Latest News

മോദി സര്‍ക്കാര്‍ ദലിത് ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നു: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

മോദി സര്‍ക്കാര്‍ ദലിത് ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നു: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
X

ന്യൂഡല്‍ഹി: നിലവിലെ സര്‍ക്കാര്‍ ദലിത് ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. രോഹിത് വെമുലയുടെ മരണം, ഭീമ കൊറേഗാവ് സംഭവങ്ങള്‍, സര്‍വകലാശാലകളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരായ വിവേചനം തുടങ്ങിയ കേസുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം.

സ്വകാര്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍, പൊതുമേഖലാ ജോലികള്‍ കുറയ്ക്കല്‍, സംവരണം ദുര്‍ബലപ്പെടുത്തല്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ്സി, എസ്ടി ഫാക്കല്‍റ്റികളുടെ നിയമനം കുറയ്ക്കല്‍ എന്നിവ സാമൂഹിക നീതിക്കു നേരെയുള്ള ആക്രമണമാണെന്ന് ഖാര്‍ഗെ പറഞ്ഞു.

സമത്വം ഉറപ്പാക്കുന്നതിനുപകരം അസമത്വത്തെ ന്യായീകരിക്കുന്ന മനുവാദി മാനസികാവസ്ഥയെ പ്രോല്‍സാഹിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍ എന്നും അദ്ദേഹം പറഞ്ഞു. അംബേദ്കറെ ഉദ്ധരിച്ച്, ഒരു സമൂഹത്തിന്റെ പുരോഗതി അളക്കുന്നത് അതിലെ ഏറ്റവും ദുര്‍ബലരായ അംഗങ്ങളുടെ സുരക്ഷയെ അടിസ്ഥാനമാക്കിയാണെന്ന് ഖാര്‍ഗെ പറഞ്ഞു. നിലവിലെ ഭരണത്തിന്‍ കീഴില്‍ ഈ തത്വം വിപരീതദിശയിലായെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നത് കോണ്‍ഗ്രസ് തുടരുമെന്നും അതു തകര്‍ക്കുന്നതിനെ എന്തുവിലകൊടുത്തും നേരിടുമെന്നും ഖാര്‍ഗെ പറഞ്ഞു.

സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ പാര്‍ട്ടി വിവേചനത്തിനെതിരെ പോരാടിയിരുന്നുവെന്നും, തൊട്ടുകൂടായ്മയെ കുറ്റകരമാക്കിയ 1955 ലെ പൗരാവകാശ സംരക്ഷണ നിയമം, രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് നടപ്പിലാക്കിയ 1989 ലെ എസ്സി, എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമം തുടങ്ങിയ സുപ്രധാന നിയമനിര്‍മ്മാണങ്ങള്‍ക്ക് ഇത് കാരണമായെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ സാമൂഹിക നീതിക്കു നേരെയുള്ള ആക്രമണമായി ഈ നിയമം അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it