Latest News

തീരദേശ കപ്പല്‍ സര്‍വ്വീസ് വിഴിഞ്ഞത്തേക്ക് നീട്ടുന്ന കാര്യം പരിഗണനയില്‍: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

അഴീക്കലില്‍ 3000 കോടി മുതല്‍ മുടക്കില്‍ ചെറുകിട തുറമുഖം സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. ഡിപിആര്‍ പൂര്‍ത്തിയാക്കി അടുത്തവര്‍ഷം മധ്യത്തോടെ തുറമുഖത്തിന് തറക്കല്ലിടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തീരദേശ കപ്പല്‍ സര്‍വ്വീസ് വിഴിഞ്ഞത്തേക്ക് നീട്ടുന്ന കാര്യം പരിഗണനയില്‍: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
X

തിരുവനന്തപുരം: അഴീക്കല്‍, ബേപ്പൂര്‍, കൊച്ചി, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന തീരദേശ കപ്പല്‍ സര്‍വ്വീസ് വിഴിഞ്ഞം മൈനര്‍ പോര്‍ട്ടിലേക്ക് നീട്ടുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്ന് തുറമുഖ മന്ത്രി അഹ്മദ് ദേവര്‍കോവില്‍. മാരിടൈം കസ്റ്റംസ് ആന്‍ഡ് ലോജിസ്റ്റിക്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയായ എം ക്ലാറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാരിടൈം ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള മാരിടൈം ബോര്‍ഡിന്റെയടക്കം സഹകരണത്തോടെ അഴീക്കല്‍, ബേപ്പൂര്‍, കൊല്ലം തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനായുള്ള പദ്ധതികള്‍ നടപ്പാക്കിവരികയാണ്. അഴീക്കലില്‍ 3000 കോടി മുതല്‍ മുടക്കില്‍ ചെറുകിട തുറമുഖം സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. ഡിപിആര്‍ പൂര്‍ത്തിയാക്കി അടുത്തവര്‍ഷം മധ്യത്തോടെ തുറമുഖത്തിന് തറക്കല്ലിടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുറമുഖം യാഥാര്‍ഥ്യമായാല്‍ സംസ്ഥാനത്തിന്റെ 600 കിലോമീറ്ററോളം വരുന്ന തീരപ്രദേശവും ചരക്കു നീക്കത്തിന്റെ കേന്ദ്രമായി മാറുമെന്നും മന്ത്രി പറഞ്ഞു.

റോട്ടര്‍ഡാം പോലെ രാജ്യാന്തരതലത്തിലുള്ള തുറമുഖങ്ങളുമായുള്ള സഹകരണത്തിനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നു മന്ത്രി വ്യക്തമാക്കി. എം ക്ലാറ്റ് സെക്രട്ടറി അഡ്വ കെജെ തോമസ് കല്ലംമ്പള്ളി രചിച്ച മാരിടൈം ലോജിസ്റ്റിക്‌സ് സംബന്ധിച്ച The Exim Trade, Maritime Law and Blue Economy, CHA-CBLR Guide എന്നീ പുസ്തകങ്ങള്‍ മന്ത്രി പ്രകാശനം ചെയ്തു.

ചടങ്ങില്‍ അധ്യക്ഷനായിരുന്ന എം വിന്‍സന്റ് എംഎല്‍എയും അദാനി വിഴിഞ്ഞം പോര്‍ട്ട് എംഡിയും സിഇഒയുമായ രാജേഷ് ഝായും മാര്‍ ഗ്രിഗോറിയസ് ലോ കോളജ് പ്രിന്‍സിപ്പല്‍ ഡോ പിസി ജോണും പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. പുസ്തകങ്ങളുടെ ഉള്ളടക്കം സംബന്ധിച്ച് അഡ്വ കെജെ തോമസ് കല്ലംമ്പള്ളി വിശദീകരിച്ചു.

എം ക്ലാറ്റിന്റെ ഔദ്യോഗികമായ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് നിയമപരമായ പരിഹാരവും പരിരക്ഷയും നല്‍കാന്‍ എം ക്ലാറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുമെന്ന് എം വിന്‍സന്റ് എംഎല്‍എ ചൂണ്ടിക്കാട്ടി. മാരിടൈം നിയമങ്ങളുടെ അനന്ത സാധ്യതകള്‍ മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി ഉപയോഗിക്കാന്‍ എം ക്ലാറ്റിനു സാധിക്കട്ടേ എന്ന് അദ്ദേഹം ആശംസിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ഇന്റര്‍നാഷനല്‍ ഷിപ് ആന്‍ഡ് പോര്‍ട് ഫെസലിറ്റി സെക്യൂരിറ്റി മാനദണ്ഡം അനുസരിച്ചുള്ള സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിച്ചു വരികയാണെന്നും ആശംസയര്‍പ്പിച്ചു സംസാരിച്ച മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ വിജെ മാത്യൂ പറഞ്ഞു.

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എംഡിയും സിഇഒയുമായ ഡോ ജയകുമാര്‍, തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ എസ്എസ് ബാലു, എം ക്ലാറ്റ് പ്രസിഡന്റ് അഡ്വ. പരവൂര്‍ സി ശശിധരന്‍ പിള്ള, ജോയിന്‍ സെക്രട്ടറി അഡ്വ. ആര്‍ വിജയകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു സംസാരിച്ചു.

Next Story

RELATED STORIES

Share it