Latest News

ശ്രീനാരായണ ഗുരു ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യം; വര്‍ക്കല ദക്ഷിണേന്ത്യയിലെ കാശിയാണെന്നും നരേന്ദ്ര മോദി

ശിവഗിരി തീര്‍ഥാടനത്തിന്റെ 90ാം വാര്‍ഷികത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ ഡല്‍ഹിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി

ശ്രീനാരായണ ഗുരു ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യം; വര്‍ക്കല ദക്ഷിണേന്ത്യയിലെ കാശിയാണെന്നും നരേന്ദ്ര മോദി
X

ന്യൂഡല്‍ഹി:ശ്രീനാരായണ ഗുരു ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവഗിരി മഠം സ്ഥിതി ചെയ്യുന്ന വര്‍ക്കല ദക്ഷിണേന്ത്യയിലെ കാശിയാണെന്നും മോദി പറഞ്ഞു. ശിവഗിരി തീര്‍ഥാടനത്തിന്റെ 90ാം വാര്‍ഷികത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ ഡല്‍ഹിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

ശ്രീനാരായണ ഗുരുവിന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദര്‍ശനം ദേശ സ്‌നേഹത്തിന് ആധ്യാത്മികമായ ഉയരം നല്‍കുന്നതാണെന്ന് മോദി പറഞ്ഞു. ആധുനികതയെക്കുറിച്ച് സംസാരിക്കുമ്പോഴും ഇന്ത്യന്‍ സംസ്‌കാരത്തേയും മൂല്യങ്ങളേയും ഗുരു സമ്പന്നമാക്കി. ശിവഗിരിയടക്കമുള്ള സ്ഥലങ്ങള്‍ ഏകഭാരതം, ശ്രേഷ്ഠ ഭാരതം എന്ന ആശയത്തിന്റെ പ്രതിഷ്ഠാ സ്ഥാനമാണ്. ഗുരുവിന്റെ ജനനത്തിലൂടെ കേരളം പുണ്യഭൂമിയായി മാറിയെന്നും മോദി പറഞ്ഞു.

കാലത്തിനു മുന്‍പേ സഞ്ചരിച്ച ദീര്‍ഘദര്‍ശിയായിരുന്നു ഗുരു. ഗുരുദര്‍ശനങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ടാല്‍ ഭാരതം അജയ്യമാകുമെന്നും മോദി പറഞ്ഞു. ശ്രീനാരായണ ഗുരുവിനെ കുറിച്ചുള്ള ഏതാനും വാചകങ്ങള്‍ പ്രധാനമന്ത്രി മലയാളത്തില്‍ സംസാരിച്ചു.

രാജ്യത്തെ ഗുരുക്കന്മാരും സന്യാസിമാരും മതാചാരങ്ങളെ പരിഷ്‌കരിക്കുന്നതില്‍ നിസ്തുലമായ പങ്കാണ് വഹിച്ചതെന്നും മോദി ഓര്‍മ്മിപ്പിച്ചു. ഇന്ന് മുതല്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം, രാജ്യം അതിന്റെ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കും. പത്ത് വര്‍ഷത്തിന് ശേഷം ശിവഗിരി തീര്‍ത്ഥാടനത്തിന്റെ 100 വര്‍ഷത്തെ യാത്രയും ആഘോഷിക്കും.ഈ നൂറുവര്‍ഷത്തെ യാത്രയിലെ നേട്ടങ്ങള്‍ ആഗോളമായിരിക്കണം. അതിനായി കാഴ്ചപ്പാടും ആഗോളമായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ശ്രീലങ്ക, സിംഗപ്പൂര്‍, ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിപുലമായ ആഘോഷ പരിപാടികളുടെ ക്രമീകരണങ്ങളാണു നടക്കുന്നത്.

ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിലെ സ്വാമിമാരും ഭാരവാഹികളും സന്നിഹിതരായിരുന്നു. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ചടങ്ങ്.

Next Story

RELATED STORIES

Share it