Latest News

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ രോഗിക്ക് മരുന്ന് മാറി നല്‍കി; പോട്ട സ്വദേശി വെന്റിലേറ്ററില്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ രോഗിക്ക് മരുന്ന് മാറി നല്‍കി; പോട്ട സ്വദേശി വെന്റിലേറ്ററില്‍
X

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ രോഗിക്ക് മരുന്ന് മാറി നല്‍കി. അബോധാവസ്ഥയിലായ പോട്ട പേരാട് വീട്ടില്‍ മണി അയ്യപ്പന്റെ മകന്‍ അമലി (25) നെ വെന്റിലേറ്ററിലേക്ക് മാറ്റി. ഹെല്‍ത്ത് ടോണിക്കിന് പകരം ചുമയ്ക്കുള്ള മരുന്നാണ് നല്‍കിയത്. ഇതോടെ രോഗി അബോധാവസ്ഥയിലാവുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റാണ് അമല്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്. രോഗം ഭേദമായി ആശുപത്രി വിടാനിരിക്കെയാണ് സംഭവം.

ആശുപത്രിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യായവില മെഡിക്കല്‍ ഷോപ്പില്‍നിന്നാണ് മരുന്ന് വിതരണം ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായത്. ഡോക്ടര്‍ എഴുതിനല്‍കിയ മരുന്നിന് പകരം ഒരു ബന്ധവുമില്ലാത്ത മറ്റൊരു മരുന്ന് അധികൃതര്‍ നല്‍കുകയായിരുന്നു. 110 രൂപയും ഇതിന് ഈടാക്കി. ഈ മരുന്ന് ഒരു ഡോസ് കഴിച്ചതോടെ ശരീരം നീരുവയ്ക്കുകയും തടിപ്പ് അനുഭവപ്പെടുകയും ശ്വാസതടസ്സം ഉണ്ടാവുകയുമായിരുന്നു.

അപസ്മാരത്തിന്റെ ലക്ഷണം കണ്ടതോടെ വെന്റിലേറ്റര്‍ സഹായമുള്ള ഐസിയുവിലേക്ക് മാറ്റി. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ കുറിപ്പിലെ എഴുത്ത് മനസ്സിലായില്ലെന്ന കാരണം നിരത്തി മരുന്നുകുറിച്ച ഡോക്ടറില്‍ കുറ്റംചുമത്തി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ന്യായവില മെഡിക്കല്‍ ഷോപ്പ് അധികൃതരെന്ന് ആരോപണമുണ്ട്. അതേസമയം, മരുന്ന് എഴുതി നല്‍കിയത് തുണ്ട് കടലാസിലാണെന്നും മികച്ച ചികിത്സ കിട്ടാന്‍ ഡോക്ടര്‍ 3,200 രൂപ കൈക്കൂലി വാങ്ങിയെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടര്‍ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it