Latest News

കെഎസ്ആര്‍ടിസി ട്രേഡ് യൂനിയനുകളുമായുള്ള ചര്‍ച്ച പരാജയം; സിഐടിയു നാളെ ഇലക്ട്രിക് ബസ്സുകള്‍ തടയും

കെഎസ്ആര്‍ടിസി ട്രേഡ് യൂനിയനുകളുമായുള്ള ചര്‍ച്ച പരാജയം; സിഐടിയു നാളെ ഇലക്ട്രിക് ബസ്സുകള്‍ തടയും
X

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ട്രേഡ് യൂനിയനുമായി എംഡി ബിജു പ്രഭാകര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ബിഎംഎസ് നാളെ സ്വിഫ്റ്റ് സര്‍വീസ് ഉദ്ഘാടനം ബഹിഷ്‌കരിക്കും. നാളെ ഉദ്ഘാടനം ചെയ്യുന്ന ഇലക്ട്രിക് ബസ്സുകളുടെ സര്‍വീസ് തടയുമെന്ന് സിഐടിയുവും അറിയിച്ചു. ശമ്പളം നല്‍കാതെ കെഎസ്ആര്‍ടിസിയില്‍ പരിഷ്‌കാരം വേണ്ടെന്ന നിലപാടെടുത്ത ഭരണപക്ഷ സംഘടനയായ സിഐടിയു, തിരുവനന്തപുരം സിറ്റിയില്‍ നാളെ തുടങ്ങുന്ന ഹ്രസ്വദൂര സര്‍വീസുകള്‍ തടയുമെന്ന് അറിയിക്കുകയായിരുന്നു. സിഎംഡി വിളിച്ച ചര്‍ച്ച പ്രഹസനമാണ്.

ഉദ്ഘാടനത്തിനെതിരേ പ്രതിഷേധിക്കുമെന്ന് സിഐടിയു വ്യക്തമാക്കി. ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും നിലപാടെടുത്തു. കെ സ്വിഫ്റ്റ് ഓപറേറ്റ് ചെയ്യുന്ന എയര്‍ റെയില്‍ സര്‍ക്കുലര്‍ സര്‍വീസുകള്‍ നാളെ ആരംഭിക്കുന്നതിനു മുന്നോടിയായാണ് യൂനിയനുകളുമായി മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയത്.

ശമ്പളം ലഭിക്കാത്ത തൊഴിലാളികള്‍ക്കു മുന്നിലേക്ക് പുതിയ പരിഷ്‌കാരങ്ങളുമായി വരരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടതാണെന്ന് സിഐടിയു നേതൃത്വം പറഞ്ഞു. വിപുലമായ ചര്‍ച്ചകളിലൂടെ മാത്രമേ ഇതിനു സാധിക്കൂ. എന്നാല്‍, ഏകപക്ഷീയമായി നാളെ സ്വിഫ്റ്റ് സര്‍വീസുകള്‍ ആരംഭിക്കുമെന്നു പറഞ്ഞപ്പോള്‍ അതിനെ എതിര്‍ക്കുമെന്നാണ് തങ്ങള്‍ നിലപാടെടുത്തത്. സര്‍വീസ് നടത്തുകയാണെങ്കില്‍ തടയുമെന്നും നേതൃത്വം അറിയിച്ചു.

ഇലക്ട്രിക് ബസ്സുകളിലേക്ക് മാറുമ്പോള്‍ വലിയ രീതിയില്‍ ചെലവ് കുറയുകയും ലാഭമുണ്ടാവുകയും ചെയ്യുമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ വിശദീകരണം. കെ സ്വിഫ്റ്റ് ആണ് ബസ്സുകള്‍ ഓപറേറ്റ് ചെയ്യുക. എന്നാല്‍, മാനേജ്‌മെന്റിന്റെ വാദം തൊഴിലാളി സംഘടനകള്‍ തള്ളി. ദീര്‍ഘദൂര സര്‍വീസുകള്‍ക്കു പുറമേ ഹ്രസ്വദൂര സര്‍വീസുകള്‍ കൂടി കെ സിഫ്റ്റിലേക്ക് മാറിയ ശേഷം കെഎസ്ആര്‍ടിസി അപ്രസക്തമാവുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നതെന്നാണ് യൂനിയനുകള്‍ പറയുന്നത്. ട്രേഡ് യൂനിയനുകളോട് ആലോചിക്കാതെയാണ് തീരുമാനമെന്നാണ് ഉയരുന്ന വിമര്‍ശനം.

അതേസമയം, ജൂണിലെ മുടങ്ങിയ ശമ്പളം അടുത്തമാസം അഞ്ചിന് മുമ്പും ജൂലൈയിലെ ശമ്പളം 10ന് മുമ്പും നല്‍കുമെന്ന് സിഎംഡി ഉറപ്പുനല്‍കി. കെഎസ്ആര്‍ടിസിയുടെ സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസ്സുകള്‍ നാളെ നിരത്തിലിറങ്ങും. സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരത്ത് ബസ്സുകള്‍ പരീക്ഷണ ഓട്ടം തുടങ്ങി. 14 ബസ്സുകളാണ് തലസ്ഥാനത്ത് ഇന്ന് യാത്രക്കാരുമായി സര്‍വീസ് നടത്തുന്നത്. ഇന്നലെയും ബസ്സുകള്‍ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തേയും ബസ് സ്റ്റാന്റിനേയും റെയില്‍വേ സ്‌റ്റേഷനേയും ബന്ധിപ്പിക്കുന്ന എയര്‍ റെയില്‍ സര്‍ക്കുലര്‍ സര്‍വീസിനും നാളെ തുടക്കമാവും. വിമാനത്താവളത്തിലെ ഡൊമസ്റ്റിക്, ഇന്റര്‍നാഷനല്‍ ടെര്‍മിനലുകളും തമ്പാനൂര്‍ ബസ് സ്‌റ്റേഷനും സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് എയര്‍-റെയില്‍ സര്‍ക്കുലര്‍ സര്‍വീസ്. അരമണിക്കൂര്‍ ഇടവിട്ട് ബസ്സുകള്‍ സര്‍വീസ് നടത്തും.

രണ്ട് ബസ്സാണ് ഇത്തരത്തില്‍ സര്‍വീസ് നടത്തുക. യാത്രക്കാര്‍ കുറവുള്ള ബ്ലൂ സര്‍ക്കിളില്‍ നാല് ബസ്സുകളും ബാക്കി സര്‍വീസുകളില്‍ രണ്ട് ഇലക്ട്രിക് ബസ്സസുകളുമാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുക. ക്ലോക്ക് വൈസും ആന്റി ക്ലോക്ക് വൈസുമായി ഈ ബസ്സുകള്‍ സര്‍വീസ് നടത്തും. രണ്ട് ഇലക്ട്രിക് ബസ്സുകള്‍ ചാര്‍ജിങ്ങിന് വേണ്ടി ഉപയോഗിക്കും. സര്‍വീസ് നടത്തുന്ന ബസ്സുകളില്‍ ചാര്‍ജ് തീരുന്ന മുറയ്ക്ക് ചാര്‍ജ് ചെയ്യുന്ന ബസ്സുകള്‍ മാറ്റിനല്‍കും.

Next Story

RELATED STORIES

Share it