Latest News

ചൈനീസ് ഡാമിനെതിരേ പാക് അധിനിവേശ കശ്മീരില്‍ വമ്പിച്ച സമരം

ചൈനീസ് ഡാമിനെതിരേ പാക് അധിനിവേശ കശ്മീരില്‍ വമ്പിച്ച സമരം
X

മുസഫറാബാദ്: പാക് അധിനിവേശ കശ്മീരിലെ മുസഫറാബാദില്‍ ചൈന നിര്‍മിക്കാനൊരുങ്ങുന്ന ഡാമിനെതിരേ വമ്പന്‍ പ്രക്ഷോഭം. നീലം ഝലം നദിയിലാണ് ചൈനീസ് കമ്പനികള്‍ ഡാം നിര്‍മിക്കുന്നത്.

നദിയെ രക്ഷിക്കൂ, മുസഫറാബാദിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി തെരുവിലിറങ്ങിയ പ്രക്ഷോഭകര്‍ നീലത്തെയും ഝലത്തെയും ഒഴുകാനനുവദിക്കൂ, ജീവിക്കാനനുവദിക്കൂ എന്ന മുദ്രാവാക്യവുമുയര്‍ത്തി. പ്രക്ഷോഭത്തിലും പന്തംകൊളുത്തി പ്രകടനത്തിലും നൂറു കണക്കിന് പ്രദേശവാസികള്‍ പങ്കെടുത്തു.

ഈയടുത്ത് ചൈനയും പാകിസ്താനും പാക് അധിനിവേശ പാകിസ്താനില്‍ ആസാദ് പട്ടണ്‍ ഹൈഡ്രോപവര്‍ പ്രൊജക്റ്റ്, കൊഹാല ഹൈഡ്രോ പവര്‍ പ്രൊജക്റ്റ് തുടങ്ങിയ രണ്ട് ഡാമുകള്‍ നിര്‍മിക്കാനുള്ള കരാറില്‍ ഒപ്പുവച്ചിരുന്നു.

ജൂലൈ 6ന് പാകിസ്താനും ചൈനയും ഒപ്പുവച്ച ചൈന-പാകിസ്താന്‍ ഇക്കണോമിക് കോറിഡോറില്‍ ഉള്‍പ്പെട്ട പദ്ധതിയാണ് 700.7 മെഗാവാട്ട് ശേഷിയുള്ള ആസാദ് പട്ടണ്‍ ഹൈഡ്രോ പവര്‍ പ്രൊജക്റ്റ്. ചൈനയിലെ ഗെഷൗബ ഗ്രൂപ്പാണ് 154 കോടി ഡോളറിന്റെ ഈ പദ്ധതി നടപ്പാക്കുന്നത്.

കൊഹാല ഹൈഡ്രോപവര്‍ പ്രൊജക്റ്റ് ഝലം നദിയിലാണ് നിര്‍മിക്കുന്നത്. പാകിസ്താന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ സുധാനോത്തി ജില്ലയില്‍ ആസാദ് പട്ടണ്‍ പാലത്തില്‍ നിന്ന് 7 കിലോമീറ്റര്‍ മുകളിലാണ് ഇതിന്റെ സ്ഥാനം. പദ്ധതി 2026ന് പൂര്‍ത്തീകരിക്കാനാണ് കരാര്‍. ചൈന ത്രീ ഗോര്‍ജസ് കോര്‍പറേഷന്‍, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍, സില്‍ക്ക് റോഡ് ഫണ്ട് തുടങ്ങിയവയുടെ സഹായവുമുണ്ട്.

ചൈനീസ് കമ്പനികളുടെ അമിതമായ സാന്നിധ്യത്തിലും ഡാമുകളെ പോലുള്ള വലിയ നിര്‍മാണപ്രവര്‍ത്തനങ്ങളിലും പ്രദേശവാസികള്‍ അസ്വസ്ഥരാണ്. ഡാമുകള്‍ നദി വഴിമാറിയൊഴുകി തങ്ങളുടെ ജീവിതം പ്രശനത്തിലാവുമോ എന്ന് ഇവര്‍ ഭയപ്പെടുന്നു.

ചൈന, പാകിസ്താന്‍ ഇക്കണോമിക് കോറിഡോര്‍ കരാര്‍ വഴി പ്രകൃതിസമ്പത്ത് വലിയ തോതില്‍ ചൂഷണം ചെയ്യുകയാണെന്ന ആക്ഷേപം വ്യാപകമായുണ്ട്.

Next Story

RELATED STORIES

Share it