Latest News

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് സ്ഥാനമേല്‍ക്കും

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് സ്ഥാനമേല്‍ക്കും
X

ന്യൂഡല്‍ഹി: മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി ഇന്ന് സ്ഥാനമേല്‍ക്കും. രാവിലെ 10.30ന് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് ഖാര്‍ഗെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുക. ഇന്ന് ചേരുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് സ്‌ക്രീനിങ് കമ്മിറ്റി യോഗമാണ് ഖാര്‍ഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക പരിപാടി. 24 വര്‍ഷത്തിന് ശേഷം നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദലിത് വിഭാഗത്തില്‍ നിന്ന് അര നൂറ്റാണ്ടിന് ശേഷം അധ്യക്ഷനാവുന്ന നേതാവ് എന്ന പ്രത്യേകതയും ഖാര്‍ഗെയ്ക്കുണ്ട്.

രാവിലെ 10.30ന് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ഖാര്‍ഗെയുടെ സ്ഥാനാരോഹണ ചടങ്ങില്‍ സോണിയാ ഗാന്ധിക്ക് പുറമെ, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പിസിസി അധ്യക്ഷന്‍മാര്‍, മുതിര്‍ന്ന നേതാക്കന്‍മാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കും. സ്ഥാനമൊഴിയുന്ന അധ്യക്ഷ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റ് ഖാര്‍ഗെയ്ക്ക് കൈമാറും.

ഗാന്ധികുടുംബം തിരഞ്ഞെടുപ്പില്‍നിന്നും വിട്ടുനിന്നതോടെ രണ്ട് സ്ഥാനാര്‍ഥികളാണ് പ്രധാനമായും മല്‍സരരംഗത്ത് ഉണ്ടായിരുന്നത്. ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് നേരിട്ടുള്ള മല്‍സരത്തില്‍ ഖാര്‍ഗെ തിരുവനന്തപുരം എംപി ശശി തരൂരിനെയാണ് പരാജയപ്പെടുത്തിയത്. അധ്യക്ഷ സ്ഥാനം എറ്റെടുത്ത ശേഷം പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്ന ചര്‍ച്ചകളിലേക്ക് ഖാര്‍ഗെ കടക്കുമെന്നാണ് റിപോര്‍ട്ട്. ആദ്യം പതിനൊന്ന് അംഗ ദേശീയ സമിതിയാവും പ്രഖ്യാപിക്കുകയെന്നാണ് സൂചന.

കേരളത്തില്‍നിന്ന് രമേശ് ചെന്നിത്തലയുടെ പേരും ദേശീയ സമിതിയിലേക്ക് പരിഗണിക്കുന്നുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ ഉച്ചയ്ക്ക് ശേഷം ഖാര്‍ഗെ പങ്കെടുക്കും. ഹിമാചല്‍ പ്രദേശ് ഗുജറാത്ത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് ഖാര്‍ഗെയ്ക്ക് മുന്നിലുള്ള ആദ്യ വെല്ലുവിളി. പ്രവര്‍ത്തക സമിതി പുനസ്സംഘടന, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തേയും ശക്തിപ്പെടുത്തുക തുടങ്ങിയ ചുമതലകളും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് മുന്നിലുണ്ട്.

Next Story

RELATED STORIES

Share it