Latest News

നാഗാലാന്‍ഡിലെ വെടിവയ്പ്; അന്വേഷണത്തിന് പ്രത്യേക സംഘം; പാര്‍ലമെന്റില്‍ ഖേദം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി

നാഗാലാന്‍ഡിലെ വെടിവയ്പ്; അന്വേഷണത്തിന് പ്രത്യേക സംഘം; പാര്‍ലമെന്റില്‍ ഖേദം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി
X

ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിവയ്പ്പില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഖേദം പ്രകടിപ്പിച്ചു. നാട്ടുകാരെ വെടിവച്ചുകൊന്ന സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും കൊല്ലപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷം സമ്മര്‍ദ്ദമുയര്‍ത്തിയ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഖേദപ്രകടനവുമായി രംഗത്തുവന്നത്.

പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി പ്രധാനമന്ത്രി മോദി മുതിര്‍ന്ന മന്ത്രിമാരുമായ ചര്‍ച്ച നടത്തിയിരുന്നു.

14 പ്രദേശവാസികള്‍ കൊല്ലപ്പെട്ടതില്‍ കേന്ദ്ര സര്‍ക്കാര്‍ ഖേദം പ്രകടിപ്പിക്കുന്നതായി എഴുതിത്തയ്യാറാക്കി അവതരിപ്പിച്ച കുറിപ്പിലൂടെ അമിത് ഷാ പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കും, ഒരു മാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കും, കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും- തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങള്‍.

സംഭവത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യണമെന്ന് ലോക്‌സഭയില്‍ ഇന്ന് രാവിലെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇരുസഭകളിലും ഇതേ ആവശ്യം ഉന്നയിച്ചു. സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. എഫ്എസ്പിഎയുടെ ആനൂകൂല്യം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് നാഗ രാഷ്ട്രീയപ്പാര്‍ട്ടിയായ എന്‍ഡിപിപിയുടെ തോഖെഹോ യെപ്‌തോമി ആവശ്യപ്പെട്ടു. പ്രത്യേക സൈനികാധികാര നിയമത്തെയും അദ്ദേഹം വിമര്‍ശിച്ചു.

കോണ്‍ഗ്രസിന്റെ ഗൗരവ് ഗൊഗോയ്, മാണിക്കം ടാഗോര്‍, ആര്‍ജെഡിയുടെ മനോജ് കുമാര്‍ ഝാ എന്നിവരടക്കം നിരവധി എംപിമാര്‍ ഈ വിഷയത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിരുന്നു.

രാജ്യസഭയില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. പ്രതിഷേധം രൂക്ഷമായതോടെ രാജ്യസഭ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു.

അതേസമയം, കൊഹിമയില്‍ സൈന്യത്തിനു നേരേ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. സൈന്യം മടങ്ങിപ്പോവണമെന്നാണ് ആവശ്യം. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രം നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ മരിച്ച ഓരോ വ്യക്തിയുടെയും ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ നല്‍കുമെന്ന് നാഗാലാന്‍ഡ് സര്‍ക്കാര്‍ അറിയിച്ചു. നാഗാലാന്‍ഡ് സര്‍ക്കാര്‍ എസ്‌ഐടി ഇന്നലെ വൈകീട്ട് മോണ്‍ ജില്ലയിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it