Latest News

സിപിഎം ഹിന്ദുത്വ ആഖ്യാനങ്ങളെ കോപ്പിയടിക്കുന്നു; കേരളത്തില്‍ മുസ്‌ലിം വിരുദ്ധ പൊതുബോധം വളര്‍ത്തുന്നുവെന്നും മാധ്യമം എഡിറ്റോറിയല്‍

ഒരു വശത്ത് മുസ്‌ലിം സാമൂഹിക സംഘടനകളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും തീവ്രവാദ ചാപ്പകുത്തി, ഹിന്ദുത്വ അധീശബോധത്തെ തൃപ്തിപ്പെടുത്തുക, മറുവശത്ത് മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ഭിന്നിപ്പും വിഭജനവും സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുക എന്ന ദ്വിമുഖ തന്ത്രമാണ് സിപിഎം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്

സിപിഎം ഹിന്ദുത്വ ആഖ്യാനങ്ങളെ കോപ്പിയടിക്കുന്നു;   കേരളത്തില്‍ മുസ്‌ലിം വിരുദ്ധ പൊതുബോധം വളര്‍ത്തുന്നുവെന്നും മാധ്യമം എഡിറ്റോറിയല്‍
X

തിരുവനന്തപുരം: സിപിഎം രാഷ്ട്രീയമായി സംഘ്പരിവാറിനെ എതിര്‍ക്കുമ്പോഴും സാംസ്‌കാരികമായി ഹിന്ദുത്വ ആഖ്യാനങ്ങളെ പിന്തുടരുകയും കോപ്പിയടിക്കുകയുമാണെന്ന് മാധ്യമം എഡിറ്റോറിയല്‍. സിപിഎമ്മും മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വങ്ങളും-എന്ന തലക്കെട്ടിലുള്ള മാധ്യമം എഡിറ്റോറിയലിലാണ് സിപിഎമ്മിന്റേത് മുസ്‌ലിം വിരുദ്ധതയും സംഘപരിവാര പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നതുമാണെന്ന് തുറന്നടിച്ചത്.

സംഘ്പരിവാര്‍ ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്ര സ്ഥാനത്ത് വന്ന ശേഷം, ഹിന്ദുത്വ പൊതുബോധത്തെ അങ്ങനെത്തന്നെ ഉപജീവിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുക എന്ന വിചിത്ര രീതിയാണ് കേരളത്തില്‍ സിപിഎം സ്വീകരിച്ചിരിക്കുന്നത്. മുസ്‌ലിം വിരുദ്ധ പൊതുബോധം വളര്‍ത്തുന്നതില്‍ സിപിഎമ്മിന്റെ സാംസ്‌കാരിക സംഭാവനകള്‍ അനവധിയാണെന്നും വ്യാഴാഴ്ചയിലെ എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു.

ന്യൂനപക്ഷ കേന്ദ്രീകൃതമായ രാഷ്ട്രീയ-സാമൂഹിക സംഘാടനത്തെ തലങ്ങും വിലങ്ങും സിപിഎമ്മും മുഖ്യമന്ത്രിയും ആക്ഷേപിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മാധ്യമത്തിന്റെ വിമര്‍ശനം.

ഇതിനൊപ്പം, തലശ്ശേരി കലാപത്തിനിടെ സിപിഎം ശക്തികേന്ദ്രമായ പിണറായിയിലെ മുസ്‌ലിം പള്ളി തകര്‍ത്തതിന് പിന്നില്‍ ആരാണെന്ന ചോദ്യമുയര്‍ത്തുന്ന ലേഖനവും ഇന്നത്തെ മാധ്യമത്തിലുണ്ട്. പിപി അബ്ദുറഹ്മാന്‍ പെരിങ്ങാടിയുടെ തലശ്ശേരി കലാപത്തിന് അമ്പതാണ്ട് തികയുമ്പോള്‍- എന്ന ലേഖനത്തിലാണ് കലാപത്തിലെ സിപിഎം പങ്ക് അടിവരയിടുന്നത്.


