളം വെള്ളമുള്ള കിണറ്റില്‍ ഇറങ്ങി ഫയര്‍ഫോയ്‌സ് വരുന്നതു വരെ അര മണിക്കൂറോളം കുട്ടിക്ക് ധൈര്യവും പ്രഥമ ശുശ്രൂഷയും നല്‍കി.

ഇബ്രാഹിമിനെ ആദരിക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് കൂട്ടായ്മ യോഗത്തില്‍ മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വെട്ടന്‍ ഷരീഫാജി അദ്ധ്യക്ഷത വഹിച്ചു. 19, 22 വാര്‍ഡ് പ്രസിഡന്റ്മാരായ ഹംസ കുട്ടി, വെട്ടന്‍ ഷാജി എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. കെ എം കുഞ്ഞു, വെട്ടന്‍ കബീര്‍, കല്ലിങ്ങള്‍ കുട്ടു, നൗഫല്‍ കുറ്റിക്കാട്ടില്‍, കുട്ടേട്ടന്‍, അബ്ദുറഹ്മാന്‍വെട്ടന്‍, റാഷിദ് ചിറട, ഷാജി മണ്ണാന്തറ,ഷമിര്‍ പറമ്പില്‍, ജാഫര്‍ നെടുതൊടി, ബഷിര്‍ തൂര്‍പ്പില്‍ എന്നിവര്‍ സംസാരിച്ചു.

ഭിന്നശേഷിക്കാരനായ ഇബ്രാഹിം പല ഘട്ടങ്ങളിലും രക്ഷകനായിട്ടുണ്ട്. പ്രളയ സമയത്ത് നിലമ്പൂരിലും അദ്ദേഹം സേവനം ചെയ്തിരുന്നു. സ്വന്തമായി വീടു പോലും ഇല്ലെങ്കിലും അപകടഘട്ടങ്ങളില്‍ രക്ഷിക്കാനുള്ള കയര്‍ അടക്കമുള്ള സാധനങ്ങള്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്.

ഇബ്രാഹിമിന്റെ സന്നദ്ധതയെയും ധീരതയെയും ബ്ലാക്ക് & വൈറ്റ് എടക്കുളം ക്ലബ്ബും ആദരിച്ചു. ക്ലബ്ബിന്റെ അംഗം കൂടിയാണ് ഇബ്രാഹിം. പ്രതിസന്ധി ഘട്ടത്തില്‍ ധീരത കൈവിടാതെ അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നും അനുകരണീയമായ മാതൃകയാണിതെന്നും യോഗം അഭിപ്രായപ്പെട്ടു.

അപകടത്തിന്റെ വാര്‍ത്തകളില്‍ വാര്‍ത്തകളില്‍ എസ്‌ഐയെയും ഫയര്‍ഫോയ്‌സിനെയും മാത്രം പരാമര്‍ശിച്ചതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ഇബ്രാഹിമിന് അനുമോദന യോഗം സംഘടിപ്പിച്ചത്.

Next Story

RELATED STORIES

Share it