Latest News

ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം നല്‍കുന്നതിനോട് അംഗ രാജ്യങ്ങള്‍ക്ക് എതിര്‍പ്പെന്ന് ചൈന

തങ്ങള്‍ ഇന്ത്യയുടെ അംഗത്വത്തെ അനുകൂലിക്കുന്നവരാണെന്ന് ഇന്ത്യ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്ന റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലെവ്‌റോവ് പറഞ്ഞു.

ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം നല്‍കുന്നതിനോട് അംഗ രാജ്യങ്ങള്‍ക്ക് എതിര്‍പ്പെന്ന് ചൈന
X

ന്യൂഡല്‍ഹി: ഇന്ത്യയുടെയും ബ്രസീലിന്റെയും ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി സ്ഥിരാംഗത്വത്തിന് നിലവിലുള്ള സുരക്ഷാസമിതി അംഗങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന് ചൈന അവകാശപ്പെട്ടു. എന്നാല്‍ തങ്ങള്‍ ഇന്ത്യയുടെ അംഗത്വത്തെ അനുകൂലിക്കുന്നവരാണെന്ന് ഇന്ത്യ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്ന റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലെവ്‌റോവ് പറഞ്ഞു.

റഷ്യ ഇന്ത്യയുടെയും ബ്രസീലിന്റെയും സുരക്ഷാസമിതി അംഗത്വത്തെ പിന്താങ്ങുന്നു. ആഗോളതലത്തില്‍ പുതിയ സാമ്പത്തിക, വ്യാവസായിക, രാഷ്ട്രീയ കേന്ദ്രങ്ങളുണ്ടാകുന്നുവെന്നും ഇന്ത്യ അത്തരമൊരു കേന്ദ്രമാണെന്നുമാണ് റഷ്യ കരുതുന്നത്- ലെവ്‌റോവ് ഇന്ന് ന്യൂഡല്‍ഹിയില്‍ അഭിപ്രായപ്പെട്ടു.

സുരക്ഷാസമിതിയില്‍ ഇന്ത്യക്ക് അംഗത്വം നല്‍കുന്നതില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് ലെവ്‌റോവിന്റെ ന്യൂഡല്‍ഹി പ്രസ്താവനയോട് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ജെങ് ഷുവാങ് പ്രതികരിച്ചു.

ചൈന സുരക്ഷാ സമിതിയിലെ അഞ്ച് അംഗരാജ്യങ്ങളില്‍ ഒന്നാണ്. സുരക്ഷാസമിതിയുടെ നിയമമനുസരിച്ച് ഓരോ അംഗത്തിനും വീറ്റോ പവറുണ്ട്. മറ്റ് നാല് അംഗരാജ്യങ്ങളായ ഫ്രാന്‍സ്, യുഎസ്, യുകെ, ഫ്രാന്‍സ് എന്നിവയ്ക്ക് ഇന്ത്യയുടെ സുരക്ഷാസമിതി സ്ഥിരാംഗത്വത്തില്‍ വിയോജിപ്പില്ല. എന്നാല്‍ ചൈനയുടെ എതിര്‍പ്പാണ് അംഗത്വം ലഭ്യമാകാത്തതിന് പ്രധാന കാരണം. വീറ്റോ പവറുള്ളതുകൊണ്ട് ഒരു അംഗം എതിര്‍ത്താലും തീരുമാനം നടപ്പാക്കാനാവില്ല.

ബീജിങിന്റെ സുപ്രധാന സഖ്യകക്ഷിയായ പാകിസ്താനും ഇന്ത്യയ്ക്ക് സുരക്ഷാസമിതിയില്‍ അംഗത്വം ലഭിക്കുന്നതിനോട് യോജിപ്പില്ല. സ്ഥിരാംഗത്വത്തിനുള്ള ലോബിയിങ് ശക്തമാക്കാന്‍ ഇന്ത്യ ജര്‍മനി, ബ്രസീല്‍, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ജി 4 ബ്ലോക്ക് ഉണ്ടാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it