എഡിറ്റോറിയലിലെ പ്രസക്തഭാഗം

1957ലെ ഒന്നാം ഇഎംഎസ് സര്‍ക്കാറും 1967ലെ രണ്ടാം ഇഎംഎസ് സര്‍ക്കാറും മുസ്‌ലിം ന്യൂനപക്ഷ അസ്തിത്വത്തെ അംഗീകരിക്കുന്ന നിലപാടുകള്‍ ഏറെ സ്വീകരിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍, പിന്നീട് ആ പാര്‍ട്ടി മറ്റൊരു ലൈനിലൂടെ സഞ്ചരിക്കുന്നതാണ് കണ്ടത്. അറബി അധ്യാപകരെ നിയമിക്കുന്നതിനെതിരെ വംശീയ ഉള്ളടക്കമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയും പിന്നീട് ശരീഅത്തിനെ മുന്‍നിര്‍ത്തി മുസ്‌ലിം വിരുദ്ധ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചും ഭൂരിപക്ഷ അധീശബോധത്തെ തൃപ്തിപ്പെടുത്തുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചുപോന്നത്. തൊണ്ണൂറുകളില്‍ അമേരിക്കന്‍ സാമ്രാജ്യത്വം മുസ്‌ലിം നാടുകളില്‍ നടത്തുന്ന അതിക്രമങ്ങളെയും ബാബരി മസ്ജിദ് പ്രശ്‌നത്തെയുമെല്ലാം മുന്നില്‍ വെച്ച് മുസ്‌ലിം അനുഭാവ സമീപനം സ്വീകരിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമിച്ചുവെങ്കിലും ഉള്ളടക്കത്തില്‍ എപ്പോഴും ഹിന്ദുത്വ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന സമീപനമാണ് അവര്‍ കൈക്കൊണ്ടത്. രാഷ്ട്രീയമായി സംഘ്പരിവാറിനെ എതിര്‍ക്കുമ്പോഴും സാംസ്‌കാരികമായി ഹിന്ദുത്വ ആഖ്യാനങ്ങളെ പിന്തുടരുകയും കോപ്പിയടിക്കുകയുമായിരുന്നു അവര്‍. വിഎസ് അച്യുതാനന്ദന്റെ ലവ് ജിഹാദ് പരാമര്‍ശം മുതല്‍ സ്‌കൂളുകളിലെ പച്ച ബോര്‍ഡിനെതിരായ പിണറായി വിജയന്റെ നിലപാടുകള്‍ വരെ അതിന്റെ സൂചനകളായിരുന്നു. മുസ്‌ലിം വിരുദ്ധ പൊതുബോധം വളര്‍ത്തുന്നതില്‍ സിപിഎമ്മിന്റെ സാംസ്‌കാരിക സംഭാവനകളും അനവധിയാണ്.

സംഘ്പരിവാര്‍ ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്ര സ്ഥാനത്ത് വന്ന ശേഷം, ഹിന്ദുത്വ പൊതുബോധത്തെ അങ്ങനെത്തന്നെ ഉപജീവിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുക എന്ന വിചിത്ര രീതിയാണ് കേരളത്തില്‍ സിപിഎം സ്വീകരിച്ചിരിക്കുന്നത്. കേരളത്തില്‍ ഹസന്‍-കുഞ്ഞാലിക്കുട്ടി- അമീര്‍ സഖ്യം അധികാരത്തില്‍ വരാന്‍ പോകുന്നുവെന്ന പ്രചാരണം നടത്തിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അവര്‍ നേരിട്ടത്. മുസ്‌ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകളെ മുന്‍നിര്‍ത്തി ദിനേനയെന്നോണം മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ ചുവയുള്ള പ്രസ്താവനകള്‍ അതിന്റെ തുടര്‍ച്ചയാണ്. കെ-റെയിലിനെതിരെ ഇടതുപക്ഷത്തുനിന്നുതന്നെ വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍ അത് ജമാഅത്തെ ഇസ്‌ലാമിയുടെ മേല്‍ ആരോപിക്കാനാണ് സിപിഎം മുതിര്‍ന്നത്. വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട സമരത്തെപോലും അവര്‍ വര്‍ഗീയതയായി കാണുന്നു. ഒരു വശത്ത് മുസ്‌ലിം സാമൂഹിക സംഘടനകളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും തീവ്രവാദ ചാപ്പകുത്തി, ഹിന്ദുത്വ അധീശബോധത്തെ തൃപ്തിപ്പെടുത്തുക, മറുവശത്ത് മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ഭിന്നിപ്പും വിഭജനവും സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുക എന്ന ദ്വിമുഖ തന്ത്രമാണ് സിപിഎം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. തങ്ങളുള്ളപ്പോള്‍ ബിജെപി വളരില്ല എന്ന സിപിഎമ്മിന്റെ അവകാശവാദത്തെ അടിവരയിടുന്ന വിധം, ബിജെപിക്ക് കളത്തിലിറങ്ങാന്‍ വിടവുനല്‍കാത്ത വിധത്തിലുള്ള വര്‍ഗീയ പ്രചാരണമാണ് ഈ സമ്മേളന കാലത്ത് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ ലൈന്‍ ഗുണം ചെയ്തു എന്ന വിലയിരുത്തലാണ് അവരെ ഇക്കാര്യത്തില്‍ ആവേശം കൊള്ളിക്കുന്നത്. ഒന്നുരണ്ട് തിരഞ്ഞെടുപ്പുകളില്‍കൂടി അത് ഗുണം ചെയ്‌തേക്കും. പക്ഷേ, പിന്നീട് പാര്‍ട്ടിതന്നെ ഉണ്ടായിരിക്കുമോ എന്ന് അവര്‍ ഇപ്പോള്‍ ആലോചിക്കുന്നത് നല്ലതാണ്.

Next Story

RELATED STORIES

Share it