Latest News

ഫിറ്റ്‌നസിനൊപ്പം വിശ്രമവും; ദുബയിലെ ജിമ്മുകളില്‍ ഇനി മുതല്‍ നാപ് ടൈം

ഫിറ്റ്‌നസിനൊപ്പം വിശ്രമവും; ദുബയിലെ ജിമ്മുകളില്‍ ഇനി മുതല്‍ നാപ് ടൈം
X

ദുബയ്: കഠിനമായ വര്‍ക്കൗട്ടുകള്‍ക്ക് പേരുകേട്ട ജിമ്മുകള്‍ ഇനി വിശ്രമത്തിന്റെയും ഉറക്കത്തിന്റെയും കേന്ദ്രങ്ങളായി മാറുന്നു. യുഎഇയിലെ പ്രമുഖ ഫിറ്റ്‌നസ് ശൃംഖലയായ ജിംനേഷന്‍ മിഡില്‍ ഈസ്റ്റില്‍ ആദ്യമായി 'സ്ലീപ്പ് ക്ലാസ്' ആരംഭിച്ചു. 'നാപ് ടൈം' എന്ന പേരിലുള്ള പദ്ധതി, വിശ്രമത്തെ ആഡംബരമല്ല മറിച്ച് മികച്ച പ്രകടനത്തിനുള്ള പ്രധാന ഘടകമായി അവതരിപ്പിക്കുന്നു. ശരീരത്തെയും മനസ്സിനെയും ക്രമമായി വിശ്രമത്തിലേക്ക് നയിക്കുന്ന നാലു ഘട്ടങ്ങളാണ് ഈ ക്ലാസിന്റെ പ്രത്യേകത. യോഗാധിഷ്ഠിത സ്‌ട്രെച്ചിങിലൂടെ തുടക്കം കുറിച്ച്, ശ്വസന നിയന്ത്രണ വ്യായാമങ്ങള്‍ വഴി ഹൃദയമിടിപ്പ് കുറയ്ക്കുകയും സമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഹാന്‍ഡ്പാന്‍ സംഗീതത്തോടെയുള്ള ധ്യാനം, ഒടുവില്‍ ഐമാസ്‌കുകളും സൗകര്യപ്രദമായ കിടക്കകളും ഉള്‍പ്പെടുത്തി ശാന്തമായ ഉറക്കവും ക്ലാസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത ആവശ്യമായ നഗരമായ ദുബയില്‍ ആളുകള്‍ക്ക് മാനസിക ശാന്തി നേടാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിലാണ് ഈ ക്ലാസ് രൂപകല്‍പ്പന ചെയ്തതെന്ന് ജിംനേഷന്‍ സിഎംഒ റോറി മക് എന്റീ വ്യക്തമാക്കി. സേജ് ക്ലിനിക്കിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. ഗുര്‍വീന്‍ റേഞ്ചറുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ശരിയായ ഉറക്കം പേശിവളര്‍ച്ചയ്ക്കും ഹോര്‍മോണ്‍ നിയന്ത്രണത്തിനും ഓര്‍മ്മശക്തി വര്‍ദ്ധനവിനും നിര്‍ണായകമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വ്യായാമത്തിലൂടെ ലഭിക്കുന്ന ഫലങ്ങള്‍ ശരീരത്തില്‍ പ്രതിഫലിക്കുന്നത് വിശ്രമഘട്ടങ്ങളിലാണ് എന്നതാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.

ജിമ്മില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് വീട്ടിലും ലഘു സ്‌ട്രെച്ചിങും ശ്വസന വ്യായാമങ്ങളും വഴി ഇതിന്റെ ഗുണം നേടാനാവും. കിടക്കുന്നതിന് മുന്‍പ് മൊബൈല്‍ ഫോണുകള്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒഴിവാക്കി ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് ഉറക്കത്തിന്റെ ഗുണമേന്മ ഉയര്‍ത്താന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

Next Story

RELATED STORIES

Share it