Latest News

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഖാര്‍ഗെ, ദിഗ്‌വിജയ സിങ്, ശശി തരൂര്‍ എന്നിവരാണ് ഇപ്പോള്‍ മല്‍സരരംഗത്തുള്ളത്. ദിഗ് വിജയ സിങ് പിന്‍മാറാന്‍ സാധ്യതയുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ അവസാനിക്കും. ഒക്ടോബര്‍ 19ന് ഫലം പ്രഖ്യാപിക്കും.

ഇക്കുറി ഗാന്ധി കുടുംബത്തിലെ ആരും മല്‍സരരംഗത്തില്ല. 25 വര്‍ഷത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിനുപുറത്തുനിന്ന് ഒരാള്‍ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടായിരുന്നു ആദ്യം മുതല്‍ മല്‍സരരംഗത്തുണ്ടായിരുന്നത്. വ്യാഴാഴ്ച സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പിന്മാറുകയായിരുന്നു.

പാര്‍ട്ടിയുടെ അധ്യക്ഷന്‍ ആരായാലും നെഹ്‌റു-ഗാന്ധി കുടുംബം തങ്ങളുടെ നേതാവായി തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തന്റെ തീരുമാനം പ്രഖ്യാപിച്ചതിനുശേഷം ദിഗ്‌വിജയ സിങ് പറഞ്ഞു.

ജി 23 നേതാക്കളിലൊരാളായ മനീഷ് തിവാരിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനിടയുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ജി23 നേതാക്കള്‍ വ്യാഴാഴ്ച വൈകുന്നേരം ആനന്ദ് ശര്‍മ്മയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരി, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇതുവരെ പുറത്തുവന്ന പേരുകളില്‍ ജി23 ആരെ പിന്തുണയ്ക്കുമെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.

Next Story

RELATED STORIES

Share it