Latest News

നവ്‌ജ്യോത് സിങ് സിദ്ദുവിന് തടവ്ശിക്ഷ: വൈകിയെങ്കിലും നീതി ലഭിച്ചെന്ന് ഇരയുടെ കുടുംബം

നവ്‌ജ്യോത് സിങ് സിദ്ദുവിന് തടവ്ശിക്ഷ: വൈകിയെങ്കിലും നീതി ലഭിച്ചെന്ന് ഇരയുടെ കുടുംബം
X

ന്യൂഡല്‍ഹി: 34 വര്‍ഷം മുമ്പ് നടന്ന കൊലപാതകക്കേസില്‍ കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദുവിന് സുപ്രിംകോടതി തടവ്ശിക്ഷ വിധിച്ചതില്‍ ഇരയുടെ കുടുംബം സംതൃപ്തി പ്രകടിപ്പിച്ചു. വൈകിയാണെങ്കിലും അവസാനം നീതി ലഭിച്ചെന്ന് കുടുംബം പ്രതികരിച്ചു. 1988ല്‍ 65 വയസ്സുകാരനായ ഗുര്‍നാം സിങ്ങാണ് കാര്‍പാര്‍ക്കിങ്ങിനെച്ചൊല്ലിനടന്ന തര്‍ക്കത്തില്‍ മര്‍ദ്ദനമേറ്റ് മരിച്ചത്. ആ കേസിലാണ് ഇപ്പോള്‍ വിധി വന്നത്. തങ്ങള്‍ക്ക് അനുകൂലമായി വിധിയുണ്ടായതില്‍ കുടുംബം ദൈവത്തോട് നന്ദി പറഞ്ഞു.

ദൈവാനുഗ്രഹത്താല്‍ 34 വര്‍ഷത്തിനുശേഷം വിധി വന്നിരിക്കുന്നു- ഗുര്‍ണാം സിങ്ങിന്റെ മകന്‍ നര്‍വേദീന്ദര്‍ സിങ്ങ് പറഞ്ഞു. 2018ല്‍ വെറും ആയിരം രൂപ പിഴയിട്ടാണ് കോടതി സിദ്ദുവിനെ മോചിപ്പിച്ചത്.

''ഞാന്‍ നിരാശനായിരുന്നു. പക്ഷേ, ദൈവവിധി സ്വീകരിച്ചു. ഒടുവില്‍ കോടതിവിധിക്കെതിരേ അപ്പീല്‍ നല്‍കി. എനിക്ക് നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമുണ്ട്''- മകന്‍ പറഞ്ഞു. അതേ അപ്പീലിലാണ് കോടതി ഇപ്പോള്‍ ഒരു വര്‍ഷം തടവ്ശിക്ഷ വിധിച്ചത്.

''കാലതാമസം ഉണ്ടാകാം, പക്ഷേ ദൈവം എപ്പോഴും നീതി നടപ്പാക്കും. ദൈവത്തിന് മാത്രമല്ല, നീണ്ട നിയമപോരാട്ടത്തില്‍ ഞങ്ങളോടൊപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു''- ഗുര്‍നാം സിങ്ങിന്റെ കൊച്ചുമകന്‍ സാബ്ബി പറഞ്ഞു.

വിധി പുറത്തുവരും മുമ്പ് കുടുംബം സുവര്‍ണക്ഷേത്രത്തിലെത്തി ആരാധന നടത്തിയിരുന്നുവെന്ന് മരുമകള്‍ പര്‍വീന്‍ കൗര്‍ പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ സിദ്ദു ഇന്ത്യയ്ക്കുവേണ്ടി ക്രിക്കറ്റ് കളിക്കുന്ന താരമായിരുന്നു.

കാര്‍പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഗുര്‍ണാം സിങ്ങിനെ സിദ്ദുവിന്റെ സുഹൃത്ത് രുപീന്ദര്‍ സിങ് മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുമ്പ് മരണം സംഭവിച്ചു. സംഭവത്തില്‍ ഇരുവരെയും പോലിസ് അറസ്റ്റ് ചെയ്തു. പിന്നീട് സിദ്ദുവിനെ സുപ്രിംകോടതി മോചിപ്പിച്ചു.

2018ല്‍ ഈ കേസില്‍ നവ്‌ജ്യോത് സിങ് സിദ്ദുവിന് 1000 രൂപ പിഴശിക്ഷ വിധിച്ചിരുന്നു. ഈ വിധിയില്‍ തിരുത്തല്‍ വരുത്തിയാണ് സുപ്രിംകോടതി പുതിയ വിധി പ്രസ്താവിച്ചിരിക്കുന്നത്. ഐപിസി സെക്ഷന്‍ 323 പ്രകാരം സാധ്യമായ പരമാവധി ശിക്ഷയാണ് സിദ്ദുവിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഉത്തരവ് പ്രകാരം സിദ്ദുവിനെ പഞ്ചാബ് പോലിസ് കസ്റ്റഡിയില്‍ വാങ്ങും.

Next Story

RELATED STORIES

Share it