Latest News

എം എം ഹസന്‍ പുതിയ യുഡിഎഫ് കണ്‍വീനര്‍

എം എം ഹസന്‍ പുതിയ യുഡിഎഫ് കണ്‍വീനര്‍
X


തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനറായി എം.എം. ഹസനെ നിയമിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദീര്‍ഘനാളത്തെ പ്രവര്‍ത്തന പാരമ്പര്യവുമായാണ് എം.എം.ഹസന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്തുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ ഹസന്‍ കോണ്‍ഗ്രസിന്റെ നാവും മുഖവുമാണ്.

കെ.പി.സി.സി ആസ്ഥാനത്തെത്തി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉമ്മന്‍ചാണ്ടിയെ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വസതിയിലും എത്തി സന്ദര്‍ശിച്ച ശേഷം യു.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയിലുള്ള ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് എം.എം.ഹസ്സന്‍ തുടക്കം കുറിച്ചു.

കെ.എസ്.യു രാഷ്ട്രീയത്തിലൂടെയായിരുന്നു തുടക്കം. കേരള സര്‍വ്വകലാശാല സെനറ്റ് മെമ്പര്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കെ.എസ്. യു സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്. 1980ല്‍ കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ നിന്നും ആദ്യമായി നിയമസഭയില്‍ എത്തി. 1982ല്‍ ഏഴാം കേരള നിയമസഭയിലും അംഗമായി. 1987 ല്‍ തിരുവന്തപുരം വെസ്റ്റ് മണ്ഡലത്തില്‍ നിന്നും വിജയിച്ചു. 2001 കായംകുളത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട എം.എം ഹസ്സന്‍, എ. കെ.ആന്റണി മന്ത്രിസഭയില്‍ അംഗമായി. പ്രവാസികള്‍ക്കായി നടത്തിയ പ്രവര്‍ത്തനങ്ങളും നോര്‍ക്ക എന്ന പുതിയ സംവിധാനവും മന്ത്രിയെന്ന നിലയിലുള്ള എം.എം ഹസന്റെ ശ്രദ്ധേയമായ ചുവടുവയ്പ്പായിരുന്നു.

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസി വൈസ് പ്രസിഡന്റ്, ഔദ്യോഗിക വക്താവ്, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം എഐസിസിയിലും അംഗമായി. കെപിസിസി വൈസ് പ്രസിഡന്റായിരിക്കെ 2017 ല്‍ കെപിസിസിയുടെ അധ്യക്ഷനായി ചുമതലയേറ്റു. അധ്യക്ഷനായിരിക്കെ ഫാസിസത്തിനും വര്‍ഗീയതയ്ക്കുമെതിരേ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ ജനമോചനയാത്ര കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇടംപിടിച്ചു.

സംഘടനാ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്. സാമൂഹ്യ രംഗത്ത് എം.എം ഹസന്‍ പടുത്തുയര്‍ത്തിയ ജനശ്രീ സുസ്ഥിര വികസന മിഷന്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. സര്‍ക്കാര്‍ ഇതര സാമൂഹിക വനിതാ കൂട്ടായ്മയായ 'ജനശ്രീയുടെ' സ്ഥാപകനും ചെയര്‍മാനുമായ അദ്ദേഹം നെഹ്‌റു സെന്ററിന്റെ ചെയര്‍മാന്‍ കൂടിയാണ്.

കോണ്‍ഗ്രസിന്റെ മികച്ച വാഗ്മിയായ എം.എം.ഹസന്‍ ജയ്ഹിന്ദ് ടിവിയുടെ മാനേജിംഗ് ഡയറക്ടര്‍ കൂടിയാണ്. സംഘടനാ രംഗത്തെ മികവിനും പ്രവര്‍ത്തന പാരമ്പര്യത്തിനുമുള്ള അംഗീകാരം കൂടിയാണ് അദ്ദേഹത്തെ തേടിയെത്തിയ പുതിയ പദവി.

Next Story

RELATED STORIES

Share it