Latest News

ജനകീയ പങ്കാളിത്തത്തോടെ വന്യജീവി ആക്രമണങ്ങളെ അതിജീവിക്കും: മന്ത്രി എകെ ശശീന്ദ്രന്‍

ജനകീയ പങ്കാളിത്തത്തോടെ വന്യജീവി ആക്രമണങ്ങളെ അതിജീവിക്കും: മന്ത്രി എകെ ശശീന്ദ്രന്‍
X

തൃശൂര്‍: വന്യജീവികളില്‍ നിന്ന് ജനങ്ങളുടെ സ്വത്തിനും ജീവനും സംരംക്ഷണം നല്‍കുന്നതിന് ജനകീയ പങ്കാളിത്തത്തോടെ പുതിയ നിയമങ്ങള്‍ പാസാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ചാലക്കുടിയില്‍ നിര്‍മിച്ച ഫോറസ്റ്റ് ക്വാര്‍ട്ടേഴ്‌സ് കോംപ്ലക്‌സിന്റെയും തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ വിദ്യാവനങ്ങളുടെയും ഫോറസ്റ്റ് ക്ലബ്ബിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വികേന്ദ്രീകൃത രൂപത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള മുഖ്യ പങ്കാളികളാകാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വനസംരക്ഷണസേനയും തൊഴിലുറപ്പ് പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന് പ്രതിരോധ സേനയ്ക്ക് രൂപം നല്‍കേണ്ടതുണ്ട്. എല്ലാവരുടെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വേണം പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. ജനവാസ മേഖലകളില്‍ കയറി ആള്‍നാശവും കൃഷിനാശവും വരുത്തുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുക എന്നുള്ളത് സര്‍ക്കാരിന്റെയും വനം വകുപ്പിന്റെയും ചുമതലയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചാലക്കുടി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ വിവിധ മലയോര മേഖലകളില്‍ വന്യജീവി ആക്രമണം രൂക്ഷമാണ്. അതുകൊണ്ട് തന്നെ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് അവയെ വെടിവയ്ക്കുന്നതിന് മജിസ്‌ട്രേറ്റ്മാര്‍ക്കുള്ള അധികാരം ആ പ്രദേശത്തെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും മുന്‍സിപ്പല്‍ ചെയര്‍മാന്‍/ചെയര്‍പേഴ്‌സണ്‍മാര്‍ക്കും നല്‍കാനുള്ള ഉത്തരവ് ഉടന്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇത് പാസാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

വനംവകുപ്പ് ജീവനക്കാരുടെ സംതൃപ്തി ഉറപ്പുവരുത്തും. ഇതിനായി ഉദ്യോഗസ്ഥരുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആധുനിക സൗകര്യങ്ങളോടുകൂടിയ വാഹനങ്ങളും ഉപകരണങ്ങളും വനംവകുപ്പിന് നല്‍കും. 50 വാഹനങ്ങള്‍ ഇതിനോടകം നല്‍കാന്‍ തീരുമാനിച്ച് കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

ചടങ്ങില്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ചാലക്കുടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി ഒ പൈലപ്പന്‍ ,തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോര്‍ജി പി മാത്തച്ചന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്ലാനിംഗ് ആന്റ് ഡെവലപ്പ്‌മെന്റ് പ്രിന്‍സിപ്പല്‍ ഡി ജയപ്രസാദ്, മറ്റ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. പുതുതായി നിര്‍മിച്ച ക്വാര്‍ട്ടേഴ്‌സിന്റെ താക്കോല്‍ദാനവും ചടങ്ങില്‍ നടന്നു.

Next Story

RELATED STORIES

Share it