Latest News

ഭക്ഷണത്തെച്ചൊല്ലി പെരുമ്പാവൂര്‍ കണ്ടന്ത ഭായി കോളനിയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം; ഗൂഢാലോചനയെന്ന് മന്ത്രി സുനില്‍കുമാര്‍

പരിഹരിച്ച പ്രശ്‌നം കുത്തി പൊക്കി തൊഴിലാളികളെ തെറ്റിധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കമെന്നും മന്ത്രി

ഭക്ഷണത്തെച്ചൊല്ലി പെരുമ്പാവൂര്‍ കണ്ടന്ത ഭായി കോളനിയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം; ഗൂഢാലോചനയെന്ന് മന്ത്രി സുനില്‍കുമാര്‍
X

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ കണ്ടന്ത ഭായി കോളനിയില്‍ ഭക്ഷണത്തെച്ചൊല്ലി സംഘര്‍ഷം. ലഭിച്ച ഭക്ഷണം അളവും ഗുണവുമില്ലാത്തതാണെന്ന് ആരോപിച്ചുകൊണ്ടാണ് മൂവ്വായിരത്തോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ തങ്ങളുടെ താമസസ്ഥലം വിട്ട് പുറത്തേക്കിറങ്ങിയത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ഭക്ഷണത്തെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞ ദിവസം ഡി.ഐജി കാളീശ്വരന്‍ രാജ്, റൂറല്‍ എസ് പി കെ. കാര്‍തിക്, ഡെപ്യൂട്ടി കളക്ടര്‍, ആര്‍.ടി.ഒ. തഹസില്‍ദാര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. തൊഴിലാളികളുടെ രുചിക്കനുസരിച്ച് രണ്ടായിരം പേര്‍ക്ക് മൂന്ന് നേരം ഭക്ഷണം തയ്യാറാക്കി നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ വാക്കുനല്‍കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇന്നലെ ഉച്ചയ്ക്ക് വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.

കഴിഞ്ഞ ദിവസം പായിപ്പാട്ട് കണ്ട സമാന സ്വഭാവത്തിലാണ് ഇവിടെയും പ്രശ്‌നങ്ങള്‍ അരങ്ങേറിയത്. ആദ്യം എത്തിയ പോലിസ് സംഘം വിഷയത്തിന്റെ ഗൗരവം കണ്ടറിഞ്ഞ് മേലുദ്യോഗസ്ഥരെയും ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്. സുനില്‍കുമാറിനെയും അറിയിച്ചു. റൂറല്‍ എസ് പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തിലുള്ള വകുപ്പുതല ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തങ്ങള്‍ക്ക് ലഭിച്ച ചോറും കറികളും ഉയര്‍ത്തി കാട്ടി വിശപ്പകറ്റാന്‍ ഭക്ഷണം വേണമെന്നും ജീവന്‍ നിലനിര്‍ത്താന്‍ ഇത് പോരെന്നും തൊഴിലാളികള്‍ അറിയിച്ചു. വീടുകളിലേക്ക് പോകണമെന്ന ആവശ്യവും ഉയര്‍ത്തി.

കൂടുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി എത്തിയതോടെ ഇവരെ നിയന്ത്രിക്കുക പോലിസിനും ശ്രമകരമായി. ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് നല്‍കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉറപ്പു നല്‍കി. നാട്ടില്‍ പോവുക എന്നത് അസാധ്യമായ കാര്യമാണെന്നും ഇവിടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിത്തരാന്‍ അധികൃതര്‍ തയ്യാറാണെന്നും ജില്ലാ കളക്ടര്‍ എസ് സുഹാസ് തൊഴിലാളികളെ അറിയിച്ചു. പിന്നീട് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിനിധികളും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരുമടക്കമുള്ളവരുമായി ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ഇതോടെയാണ് മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നത്.

പ്രശ്‌നം പരിഹരിച്ചതിനു പിന്നാലെ പോലിസ് പ്രദേശത്ത് റൂട്ട് മാര്‍ച്ച് നടത്തി. കഴിഞ്ഞ ദിവസം പരിഹരിച്ചുപോയ പ്രശ്‌നം വീണ്ടുംകുത്തി പൊക്കി തൊഴിലാളികളെ തെറ്റിധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കമെന്നും പിന്നീട് മന്ത്രി പറഞ്ഞു. മന്ത്രി എത്തുന്ന വിവരം അറിഞ്ഞ് അതിനു തൊട്ടു മുമ്പ് ഒരു സംഘര്‍ഷാവസ്ഥ ഉണ്ടാക്കുകയായിരുന്നു ചിലരുടെ ലക്ഷ്യമെന്നും പോലിസ് ആരോപിച്ചു.


Next Story

RELATED STORIES

Share it