Latest News

മട്ടന്നൂര്‍ നഗരസഭ പൊതുതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആഗസ്ത് 20നും വോട്ടെണ്ണല്‍ 22നും

മട്ടന്നൂര്‍ നഗരസഭ പൊതുതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആഗസ്ത് 20നും വോട്ടെണ്ണല്‍ 22നും
X

കണ്ണൂര്‍: ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് തിയ്യതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് 2022 ആഗസ്ത് 20 നും വോട്ടെണ്ണല്‍ 22 നും നടക്കും. വിജ്ഞാപനം ജൂലൈ 26ന് പുറപ്പെടുവിക്കും. അന്നുമുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ആഗസ്ത് രണ്ടുവരെ നാമനിര്‍ദേശ പത്രിക സ്വീകരിക്കും. സൂക്ഷ്മപരിശോധന മൂന്നിനു നടക്കും. പത്രിക ആഗസ്ത് അഞ്ചുവരെ പിന്‍വലിക്കാം. മട്ടന്നൂര്‍ നഗരസഭാ പ്രദേശത്ത് ഇന്ന് മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം ബാധകമാക്കിയിട്ടുണ്ട്. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കാര്യപരിപാടി അറിയിച്ചത്. 2020 ഡിസംബറില്‍ സംസ്ഥാനത്തെ 1200 തദ്ദേശസ്ഥാപനങ്ങളില്‍ മട്ടന്നൂര്‍ നഗരസഭ ഒഴികെ പൊതുതിരഞ്ഞെടുപ്പ് നടന്നിരുന്നു. മട്ടന്നൂര്‍ നഗരസഭയുടെ കാലാവധി 2022 സപ്തംബര്‍ 10 നാണ് കഴിയുന്നത്. പുതിയ കൗണ്‍സിലര്‍മാര്‍ സെപ്റ്റംബര്‍ 11 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

നഗരസഭയില്‍ ആകെ 35 വാര്‍ഡുകളും 38812 വോട്ടര്‍മാരുമുണ്ട്. 18 വാര്‍ഡുകള്‍ സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടികജാതിക്കും സംവരണം ചെയ്തിട്ടുണ്ട്. വോട്ടര്‍മാരില്‍ 18200 പുരുഷന്‍മാരും 20610 സ്ത്രീകളും 2 ട്രാന്‍സ്‌ജെന്‍ഡറുമുണ്ട്. പോളിംഗിനായി ഓരോ വാര്‍ഡിലും ഒരു പോളിങ് ബൂത്ത് വീതമുണ്ട്. 1 മുതല്‍ 18 വരെ വാര്‍ഡുകളുടെ വരണാധികാരി കണ്ണൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറും ഉപവരണാധികാരി മുനിസിപ്പല്‍ എന്‍ജിനീയറുമാണ്. 19 മുതല്‍ 35 വരെ വാര്‍ഡുകള്‍ക്ക് വരണാധികാരി ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്ററും ഉപവരണാധികാരി മുനിസിപ്പല്‍ സൂപ്രണ്ടും.

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, വരണാധികാരികള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും യോഗം കണ്ണൂര്‍ കലക്ടറേറ്റില്‍ തിങ്കളാഴ്ച കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത് ഒരുക്കങ്ങള്‍ വിലയിരുത്തി. സ്ഥാനാര്‍ഥികളുടെ സെക്യൂരിറ്റി നിക്ഷേപം 2000 രൂപയാണ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് 1000 രൂപാ മതിയാവും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുക. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ആര്‍ കീര്‍ത്തി ഐഎഫ്എസ്‌നെ ഒബ്‌സര്‍വറായി ചുമതലപ്പെടുത്തി. സ്ഥാനാര്‍ഥികളുടെ ചെലവ് കണക്ക് നിരീക്ഷിക്കുന്നതിന് രണ്ട് സീനിയര്‍ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു സ്ഥാനാഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 75000 രൂപയാണ്.

അനധികൃത പരസ്യപ്രചാരണങ്ങള്‍ മോണിറ്റര്‍ ചെയ്ത് ആവശ്യമായ നടപടികള്‍ എടുക്കുന്നതിന് തഹസില്‍ദാരുടെ നേതൃത്വത്തില്‍ ആന്റീ ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കും. ക്രമസമാധാനത്തിന് ആവശ്യമായ പോലിസ് വ്യന്യാസമുണ്ടാവും. എല്ലാ ബൂത്തിലും വെബ് കാസ്റ്റിംഗും വീഡിയോഗ്രാഫിയും നടത്തും. പ്രശ്‌ന ബാധിത ബൂത്തുകളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും.

തിരഞ്ഞെടുപ്പ് പരാതികള്‍ പരിശോധിക്കുന്നതിന് കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ മോണിറ്ററിങ് സെല്‍ രൂപീകരിച്ചു. എഡിഎം, ജില്ലാ പോലിസ് മേധാവി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാണ്. പുതിയ കൗണ്‍സിലിന്റെ ചെയര്‍പേഴ്‌സന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് തിയ്യതി കമ്മീഷന്‍ പിന്നീട് അറിയിക്കും. ആറ് സ്റ്റാന്റിങ് കമ്മിറ്റികളിലെ അംഗങ്ങളെയും ചെയര്‍മാന്‍മാരെയും അതിനുശേഷം തിരഞ്ഞെടുക്കും.

Next Story

RELATED STORIES

Share it