Latest News

വിസിക്കെതിരായ തെറിയഭിഷേകം യൂത്ത് കോണ്‍ഗ്രസ് സംസ്‌കാരമോയെന്ന് എം വി ജയരാജന്‍

വിസിക്കെതിരായ തെറിയഭിഷേകം യൂത്ത് കോണ്‍ഗ്രസ് സംസ്‌കാരമോയെന്ന് എം വി ജയരാജന്‍
X

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ മുദ്രാവാക്യങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. വിസിയെ പോലെ ഉന്നത സ്ഥാനത്തിരിക്കുന്നവരെ തെറി അഭിഷേകം കൊണ്ട് നേരിടുന്നത് ജനാധിപത്യത്തിന് നിരക്കുന്നതല്ല. കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡിന് മുകളില്‍ കമ്യൂണിസ്റ്റ് പാഠശാലയെന്ന ബാനര്‍ കെട്ടിയത് യൂത്ത് കോണ്‍ഗ്രസിന്റെ അധമ സംസ്‌കാരമാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന മുസ്ലിം ലീഗ് റാലിയിലെ മുദ്രാവാക്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് കടമെടുത്തതാണോ. അല്ലെങ്കില്‍ കോണ്‍ഗ്രസാണോ ലീഗിനെ പ്രകോപനപരവും ആഭാസവും നിറഞ്ഞ മുദ്രാവാക്യം പഠിപ്പിച്ചതെന്ന് വ്യക്തമാക്കണം. ഭരണം നഷ്ടപ്പെട്ടതിന്റെ കോപ്രായങ്ങളാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ബിജെപി നിയോഗിച്ച ഗവര്‍ണറുടെ താളത്തിനൊത്ത് തുള്ളുകയാണ് കോണ്‍ഗ്രസ്. എം ജി സര്‍വകലാശാല വിസിയായിരുന്ന എ വി ജോര്‍ജിനെ പിരിച്ചുവിട്ടത് കോണ്‍ഗ്രസുകാരിയായിരുന്ന ഗവര്‍ണര്‍ ഷീലാ ദീക്ഷിതാണ്. യുഡിഎഫ് ഭരണത്തില്‍ രാഷ്ട്രീയ നിയമനം മാത്രമല്ല, അരിക്കച്ചവടക്കാരെ വരെ വിസിയാക്കി. അധ്യാപന പരിചയമില്ലാത്ത വാസ്തുവിദ്യാ കേന്ദ്രം ഡയക്ടര്‍ പി എന്‍ സുരേഷിനെ കലാമണ്ഡലത്തിന്റെയും, കാസര്‍കോട് ഡിസിസി ജനറല്‍ സെക്രട്ടറി ഖാദര്‍ മാങ്ങാടിനെ കണ്ണൂര്‍ സര്‍വകലാശാലയുടെയും വിസിമാരാക്കിയതും യുഡിഎഫ് ഭരണത്തിലാണ്. യുഡിഎഫ് കാലത്ത് വിസിയാക്കിയ കെ എസ് രാധാകൃഷ്ണനും അബ്ദുള്‍ സലാമും ഇപ്പോള്‍ ബിജെപിയിലാണ്. ഇതൊന്നും അറിയാതെ ഉന്നത അക്കാദമിക് യോഗ്യതയുള്ള കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെയുള്ള യൂത്ത് കോണ്‍ഗ്രസ് തെറി അഭിഷേകം ജനം തിരിച്ചറിയുകയും പുച്ഛിച്ച് തള്ളുകയും ചെയ്യുമെന്ന് ജയരാജന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it