Latest News

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമതാ ബാനര്‍ജി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമതാ ബാനര്‍ജി
X

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ചരക്ക് സേവന നികുതി കുടിശ്ശിക, കേന്ദ്ര പദ്ധതികള്‍ക്ക് കീഴിലുള്ള തീര്‍പ്പാക്കാത്ത കുടിശ്ശിക ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രിയുമായി വസതിയിലെത്തി മമത ചര്‍ച്ച നടത്തി. ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക്, പ്രത്യേകിച്ച് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി കുടിശ്ശിക വൈകിപ്പിക്കുന്നുവെന്ന് ബംഗാള്‍ സര്‍ക്കാര്‍ നിരന്തരം ആരോപിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്കുള്ള 27,000 കോടി രൂപയുടെ സംയോജിത കുടിശ്ശിക കേന്ദ്രം അനുവദിച്ചിട്ടില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് അമിത് മിത്രയും ജൂണില്‍ ആരോപിച്ചിരുന്നു.

തൃണമൂല്‍ മന്ത്രിയായിരുന്ന പാര്‍ഥ ചാറ്റര്‍ജിയുടെ അറസ്റ്റിനു പിന്നാലെ നടക്കുന്ന കൂടിക്കാഴ്ച ഏറെ ഊഹാപോഹങ്ങള്‍ക്ക് വഴിതുറന്നിട്ടുണ്ട്. നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാനാണ് നാല് ദിവസത്തെ സന്ദര്‍ശനത്തിനായി മമത ഡല്‍ഹിയിലെത്തിയത്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായും മമത കൂടിക്കാഴ്ച നടത്തുന്നുണ്ട്. പ്രതിപക്ഷ നേതാക്കളെയും മമത കാണും. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മാര്‍ഗരറ്റ് അല്‍വയ്ക്ക് വോട്ടുചെയ്യാതെ വിട്ടുനില്‍ക്കുമെന്നാണ് തൃണമൂല്‍ നിലപാട്.

മമതയുമായുള്ള ചര്‍ച്ചയില്‍ തൃണമൂലിന്റെ മനസുമാറ്റാനുള്ള ശ്രമം പ്രതിപക്ഷ കക്ഷികള്‍ നടത്തും. ആഗസ്ത് ഏഴിന് പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന നീതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. കൃഷി, ആരോഗ്യം, സമ്പദ്‌വ്യവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേണിങ് കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. കഴിഞ്ഞ വര്‍ഷം കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ബാനര്‍ജി ഒഴിവാക്കിയിരുന്നു. ഈ വര്‍ഷത്തെ യോഗത്തില്‍ ജിഎസ്ടി കുടിശ്ശിക അടയ്ക്കാത്തതും ഫെഡറലിസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അവര്‍ ഉന്നയിച്ചേക്കും.

Next Story

RELATED STORIES

Share it