Latest News

അനുപമയ്ക്കും കുഞ്ഞിനുമുണ്ടായ ദുരിതങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം: മേധാ പട്കര്‍

വനിതാ സംഘടനകള്‍ നിലപാട് വ്യക്തമാക്കണം. അനധികൃതമായി മകനെ നാടുകടത്തിയവര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.

അനുപമയ്ക്കും കുഞ്ഞിനുമുണ്ടായ ദുരിതങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം: മേധാ പട്കര്‍
X

തിരുവനന്തപുരം: പേരൂര്‍ക്കട ദത്ത് വിവാദത്തില്‍ അനുപമയ്ക്ക് പിന്തുണയുമായി സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍. അനുപമയ്ക്കും കുഞ്ഞിനുമുണ്ടായ ദുരിതങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് മേധാ പട്ക്കര്‍ ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. അതിന് വേണ്ടി അനുപമ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പിന്തുണയും അവര്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് അനുപമയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മേധാ പട്കറിന്റെ പ്രതികരണം.

തിരുവനന്തപുരത്തെ വൈഎംസിഎ ഹാളിലാണ് അനുപമയെയും കുഞ്ഞിനെയും കാണാന്‍ മേധാപട്കര്‍ എത്തിയത്. അനുപമ അനുഭവിക്കേണ്ടി വന്നത് വലിയ ദുരിതങ്ങളാണ്. ഒരു കുടുംബവും ഇങ്ങനെ ഒരു പ്രവൃത്തി ചെയ്യുമെന്ന് കരുതില്ല. സര്‍ക്കാര്‍ ഏജന്‍സികള്‍ കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കി അമ്മയ്ക്കും കുഞ്ഞിനുമൊപ്പം നില്‍ക്കണമായിരുന്നു. അവര്‍ ജനാധിപത്യപരമായാണ് പെരുമാറേണ്ടിയിരുന്നത്. എന്നാല്‍ ഇവിടെ അത് സംഭവിച്ചില്ല. എങ്കിലും ഒടുവില്‍ അനുപമ തന്നെ യുദ്ധം ജയിച്ചതില്‍ ആശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.

കുഞ്ഞിനെ അനുപമ അന്വേഷിക്കുന്നതറിഞ്ഞിട്ടും ദത്ത് നടപടികളുമായി മുന്നോട്ട് പോയ വിവരം സാമൂഹ്യ പ്രവര്‍ത്തക ഡോ. ജെ ദേവിക മേധയെ അറിയിച്ചു. പോലിസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും സിപിഎം നേതാക്കളും ചേര്‍ന്നാണ് തന്റെ കുഞ്ഞിനെ നാടുകടത്തിയതെന്ന് അനുപമയും വിശദീകരിച്ചു.

അനധികൃതമായി മകനെ നാടുകടത്തിയവര്‍ക്കെതിരെ ഇപ്പോഴും നടപടിയെടുത്തിട്ടില്ല. കുറ്റക്കാരെല്ലാം ഇപ്പോഴും സുരക്ഷിതരാണെന്നും അനുപമ മേധാപട്കറോട് പറഞ്ഞു. സംഭവത്തില്‍ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്ന് മേധ പ്രതികരിച്ചു. വനിതാ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അര മണിയ്ക്കൂറോളം അനുപമയ്ക്കും കുഞ്ഞിനുമൊപ്പം ചെലവഴിച്ച് അവരുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണയും പ്രഖ്യാപിച്ചാണ് മേധ പട്കര്‍ മടങ്ങിയത്. ഡോ. ജെ ദേവിക, ഡോ. ആസാദ്, സിആര്‍ നീലകണ്ഠന്‍, സമരസമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരും അവിടെ എത്തിച്ചേര്‍ന്നിരുന്നു. കുട്ടിയെ നിയമവിരുദ്ധമായി ദത്ത് നല്‍കാന്‍ കൂട്ടുനിന്ന ശിശുക്ഷേമ സമിതി, സിഡബ്ല്യുസി അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ ദിനമായ ഇന്നലെ മുതല്‍ അനുപമ ആരംഭിച്ച സമരത്തിന്റെ ഭാഗമായാണ് പിന്തുണയുമായി മേധാ പട്ക്കര്‍ എത്തിയത്.

Next Story

RELATED STORIES

Share it