Latest News

മുസ്‌ലിം ബ്രദര്‍ഹുഡ്: പിരിച്ചുവിട്ട ഇമാമുമാരെ തിരിച്ചെടുക്കില്ലെന്ന് സൗദി

മുസ്‌ലിം ബ്രദര്‍ഹുഡ്: പിരിച്ചുവിട്ട ഇമാമുമാരെ തിരിച്ചെടുക്കില്ലെന്ന് സൗദി
X
റിയാദ്: സൗദി അറേബ്യ ഭീകര സംഘടനയായി പ്രഖ്യാപിച്ച മുസ്‌ലിം ബ്രദര്‍ഹുഡിന് എതിരെ ജുമുഅ പ്രസംഗത്തില്‍ സംസാരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ പിരിച്ചുവിട്ട ഇമാമുമാരെ തിരിച്ചെടുക്കില്ലെന്ന് സൗദി അറേബ്യ. മുസ്‌ലിം ബ്രദര്‍ഹുഡ് മുസ്‌ലിം സമുദായത്തിന് സൃഷ്ടിക്കുന്ന ഭീഷണികളെ കുറിച്ച് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തോടനുബന്ധിച്ച ഉദ്‌ബോധന പ്രസംഗത്തില്‍ വിശദീകരിക്കുകയും ഇക്കാര്യത്തില്‍ ഉന്നത പണ്ഡിതസഭ പുറത്തിറക്കിയ പ്രസ്താവന വായിക്കുകയും ചെയ്യണമെന്ന ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാണ് ഇമാമുമാരെയും ഖതീബുമാരെയും സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്.


ഇവരെ തിരിച്ചെടുക്കുന്ന പ്രശ്‌നമില്ലെന്ന് വകുപ്പ് മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. ദാക്ഷിണ്യം കാണിക്കണമെന്ന് അപേക്ഷിക്കുകയും ഭാവിയില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അതേപടി പാലിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്യുന്ന പക്ഷം പിരിച്ചുവിട്ട ഇമാമുമാരെയും ഖതീബുമാരെയും തിരിച്ചെടുക്കുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.


നിലവില്‍ ഇക്കാര്യത്തില്‍ വാഗ്ദാനങ്ങളൊന്നും നല്‍കാന്‍ കഴിയില്ല. ഖതീബുമാരായും ഇമാമുമാരായും സേവനമനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി സ്വദേശികളുണ്ട്. ഇവര്‍ കര്‍ത്തവ്യം ഭംഗിയായി നിര്‍വഹിക്കും. പിരിച്ചുവിട്ടതിലൂടെ ഈ ഇമാമുമാരും ഖതീബുമാരും മുസ്‌ലിം ബ്രദര്‍ഹുഡ് അനുയായികളോ ബ്രദര്‍ഹുഡ് ആശയത്തെ പിന്തുണക്കുന്നവരോ ആണെന്ന് അര്‍ഥമാക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.





Next Story

RELATED STORIES

Share it