Latest News

പ്രണയവിവാഹങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മധ്യപ്രദേശിലെ ഗ്രാമപഞ്ചായത്ത്

പ്രണയവിവാഹങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മധ്യപ്രദേശിലെ ഗ്രാമപഞ്ചായത്ത്
X

ഭോപ്പാല്‍: പ്രണയവിവാഹം കഴിക്കുന്ന യുവാക്കളെയും അവരുടെ കുടുംബങ്ങളെയും ഗ്രാമത്തില്‍ നിന്ന് സാമൂഹികമായി ഒറ്റപ്പെടുത്താനും ഊരുവിലക്കാനും തീരുമാനമെടുത്ത് മധ്യപ്രദേശിലെ ഗ്രാമപഞ്ചായത്ത്. ധാര്‍ ജില്ലയില്‍പ്പെട്ട ഗ്രാമത്തിലാണ് ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരേ നിലകൊള്ളുന്ന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

പ്രണയിച്ച് വിവാഹം കഴിക്കുന്നവരെയും ഇവരെ സഹായിക്കുന്നവരെയും സാമൂഹിക ബഹിഷ്‌കരണത്തിന് വിധേയരാക്കാനാണ് ഗ്രാമസഭയുടെ തീരുമാനം. ജാതി-മത ചട്ടങ്ങള്‍ ലംഘിച്ചുള്ള വിവാഹങ്ങള്‍ ഗ്രാമത്തിന്റെ പരമ്പരാഗത സംസ്‌കാരത്തെ തകര്‍ക്കുന്നുവെന്നാരോപിച്ചാണ് ഗ്രാമത്തലവന്മാരുടെ നേതൃത്വത്തില്‍ ഇത്തരം നടപടികള്‍ക്ക് നീക്കം. ഗ്രാമസഭയുടെ ഉത്തരവ് പ്രകാരം, പ്രണയവിവാഹം നടത്തിയ ദമ്പതികളുടെ കുടുംബങ്ങളെ ഗ്രാമത്തിലെ പൊതുചടങ്ങുകളില്‍ നിന്ന് മാറ്റിനിര്‍ത്തും. ഇവര്‍ക്കു കുടിവെള്ളം ഉള്‍പ്പെടെയുള്ള അവശ്യസൗകര്യങ്ങള്‍ നല്‍കുന്നവര്‍ക്കും കര്‍ശന ശിക്ഷയും വന്‍തുക പിഴയും ചുമത്തുമെന്ന ഭീഷണിയുമുണ്ട്.

സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ ഗുരുതര ലംഘനമാണിതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടുകയും ഉത്തരവിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഗുരുതരമായ പിന്നാക്കാവസ്ഥ നേരിടുന്ന ഗ്രാമത്തില്‍ ഇത്തരം പ്രാകൃത തീരുമാനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it