Latest News

'എന്റെ ജീവിതം ഈ കുന്നിന്‍മുകളില്‍ കുരുങ്ങിക്കിടക്കുന്നു' : ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി പറയുന്നു

മ്യാന്‍മര്‍ ഭരണകൂടം ബുദ്ധമത തീവ്രവാദികളോടൊപ്പെ ചേര്‍ന്ന് റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ വംശഹത്യ നടത്തിയതിനെ തുടര്‍ന്ന് 2017 മുതല്‍ 10 ലക്ഷത്തോളം പേരാണ് ബംഗ്ലാദേശില്‍ അഭയം തേടിയെത്തിയത്.

എന്റെ ജീവിതം ഈ കുന്നിന്‍മുകളില്‍ കുരുങ്ങിക്കിടക്കുന്നു : ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി പറയുന്നു
X

കുട്ടുപലോംഗ്: ' മൂന്ന് വര്‍ഷം മുമ്പ് മ്യാന്‍മറില്‍ ഞങ്ങള്‍ നേരിട്ട കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചാല്‍, ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നതില്‍ എനിക്ക് നന്ദിയുണ്ട്. ഇവിടെ എനിക്ക് അഭയവും ഭക്ഷണവുമുണ്ട്, എന്നാല്‍ ക്യാംപിന് പുറത്ത് എവിടേയും പോകാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ ഞങ്ങളെ അനുവദിക്കുന്നില്ല. ഒരു ജോലിയുമില്ല, പണവുമില്ല. വര്‍ഷങ്ങളായി 'എന്റെ ജീവിതം ഈ കുന്നിന്‍മുകളില്‍ കുരുങ്ങിക്കിടക്കുന്നു'. ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി കാംപായ ബാലുഖാലിലെ 31 കാരനായ അഭയാര്‍ത്ഥി അബ്ദുല്‍ റഹ്‌മാന്‍ കൈവിട്ടുപോകുന്ന ജീവിതത്തെ കുറിച്ച് ആശങ്കയിലാണ്. ' ഒരിടത്തും രാജ്യമില്ലാത്ത പൗരന്‍മാരാണ് ഞങ്ങളെന്ന് അബ്ദുല്‍ റഹ്‌മാന്‍ പറയുമ്പോള്‍ അത് ശരിവെക്കാന്‍ 10 ലക്ഷത്തോളം റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ബംഗ്ലാദേശിലുണ്ട്.

മ്യാന്‍മര്‍ ഭരണകൂടം ബുദ്ധമത തീവ്രവാദികളോടൊപ്പെ ചേര്‍ന്ന് റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ വംശഹത്യ നടത്തിയതിനെ തുടര്‍ന്ന് 2017 മുതല്‍ 10 ലക്ഷത്തോളം പേരാണ് ബംഗ്ലാദേശില്‍ അഭയം തേടിയെത്തിയത്. ദരിദ്ര രാജ്യമായ ബംഗ്ലാദേശിലെ അഭയാര്‍ഥി കാംപുകളിലെ അവസ്ഥ അതി ദയനീയമാണെന്ന് കുട്ടുപലോംഗ് അഭയാര്‍ഥിക്യാംപിലെ 29 കാരി യാസ്മിന്‍ പറയുന്നു. മ്യാന്‍മറിലെ അവളുടെ ഗ്രാമത്തില്‍, യാസ്മിന് ഭര്‍ത്താവും, വലിയ വീടും, പച്ചക്കറിത്തോട്ടവും പശുക്കളുമുണ്ടായിരുന്നു. 2017 ല്‍ ഒരുകൂട്ടം പട്ടാളക്കാര്‍ക്കൊപ്പമാണ് ബുദ്ധമത തീവ്രവാദികള്‍ യാസ്മിന്റെ ഗ്രാമത്തിലേക്ക് ഇരച്ചെത്തിയത്. യാസ്മിന്റെ ഭര്‍ത്താവിനെ അവര്‍ കൊന്നു. ഗര്‍ഭണിയായിട്ടും അവളെ ബലാല്‍സംഗം ചെയ്തു.എല്ലാം കൊള്ളയടിച്ചു. വീട് കത്തിച്ചു.

അതീവ ദുഷ്‌ക്കരമായ യാത്രയിലൂടെയാണ് അവര്‍ മറ്റുള്ളവരോടൊപ്പം ബംഗ്ലാദേശിലെത്തിയത്. പടിഞ്ഞാറന്‍ മ്യാന്‍മറിലെ കാടുകളിലൂടെയും നെല്‍വയലുകളിലൂടെയും നാലു ദിവസമായി ഭക്ഷണം പോലുമില്ലാതെ നടന്നു. ഇരുട്ടിലായിരുന്നു പലപ്പോഴും യാത്ര. അങ്ങിനെ ഒടുവില്‍ ബംഗ്ലാദേശിലെത്തി. 'ഒരു അഭയാര്‍ഥിക്യാംപിനുള്ളിലെ ജീവിതം എളുപ്പമുള്ള ഒന്നല്ല, - യാസ്മിന്‍ പറഞ്ഞു. ' അന്ന് ഉദരത്തിലുണ്ടായിരുന്ന മകന് ഇപ്പോള്‍ രണ്ടു വയസ്സു കഴിഞ്ഞു. മുള കെട്ടിയ, നീല നിറത്തിലുള്ള താര്‍പ്പായ മേഞ്ഞ കുടിലിലാണ് പ്രസവിച്ചത്. മറ്റ് അഭയാര്‍ഥികളും അവിടെയുണ്ടായിരുന്നു. എന്റെയും മകന്റെയും ഭാവി എന്താകുമെന്ന് അറിയില്ല.സഹായ ഏജന്‍സികള്‍ എത്തിക്കുന്ന ഭക്ഷണം കഴിച്ച് ഇവിടെയിങ്ങിനെ ജീവിച്ചുപോകുന്നു.' യാസ്മിന്‍ പറഞ്ഞു.

ബംഗ്ലാദേശിലേക്ക് റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ഇപ്പോഴുമെത്തുന്നുണ്ട്. ഇപ്പോഴുള്ള അഭയാര്‍ഥികള്‍ 39 ക്യാംപുകളിലാണ് താമസിക്കുന്നത്. ബംഗ്ലാദേശിലെ അഭയാര്‍ഥികളുടെ എണ്ണമെടുത്താല്‍ ലോകത്തെ ഏറ്റവും വലിയ ഒറ്റ അഭയാര്‍ഥി ക്യാംപായി ആ രാജ്യം മാറിക്കഴിഞ്ഞുവെന്നാണ് 'ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ' പറയുന്നത്.

Next Story

RELATED STORIES

Share it