Latest News

മുസ്‌ലിം ലീഗിന്റെ വര്‍ഗീയ നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും: എസ്ഡിപിഐ

മുസ്‌ലിം ലീഗിന്റെ വര്‍ഗീയ നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും: എസ്ഡിപിഐ
X

കണ്ണൂര്‍: ഒരേ സമയം മുസ് ലിംകളുടെ മത ചിഹ്നങ്ങളും വേദികളും ഉപയോഗിക്കുകയും അതോടൊപ്പം ഹിന്ദുത്വരുമായി അവിശുദ്ധകൂട്ടുകെട്ടുണ്ടാക്കുകയും ചെയ്യുന്ന മുസ് ലിം ലീഗിന്റെ വര്‍ഗീയ നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് ഒരു ഭാഗത്ത് മതസ്ഥാപനങ്ങളെയും മതപണ്ഡിതരെയും ദുരുപയോഗം ചെയ്ത് സമുദായ വികാരം ആളിക്കത്തിച്ചും മറുഭാഗത്ത് ഹിന്ദുത്വ തീവ്രവാദ ശക്തികളെ ഒപ്പം നിര്‍ത്തിയും ലീഗ് അത്യന്തം അപകടകരമായ സാഹചര്യമാണ് സമൂഹത്തില്‍ ഉണ്ടാക്കിയത്. രാഷ്ട്രീയപരമായി നേരിടേണ്ട തിരഞ്ഞെടുപ്പിനെ മതചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് ജില്ലയില്‍ ലീഗ് പലയിടത്തും നേരിട്ടത്. ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ച് മതവേഷങ്ങള്‍ ധരിച്ചവരുടെ സന്ദേശങ്ങളാണ് വാട്‌സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ലീഗിന് വോട്ട് ചെയ്യുന്നത് സ്വര്‍ഗ പ്രവേശനത്തിന് കാരണമാവുമെന്ന് വരെ മതപണ്ഡിതരെ കൊണ്ട് പറയിപ്പിച്ചു. മഹല്ല് കമ്മിറ്റികളിലെ അപ്രമാദിത്വം മുതലെടുത്ത് ലീഗിന് വോട്ട് ചെയ്തില്ലെങ്കില്‍ അത്തരം വീട്ടുകാരുടെ മയ്യിത്ത് സംസ്‌കരണ ചടങ്ങില്‍ സഹകരിക്കില്ലെന്ന് പോലും ഭീഷണിപ്പെടുത്തി. നിര്‍ധന കുടുംബങ്ങള്‍ക്ക് എല്ലാ വിഭാഗം ജനങ്ങളും നല്‍കിയ പണം കൊണ്ട് മഹല്ല് കമ്മിറ്റികള്‍ നല്‍കുന്ന ഭക്ഷ്യക്കിറ്റുകള്‍ തടയുമെന്ന് വരെ പലയിടത്തും ലീഗ് നേതാക്കള്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയിരുന്നു.

തോല്‍വി ഭയന്ന പഞ്ചായത്തുകളില്‍ പണത്തിന്റെ കുത്തൊഴുക്കാണ് നടത്തിയത്. വോട്ടിന് വേണ്ടി ലക്ഷങ്ങളുടെ ബാങ്ക് വായ്പകള്‍ പലര്‍ക്കും പെട്ടെന്ന് തന്നെ അടച്ച് തീര്‍ത്ത് കൊടുത്തു. വീട്ടിലേക്ക് ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ വേണ്ടവര്‍ക്ക് അതും വാങ്ങിക്കൊടുത്തു. ഇത്തരത്തില്‍ പണം ഒഴുക്കി ജനാധിപത്യത്തെ പരിഹസിക്കുകയാണ് ലീഗ് നേതൃത്വം ചെയ്തത്. കണക്കില്‍പ്പെടാത്ത ഇത്തരം പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണം.

എസ്ഡിപിഐ വിജയിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ആര്‍എസ്എസ് ബിജെപി പിന്തുണ ഉറപ്പാക്കി. ഇതിനെയൊക്കെ അതി ജയിച്ച് എസ്ഡിപിഐ മുന്നേറ്റം ഉണ്ടാക്കിയ മേഖലകളില്‍ വ്യാപക ആക്രമണമാണ് ലീഗ് പ്രവര്‍ത്തകര്‍ അഴിച്ചുവിട്ടത്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ജില്ലയില്‍ അക്രമം അരങ്ങേറിയ പ്രദേശങ്ങളിലെല്ലാം ഒരു ഭാഗത്ത് യൂത്ത് ലീഗ് എംഎസ്എഫ് പ്രവര്‍ത്തകരായിരുന്നു എന്ന് മാധ്യങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പണത്തിന്റെയും അധികാരത്തിന്റെയും ബലത്തില്‍ ലീഗ് കാട്ടിക്കൂട്ടുന്ന വര്‍ഗ്ഗീയ, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ അശാന്തിയും ജനജീവിതം ദുസ്സഹവുമാക്കുകയാണ്. ഇതിനെ ജനകീയമായി പ്രതിരോധിക്കാന്‍ എസ്ഡിപിഐ നിര്‍ബന്ധിതമായിരിക്കുകയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it