Latest News

മ്യാന്‍മറില്‍ പട്ടാളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മ്യാന്‍മറില്‍ പട്ടാളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
X

യങ്കൂണ്‍: ഓങ് സാന്‍ സൂചിയെയും പ്രസിഡന്റ് വിന്‍ മിന്‍ടിനെയും അറസ്റ്റ് ചെയ്തതിനു പിന്നാലെ മ്യാന്‍മറില്‍ പട്ടാളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തേക്കാളാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുളളത്. തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെച്ചൊല്ലി പട്ടാളവും സിവില്‍ അധികാരികളും തമ്മിലുള്ള വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തെത്തുടര്‍ന്നാണ് നടപടി. സൂചിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയ്‌ക്കെതിരേ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അധികാരം പിടിച്ചെടുക്കുമെന്ന് കഴിഞ്ഞ ആഴ്ചയില്‍ പട്ടാളം സൂചന നല്‍കിയിരുന്നു.

ടെലിവിഷന്‍ ചാനല്‍ വഴിയാണ് സൈന്യം അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക റേഡിയോ പ്രക്ഷേപണം നിര്‍ത്തിവച്ചു. തലസ്ഥാനത്ത് ഇന്റര്‍നെറ്റും വിച്ഛേദിച്ചു.

ഭരണകക്ഷിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി)യുടെ നേതാക്കളെയും സൈന്യം തടവിലാക്കിയിട്ടുണ്ട്. നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരെയും സൈന്യം തടഞ്ഞുവച്ചതായും റിപോര്‍ട്ടുകളുണ്ട്.

നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്‍എല്‍ഡി വന്‍വിജയം നേടിയിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ അട്ടിമറിയെന്നാണ് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ ആരോപണം.

യാങ്കോണിലും നയ്പിറ്റോയിലും സൈനികര്‍ തെരുവിലുണ്ടെന്ന് ബിബിസി റിപോര്‍ട്ട് ചെയ്തു. സൈന്യവുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും മറുപടി ലഭിച്ചില്ല. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിനുശേഷം പാര്‍ലമെന്റിന്റെ ആദ്യസമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സൈന്യത്തിന്റെ അട്ടിമറിയുണ്ടായിരിക്കുന്നത്.

Next Story

RELATED STORIES

Share it