Latest News

മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന കേസില്‍ ഒടുവില്‍ അഞ്ച് കൊല്ലത്തിനുശേഷം വിചാരണ

മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന കേസില്‍ ഒടുവില്‍ അഞ്ച് കൊല്ലത്തിനുശേഷം വിചാരണ
X

ഗ്രേറ്റര്‍ നോയിഡ: ഗോമാംസം കഴിച്ചുവെന്നും സൂക്ഷിച്ചുവെന്നും ആരോപിച്ച് യുപിയിലെ ദാദ്രിയില്‍ ഹിന്ദുത്വര്‍ മര്‍ദ്ദിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കേസില്‍ മരിച്ച് അഞ്ച് വര്‍ഷത്തിനു ശേഷം വിചാരണ തുടങ്ങി. ദാദ്രിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് വിളിച്ചിറക്കി തല്ലിക്കൊന്ന് 2,000 ദിവസത്തിനു ശേഷമാണ് വിചാരണ തുടങ്ങിയത്. ഗ്രേറ്റര്‍ നോയിഡയിലെ കോടതിയില്‍ വ്യാഴാഴ്ചയാണ് വിചാരണ തുടങ്ങിയതെന്ന് അഖ്‌ലാഖിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

കൊലപാതകത്തില്‍ പ്രതിചേര്‍ക്കപ്പെട്ട 14 പേരുടെ കുറ്റപത്രം കഴിഞ്ഞ മാസം തയ്യാറായതായും വിചാരണ വ്യാഴാഴ്ച തുടങ്ങിയതായും അഖ്‌ലാഖിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ യുസുഫ് സെയ്ഫി പറഞ്ഞു. അടുത്ത ഹിയറിങ് ഏപ്രില്‍ 12നാണ്. കേസില്‍ അഖ്‌ലാഖിന്റെ കുടുംബാഗങ്ങള്‍തന്നെയാണ് തെളിവുനല്‍കേണ്ടത്. കാരണം അവരുടെ മുന്നില്‍ നിന്നാണ് അഖ്‌ലാഖിനെ അക്രമികള്‍ വലിച്ചിഴച്ചുകൊണ്ടുപോയത്.

55കാരനായ മുഹമ്മദ് അഖ്‌ലാഖിനെ ദാദ്രിയില്‍ 2015 സപ്തംബര്‍ 28നാണ് ആള്‍ക്കൂട്ടം വീട്ടില്‍ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നത്. ഗോമാംസം കൈവശം വച്ചെന്ന് ആരോപിച്ചായിരുന്നു സൈനികന്റെ പിതാവായ മുഹമ്മദ് അഖ്‌ലാഖിനെതിരേയുള്ള 'ആള്‍ക്കൂട്ടം' ആക്രമണം. കൂടെ മകന്‍ ഡാനിഷിനെയും ആക്രമിച്ചിരുന്നു. അദ്ദേഹത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അഖ്‌ലാഖിന്റെ കൊലപാതകം രാജ്യത്ത് വലിയ പ്രതിഷേധത്തിന് കാരണമായി.

ആള്‍ക്കൂട്ടക്കൊലക്കെതിരേ പോലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രാദേശിക ബിജെപി അംഗം സഞ്ജയ് റാണയുടെ മകന്‍ വിശാല്‍ റാണയാണ് പ്രധാന പ്രതിയും പ്രധാന ഗൂഢാലോചനക്കാരനും.

കേസില്‍ നിന്ന് ഒഴിവാക്കാന്‍ പ്രതിഭാഗം നിരന്തരം ഹരജി നല്‍കിയതിന്റെ ഭാഗാമായാണ് വിചാരണ തുടങ്ങാന്‍ വൈകിയതെന്ന് അഡ്വ. സെയ്ഫി പറഞ്ഞു. അതിനും പുറമെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികളും കേസിന്റെ വിചാരണ വൈകിപ്പിച്ചു.

കേസ് കേള്‍ക്കുന്ന ജഡ്ജി രണ്ട് തവണ മാറി. ജഡ്ജിമാര്‍ സ്ഥലംമാറിപ്പോവുകയായിരുന്നു. മൂന്നാമത്തെ ജഡ്ജാണ് ഇപ്പോള്‍ കേസ് കേള്‍ക്കുന്നത്.

ദാദ്രിയിലെ ഒരു വെറ്റിനറി ലബോറട്ടറിയില്‍ ഇറച്ചി സാംപിള്‍ പരിശോധിച്ചതില്‍ നിന്ന് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് ഗോമാംസമായിരുന്നില്ല, മറിച്ച് ആട്ടിന്‍ മാംസമായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. പക്ഷേ പിന്നീട് ഉത്തര്‍പ്രേശ് സര്‍വകലാശാലയിലെ വെറ്റിനറി വിഭാഗം ഇറച്ചി പശുവിന്റെതാണെന്ന് 'കണ്ടെത്തി'.

അതേസമയം കുറ്റപത്രമനുസരിച്ച് പരിശോധിച്ച ഇറച്ചി കണ്ടെത്തിയത് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്നല്ല, കൊല്ലപ്പെട്ട സ്ഥലത്തു നിന്നാണ്.

അഖ്‌ലാഖിന്റെ മകന്‍ വ്യോമസേനയില്‍ ഉദ്യോഗസ്ഥനാണ്. അഖ്‌ലാഖിന്റെ ഭാര്യ ഇക്രമാന്‍, മകന്‍ ഡാനിഷ്, മകള്‍ സായ്‌സ്ത, അമ്മ അസ്ഗരി ബീഗം തുടങ്ങിയവര്‍ ഇപ്പോള്‍ തെക്കന്‍ ഡല്‍ഹിയിലെ സുബ്രതൊ പാര്‍ക്കില്‍ പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്.

Next Story

RELATED STORIES

Share it