Latest News

പാര്‍ട്ടിയോടുള്ള വിശ്വാസ്യത തെളിയിക്കാന്‍ സത്യവാങ്മൂലം നല്‍കണം; ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കി ഉദ്ധവ് താക്കറെ

പാര്‍ട്ടിയോടുള്ള വിശ്വാസ്യത തെളിയിക്കാന്‍ സത്യവാങ്മൂലം നല്‍കണം; ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കി ഉദ്ധവ് താക്കറെ
X

മുംബൈ: മഹാരാഷ്ട്ര ശിവസേനയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കെ പാര്‍ട്ടിയില്‍ നിന്ന് അണികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് കരുനീക്കവുമായി മുന്‍ മുഖ്യമന്ത്രിയും സേനാ നേതാവുമായ ഉദ്ധവ് താക്കറെ രംഗത്ത്. പാര്‍ട്ടിയോടും നേതൃത്വത്തോടുമുള്ള വിശ്വാസ്യത തെളിയിക്കാന്‍ സത്യവാങ്മൂലം ഒപ്പിട്ടുനല്‍കണമെന്ന് ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഉദ്ധവ് താക്കറെ. 'പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്നുണ്ടെന്ന് എഴുതി നല്‍കണം' എന്നാണ് ശാഖാ പ്രമുഖ് മുതലുള്ള ഭാരവാഹികള്‍ക്ക് നല്‍കിയ നിര്‍ദേശം. പാര്‍ട്ടി പിടിക്കാനുള്ള വിമതരുടെ നീക്കം തടയുകയാണ് ലക്ഷ്യം.

എംഎല്‍എമാര്‍ക്ക് പിന്നാലെ വിവിധ ഘടകങ്ങളിലെ ഭാരവാഹികളും അണികളും വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം പോയാല്‍ ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടിയാവും. ഇത് മുന്നില്‍കണ്ട് ബാക്കിയുള്ളവരെ ഒപ്പം നിര്‍ത്താനാണ് താക്കറെ ക്യാംപ് പുതിയ നീക്കം ആരംഭിച്ചത്. അതേസമയം, സത്യവാങ്മൂലങ്ങളില്‍ ഒപ്പിടാന്‍ നിര്‍ദേശം നല്‍കിയെന്ന റിപോര്‍ട്ടുകള്‍ ശിവസേനാ എംപി അരവിന്ദ് സാവന്തും താക്കറെയുടെ വിശ്വസ്തരായ മറ്റുള്ളവരും നിഷേധിച്ചു.

താക്കറെയുടെ പുതിയ നീക്കത്തിനെതിരേ വിമര്‍ശനവുമായി ഏക്‌നാഥ് ഷിന്‍ഡെ പക്ഷം രംഗത്തുവന്നു. വിശ്വാസ്യത തെളിയിക്കുന്നതിന് പ്രതിജ്ഞയെടുക്കണമെന്നത് 'ജനാധിപത്യത്തിന് അപമാനമാണെന്ന്' എന്ന് മുഖ്യമന്ത്രി ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത ക്യാംപ് കുറ്റപ്പെടുത്തി. ഒരു പാര്‍ട്ടിയുടെ വിശ്വാസ്യത തെളിയിക്കുന്നതിന് പ്രതിജ്ഞ ചെയ്യാന്‍ എംപിമാര്‍ക്കോ എംഎല്‍എമാര്‍ക്കോ നിയമമില്ലെന്ന് സത്യവാങ്മൂലത്തെ പരിഹസിച്ച് വിമത എംഎല്‍എ ദീപക് കേസാര്‍ക്കര്‍ പറഞ്ഞു.

'ഇന്ത്യയില്‍ അങ്ങനെയൊരു നിയമമില്ല... ഇതൊരു ജനാധിപത്യമാണ്, സ്വേച്ഛാധിപത്യമല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായ ആര്‍ക്കും അത് ഉപേക്ഷിച്ച് മറ്റൊന്നില്‍ ചേരാന്‍ സ്വാതന്ത്ര്യമുണ്ട്... നിങ്ങള്‍ക്ക് സത്യവാങ്മൂലം കൊണ്ട് ഒരാളെ കെട്ടിയിടാന്‍ കഴിയില്ല. ഇത് ജനാധിപത്യത്തിന് അപമാനമാണ്. ബാലാസാഹേബ് താക്കറെ തന്റെ സ്‌നേഹം കൊണ്ടും കൈത്തണ്ടയിലെ ശിവബന്ധന്‍ കൊണ്ടും എല്ലാവരേയും ഒരുമിപ്പിച്ചിരുന്നു ത്രെഡ് ലോയല്‍റ്റിയും ഹിന്ദുത്വവും നമ്മെ ബന്ധിപ്പിക്കുന്നു- ഗോവയില്‍ സംസാരിക്കവെ കെസര്‍ക്കര്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഇന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉദ്ധവ് പുതിയ പരീക്ഷണവുമായി രംഗത്തുവന്നത്. പുതിയ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ആദ്യ ബലപരീക്ഷണമാവും ഇന്നത്തേത്. ബിജെപിയുടെ രാഹുല്‍ നര്‍വേക്കറും ശിവസേനയുടെ രാജന്‍ സാല്‍വിയും തമ്മിലാണ് പോരാട്ടം. 15 വര്‍ഷത്തോളം ശിവസേനയില്‍ പ്രവര്‍ത്തിച്ച രാഹുല്‍ 2014ല്‍ സേന വിട്ട് ആദ്യം എന്‍സിപിയിലേക്ക് കൂടുമാറി. 2019ല്‍ ബിജെപിയില്‍ ചേ!ര്‍ന്ന് കൊളാബാ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കെത്തി. രത്‌നഗിരിയില്‍ നിന്നുള്ള എംഎല്‍എയാണ് രാജന്‍ സാല്‍വി. ശിവസേനയില്‍ ഔദ്യോഗിക പക്ഷവും വിമത പക്ഷവും പരസ്പരം വിപ്പ് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it