Latest News

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാത്രി തുറക്കുന്നു; കേന്ദ്ര ജല കമ്മീഷനെ സമീപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാത്രി തുറക്കുന്നു; കേന്ദ്ര ജല കമ്മീഷനെ സമീപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
X

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാത്രി തുറക്കുന്നതിനെതിരെ കേന്ദ്ര ജല കമ്മീഷനെ സമീപിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴയില്‍ ജലനിരപ്പുയരുമ്പോള്‍ രാത്രിയാണ് ഷട്ടറുകള്‍ തുറന്നത്. ഇത് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് തടസ്സമാവുന്നുണ്ട്. വെള്ളം വീട്ടിലേക്ക് ഇരച്ചുകയറുമ്പോള്‍ മാത്രമാണ് ആളുകള്‍ ഡാം തുറന്ന കാര്യം അറിയുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ജലനിരപ്പ് 142 അടിയാകുന്ന സാഹചര്യം മുന്‍കൂട്ടി കണ്ട് പകല്‍ തന്നെ കൂടുതല്‍ വെള്ളം തുറന്നു വിടണം. രാത്രിയില്‍ വെള്ളം ഒഴുക്കുന്ന സ്ഥിതി ഒട്ടും ഭൂഷണമല്ല. കേരളത്തിന്റെ ആവശ്യത്തോട് തമിഴ്‌നാട് അനുകൂലമായി പ്രതികരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സമുദ്രനിരപ്പില്‍നിന്ന് 792.2 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇന്നലെ വാണിങ് ലെവല്‍ 794.2 അടി ആയിരുന്നു. അത് 794.05 വരെയെത്തി. 795 അടിയാണ് അപകട ലെവല്‍. 2018ല്‍ 797 ആയിരുന്നു ലെവല്‍. അത്ര പ്രശ്‌നമുണ്ടായില്ലെങ്കിലും ഇന്നലെ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടത് ബുദ്ധിമുട്ട് സൃഷ്ടിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരു സംസ്ഥാനങ്ങളും ചര്‍ച്ച ചെയ്തു പുതിയ അണക്കെട്ട് നിര്‍മിക്കാനായി പരസ്പര സഹകരണത്തിനാണ് ശ്രമിക്കുന്നത്. തമിഴ്‌നാടുമായി തര്‍ക്കമില്ല. മാധ്യമങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ഇടുക്കിയിലെ ജനങ്ങള്‍ക്കു വേണ്ടിയും സര്‍ക്കാരിനും വേണ്ടിയുമുള്ള തന്റെ അഭ്യര്‍ഥന ആയി ഇതിനെ കാണണമെന്നും മന്ത്രി പറഞ്ഞു.


Next Story

RELATED STORIES

Share it