Latest News

'ബുള്ളി ബായ് ആപ്പ്' കേസ്: മുഖ്യപ്രതി നീരജ് ബിഷ്‌ണോയ് ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയെന്ന് ഡല്‍ഹി പോലിസ്

ഭോപ്പാലിലെ ഒരു സ്ഥാപനത്തില്‍ രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ നീരജിനെ കഴിഞ്ഞയാഴ്ചയാണ് അസമിലെ ജോര്‍ഹട്ട് ജില്ലയില്‍ നിന്ന് ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്.

ബുള്ളി ബായ് ആപ്പ് കേസ്: മുഖ്യപ്രതി നീരജ് ബിഷ്‌ണോയ് ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയെന്ന് ഡല്‍ഹി പോലിസ്
X

ന്യൂഡല്‍ഹി: മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ അധിക്ഷേപകരമായി പോസ്റ്റ് ചെയ്ത് 'ലേലം' ചെയ്യാന്‍ ഉപയോഗിക്കുന്ന ബുള്ളി ബായ് ആപ്പ് നിര്‍മിച്ച കേസിലെ മുഖ്യപ്രതി ആത്മഹത്യാ ഭീഷണി മുഴക്കിയെന്ന് ഡല്‍ഹി പോലിസ്. കേസിലെ ഒന്നാംപ്രതി പോലിസ് കസ്റ്റഡിയിലുള്ള 21കാരനായ നീരജ് ബിഷ്‌ണോയി ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയതെന്ന് ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്റ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐഎഫ്എസ്ഒ) പ്രത്യേക സെല്‍ ഡിസിപി കെപിഎസ് മല്‍ഹോത്ര അറിയിച്ചു. പ്രതി രണ്ടു തവണ സ്വയം അപകടപ്പെടുത്താന്‍ ശ്രമിച്ചെന്ന് പോലിസ് പറഞ്ഞു.

21കാരനായ മായങ്ക് റാവല്‍, ശ്വേത സിങ്, വിശാല്‍ കുമാര്‍ ഝാ എന്നിവര്‍ക്കു പിന്നാലെ 'ബുള്ളി ബായ്' ആപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന നാലാമത്തെ വ്യക്തിയാണ് നീരജ്. പ്രതിയുടെ നിലവിലെ ആരോഗ്യാവസ്ഥാ തൃപ്തികരമാണെന്ന് പോലിസ് ഓഫിസര്‍ പറഞ്ഞു. 'അറസ്റ്റ് ചെയ്യപ്പെട്ട മനോവിഷമത്തിലാവാം ആത്മഹത്യാ ഭീഷണി മുഴക്കിയത്'. അല്ലെങ്കില്‍ അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമമായിരിക്കാം ഇതെന്നും പോലിസ് ഓഫിസര്‍ പറഞ്ഞു.

'സമാനരീതിയില്‍ മുസ്‌ലിം സ്ത്രീകളെ ലേലം ചെയ്യാന്‍ ഉപയോഗിച്ച 'സുള്ളി ഡീല്‍' ആപ്പിന്റെ നിര്‍മാതാക്കളെ തനിക്ക് അറിയാമെന്ന് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. മുംബൈ പോലിസ് അറസ്റ്റ് ചെയ്ത ശ്വേതാ സിങിന്റെ അക്കൗണ്ടിലേക്ക് തനിക്ക് ആക്‌സസ് ഉണ്ടെന്നും പ്രതി സമ്മതിച്ചു'- ഡിസിപി വിശദീകരിച്ചു.

ഭോപ്പാലിലെ ഒരു സ്ഥാപനത്തില്‍ രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ നീരജിനെ കഴിഞ്ഞയാഴ്ചയാണ് അസമിലെ ജോര്‍ഹട്ട് ജില്ലയില്‍ നിന്ന് ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്. മൈക്രോസോഫ്റ്റ് പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബിലൂടെ പ്രചരിപ്പിച്ച ആപ്പ് നിര്‍മിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ തങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പോലിസ് വ്യക്തമാക്കിയിരുന്നു. നിലവില്‍ ഗിറ്റ്ഹബ് ആപ്പ് നീക്കം ചെയ്തിട്ടുണ്ട്. 'ബുള്ളി ബായ്' ആപ്പ് 'സുള്ളി ഡീലുകളുടെ' ഒരു ക്ലോണായിരുന്നുവെന്നാണ് പോലിസ് കണ്ടെത്തല്‍. ഇന്ത്യയിലെ മുസ്ലീം സ്ത്രീകള്‍ക്കെതിരെ ഹിന്ദുത്വ തീവ്രവാദികള്‍ ഉപയോഗിക്കുന്ന അപകീര്‍ത്തികരമായ ഭാഷാപദമാണ് 'സുള്ളി'.

നീരജ് ബിഷ്‌ണോയി 15 വയസ്സുള്ളപ്പോള്‍ മുതല്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതിനെ പറ്റി പഠിക്കുന്നതും പതിവാണെന്ന് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തി. സുള്ളി ഡീല്‍സ് ആപ്പിന്റെ സ്രഷ്ടാവുമായി നീരജ് ബന്ധപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന്, 'കുറ്റവാളിയെ തിരിച്ചറിയാന്‍ കൂടുതല്‍ സാങ്കേതിക വിശകലനം നടത്തുകയാണ്. സാങ്കേതിക ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധന നടക്കുകയാണ്' എന്ന് ഡിസിപി മല്‍ഹോത്ര മറുപടി നല്‍കി.

Next Story

RELATED STORIES

Share it