Latest News

കൊവിഡ് വാക്‌സിനെതിരേ വ്യാജപ്രചാരണം; നടന്‍ മന്‍സൂര്‍ അലി ഖാന്‍ രണ്ടു ലക്ഷം രൂപ പിഴയൊടുക്കണം

രണ്ട് ലക്ഷം രൂപ തമിഴ്‌നാട് ആരോഗ്യവകുപ്പിന് പിഴ അടയ്ക്കാനാണ് ഉത്തരവ്. കേസില്‍ നടന് ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു.

കൊവിഡ് വാക്‌സിനെതിരേ വ്യാജപ്രചാരണം; നടന്‍ മന്‍സൂര്‍ അലി ഖാന്‍ രണ്ടു ലക്ഷം രൂപ പിഴയൊടുക്കണം
X

ചെന്നൈ: കൊവിഡ് വാക്‌സിനെതിരേ വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാന് പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. രണ്ട് ലക്ഷം രൂപ തമിഴ്‌നാട് ആരോഗ്യവകുപ്പിന് പിഴ അടയ്ക്കാനാണ് ഉത്തരവ്. കേസില്‍ നടന് ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു.

കൊവിഡ് വാകസിനെടുത്തതിനെ തുടര്‍ന്നാണ് നടന്‍ വിവേകിന് ഗൃദയാഘാതമുണ്ടായതെന്നായിരുന്നു മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്. കോവിഡ് എന്നൊന്ന് ഇല്ലെന്നും ടെസ്റ്റുകള്‍ നിര്‍ത്തിയാല്‍ ആ നിമിഷം കൊവിഡ് ഇന്ത്യയില്‍ കാണില്ലെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞിരുന്നു. 'ഇവിടെ ചോദിക്കാനും പറയാനും ഉത്തരവാദിത്തപ്പെട്ടവരില്ലേ എന്തിനാണ് നിര്‍ബന്ധിച്ച് കൊവിഡ് വാക്‌സിന്‍ എടുപ്പിക്കുന്നത് കുത്തി വയ്ക്കുന്ന മരുന്നില്‍ എന്തൊക്കെയുണ്ടെന്ന് ആര്‍ക്കെങ്കിലും അറിയാമോ വിവേകിന് ഒരു കുഴപ്പവുമില്ലായിരുന്നു. കോവിഡ് വാക്‌സിന്‍ എടുത്ത ശേഷമാണ് ഇങ്ങനെ സംഭവിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ പറയുന്നുണ്ട് ഇവിടെ കൊവിഡ് ഇല്ലെന്ന്. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ. പരിശോധന അവസാനിപ്പിക്കുന്ന ആ നിമിഷം കൊവിഡ് ഇന്ത്യയില്‍ കാണില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

തുടര്‍ന്ന് നടനെതിരേ ചെന്നൈ കോര്‍പറേഷനിലെ ആരോഗ്യ വിഭാഗം ജീവനക്കാരന്‍ പോലിസില്‍ പരാതി നല്‍കുകയും വടപളനി പോലിസ് നടനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. പൊതു സമൂഹത്തില്‍ ഭീതിയും പകര്‍ച്ച വ്യാധിയും പടര്‍ത്താന്‍ ശ്രമിച്ചതിനടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മന്‍സൂര്‍ അലി ഖാന്‍ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളിയിരുന്നു. തുടര്‍ന്നാണ് മദ്രാസ് ഹൈകോടതിയെ സമിപിച്ചത്. നടന്‍ വിവേകിന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് കോവിഡ് വാക്‌സിനേഷനെതിരെ അഭിപ്രായ പ്രകടനം നടത്തിയത് വികാരത്തള്ളിച്ച കൊണ്ടായിരുന്നുവെന്ന് അദ്ദേഹം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. പൊതു സമൂഹത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാനോ ആരെയെങ്കിലും വേദനിപ്പിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

Next Story

RELATED STORIES

Share it