Latest News

ജാമിഅയില്‍ പോലിസ് വെടിവച്ചതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്

വീഡിയോ അന്വേഷണത്തിന്റെ ഭാഗമാണെന്നും കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്നും ഉയര്‍ന്ന പോലിസ് ഉദ്യോഗ്‌സഥന്‍ പറഞ്ഞു. എന്നാല്‍ സ്റ്റേഷന്‍ ലെവല്‍ ഓഫിസര്‍മാര്‍ 9 എംഎം പിസ്റ്റലുകള്‍ കൈയില്‍ കരുതാറുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

ജാമിഅയില്‍ പോലിസ് വെടിവച്ചതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്
X

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ്യ ഇസ് ലാമിയയില്‍ പോലിസ് വെടിവച്ചതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. പുതുതായി പുറത്തുവന്ന ഒരു വീഡിയോയിലാണ് ഇത് സംബന്ധിച്ച തെളിവുകളുള്ളത്. ഞായറാഴ്ച വൈകീട്ട് ജാമിഅയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരേയുള്ള പോലിസ് നടപടിക്കിടെ ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റതിനു സമാനമായ പരിക്കുകളേറ്റിരുന്നു. അത് പോലിസ് വെടിവച്ചതല്ലെന്നും ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ തറച്ചതാണെന്നുമായിരുന്നു ഇതുവരെ പോലിസ് മുന്നോട്ട് വച്ച വാദം. ഇത്തരം ഷെല്ലുകള്‍ ചിലപ്പോള്‍ അപകടകരമാവാറുണ്ടെന്നും അവര്‍ പറഞ്ഞു.

പുറത്തുവന്ന പുതിയ വീഡിയോയില്‍ കോളജ് കവാടത്തിനരികില്‍ ഒരു പോലിസുകാരന്‍ തോക്ക് വലിച്ചെടുക്കുന്നതും വെടിവെക്കുന്നതുമായ ദൃശ്യമുണ്ട്. ആദ്യം മുകളിലേക്ക് വെടിവച്ചശേഷം അയാള്‍ മൂന്നോട്ട് പോകുന്ന ദൃശ്യവും കാണാം. മൊത്തം നാല് തവണയാണ് നിറയൊഴിച്ചിരിക്കുന്നത്.

ഇതേ സ്ഥലത്തുനിന്ന് പുറത്തുവന്ന മറ്റൊരു വീഡിയോയില്‍ വെടിയേറ്റതിനു സമാനമായി ഒരു വിദ്യാര്‍ത്ഥി വീഴുന്നത് വ്യക്തമായി കാണാം.

ജാമിഅയിലെ വിദ്യാര്‍ത്ഥി അജാസിനെ വെടിയേറ്റ പരിക്കുകളോടെ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആദ്യ വീഡിയോയില്‍ തോക്ക് വലിച്ചൂരിയെടുത്ത് വെടിയുതിര്‍ക്കുന്ന അതേ പോലിസുകാരന്‍ ഒരു ബസിന്റെ പിറകില്‍ നിന്ന് പുറത്തുവരുന്നത് രണ്ടാമത്തെ വീഡിയോയില്‍ കാണാം.

വീഡിയോ അന്വേഷണത്തിന്റെ ഭാഗമാണെന്നും കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്നും ഉയര്‍ന്ന പോലിസ് ഉദ്യോഗ്‌സഥന്‍ പറഞ്ഞു. എന്നാല്‍ സ്റ്റേഷന്‍ ലെവല്‍ ഓഫിസര്‍മാര്‍ 9 എംഎം പിസ്റ്റലുകള്‍ കൈയില്‍ കരുതാറുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

ഇത്തരത്തില്‍ നിരവധി വീഡോയോകള്‍ സോഷ്യല്‍ മീഡിയയിലുണ്ട്. അതൊക്കെ ഉടന്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജാമിഅയില്‍ തോക്കുകള്‍ ഉപയോഗിച്ചില്ലെന്നാണ് പോലിസിന്റെ വാദം.


Next Story

RELATED STORIES

Share it