Latest News

പരാതിപ്പെടാനെത്തിയ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് മമ്പാട് പഞ്ചായത്ത് പ്രസിഡന്റിന്റെ മര്‍ദ്ദനം

പരാതിപ്പെടാനെത്തിയ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് മമ്പാട് പഞ്ചായത്ത് പ്രസിഡന്റിന്റെ മര്‍ദ്ദനം
X

നിലമ്പൂര്‍: മമ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് മര്‍ദ്ദനം. മമ്പാട് അല്ലിപ്ര സവാദിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകീട്ട് നാലരയോടെയാണ് മമ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി ശ്രീനിവാസന്‍, സ്ഥിരം സമിതി ചെയര്‍മാന്‍ എം ടി അഹമ്മദ്, പഞ്ചായത്ത് യൂത്ത് കോ-ഓഡിനേറ്റര്‍ കാഞ്ഞിരാല മുജീബ് എന്നിവര്‍ ചേര്‍ന്ന് സവാദിനെ മര്‍ദ്ദിച്ചത്. ദൃശ്യം പകര്‍ത്തുന്നതിന് മുമ്പ് പഞ്ചായത്തിനകത്തുവച്ചും മര്‍ദ്ദിച്ചതായി പരാതിയുണ്ട്. പഞ്ചായത്ത് ഓഫിസിന്റെ മുറ്റത്തുവച്ച് ശ്രീനിവാസന്‍ സവാദിന്റെ മുഖത്തടിക്കുന്ന ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായത്.

സവാദിനെ അടിക്കുന്ന വീഡിയോ ദൃശ്യം പുറത്തായതോടെ തങ്ങളെ മര്‍ദ്ദിച്ചതായും ജാതീയമായി അധിക്ഷേപിച്ചതായും പറഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും കൂടെയുള്ളവരും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. തങ്ങളെ ഓഫിസിനകത്ത് മര്‍ദ്ദിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയതതിന്റെ ഒരു സ്വാഭാവിക പ്രതികരണം മാത്രം ചിത്രീകരിച്ച് വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയാണ് ചെയ്തതെന്നാണ് പ്രസിഡന്റ് ശ്രീനിവാസന്‍ പറയുന്നത്. അതേസമയം, പാര്‍ട്ടിയില്‍ നിന്നും വിട്ടുപോയതിന്റെ പ്രതികാരമാണ് പ്രസിഡന്റും സംഘവും നടത്തിയതെന്ന് പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗമായ സലിം പനനിലത്ത് പറഞ്ഞു. മര്‍ദ്ദനമേറ്റ സവാദ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി.

ഇന്നലെ വൈകീട്ട് നാലരയോടെയാണ് മമ്പാട് ഗ്രാമപ്പഞ്ചായത്ത് ഓഫിസിന് മുന്നില്‍ അനിഷ്ടസംഭവമുണ്ടായത്. നിലവില്‍ ആം ആദ്മി പാര്‍ട്ടിയുടെ വണ്ടൂര്‍ മണ്ഡലം കോ- ഓഡിനേറ്ററാണ് സവാദ്. എല്‍ഡിഎഫ് ഭരിക്കുന്ന മമ്പാട് ഗ്രാമ പ്പഞ്ചായത്തിലെ പല സിപിഎം അംഗങ്ങളുടെ വാര്‍ഡുകളിലും ക്വാറം തികയാതെ സഭ ചേര്‍ന്നതായും കള്ളമിനുട്‌സ് ഉണ്ടാക്കുന്നുവെന്നും വ്യാപക പരാതിയുണ്ടായിരുന്നു. പ്രസിഡന്റ് ശ്രിനിവാസിന്റെ വാര്‍ഡായ ടാണയില്‍ കഴിഞ്ഞ 28ന് ചേര്‍ന്ന വാര്‍ഡ് സഭയില്‍ 20ന് താഴെ മാത്രമേ ആളുകള്‍ പങ്കെടുത്തിരുന്നുള്ളൂ.

വാര്‍ഡ് സഭ ചേരുന്ന കാര്യം ജനങ്ങളെ അറിയിച്ചിരുന്നില്ല. സിപിഎമ്മിന്റെ ഏതാനും ആളുകളോട് മാത്രമാണ് വാര്‍ഡ് സഭ ചേരുന്ന കാര്യം പറഞ്ഞത്. ഇതിനെതിരേ നാട്ടുകാരില്‍ പ്രതിഷേധമുയര്‍ന്നു. ക്വാറമില്ലെങ്കില്‍ മറ്റൊരു ദിവസം യോഗം വിളിക്കാന്‍ തയ്യാറാവാതെ വരാത്തവരുടെ പേരില്‍ ഒപ്പിട്ട് കള്ളമിനുടസ് തയ്യാറാക്കാനുള്ള നീക്കം സവാദ് ചോദ്യം ചെയ്തു. യോഗം മൊബൈലില്‍ ഷൂട്ട് ചെയ്തു. വീഡിയോ എടുക്കുന്നതിനെ പ്രസിഡന്റ് ശ്രിനിവാസന്‍ എതിര്‍ത്തു.

വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലിസെത്തി. വീഡിയോ ചിത്രീകരിക്കാന്‍ അനുമതി നല്‍കി. ഇതെത്തുടര്‍ന്ന് യോഗം പരിച്ചുവിട്ടു. ഈ യോഗത്തിന്റെ മിനുട്‌സിന്റെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെടുകയും ക്വാറം തികയാതെ കൂടിയ യോഗത്തിന്റെ തീരുമാനത്തിനെതിരേ സവാദ് പഞ്ചായത്തില്‍ പരാതി നല്‍കുകയും ചെയ്തു. ഈ പരാതിയുടെ തുടര്‍നടപടി അന്വേഷിക്കാന്‍ പഞ്ചായത്തിലെത്തിയപ്പോഴാണ് സവാദിന് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മര്‍ദ്ദനമേറ്റത്. അതേസമയം, പാര്‍ട്ടിക്കെതിരേ നിരന്തരം പ്രവര്‍ത്തിച്ചതിലുള്ള വിരോധമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് ആരോപണം.

Next Story

RELATED STORIES

Share it