Latest News

ജോസ് കെ മാണിയുടെ 'ലൗജിഹാദ്'; ദുരൂഹത നീക്കാതെ പിണറായിയും സിപിഎമ്മും

ജോസ് കെ മാണിയുടെ ലൗജിഹാദ്; ദുരൂഹത നീക്കാതെ പിണറായിയും സിപിഎമ്മും
X

പി സി അബ്ദുല്ല

കോഴിക്കോട്: തുടര്‍ഭരണത്തിനായി ഏതു ഹീനമാര്‍ഗവും സ്വീകരിക്കാനുള്ള സിപിഎം ഗൂഢനീക്കത്തിന്റെ ഭാഗമാണ് ജോസ് കെ മാണിയുടെ 'ലൗ ജിഹാദ്' പരാമര്‍ശമെന്ന ആരോപണം ബലപ്പെടുന്നു. വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും 'ലൗ ജിഹാദ്' വിഷയത്തില്‍ ജോസ് കെ മാണിയെ തിരുത്താനോ നിലപാട് വ്യക്തമാക്കാനോ പിണറായി വിജയനും പാര്‍ട്ടിയും തയാറാവാത്തത് ഒട്ടേറെ സംശയങ്ങളുയര്‍ത്തുന്നു.

രാഹുല്‍ ഗാന്ധിക്കെതിരായ ജോയ്‌സ് ജോര്‍ജ്ജിന്റെ പരാമര്‍ശത്തിലടക്കം ശക്തമായ തിരുത്തലുമായി രംഗത്തുവന്ന പിണറായിയും സിപിഎമ്മും ജോസ് കെ മാണിയുടെ വിവാദപരാമര്‍ശത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്. ഇതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടും ചാനല്‍ ചര്‍ച്ചകളിലും തന്ത്രപരമായ സമീപനമാണ് സിപിഎം നേതാക്കളും വക്താക്കളും സ്വീകരിക്കുന്നത്. പരാര്‍ശം വലിയ വിവാദമായതോടെ ഒഴുക്കന്‍ മട്ടിലുള്ള വിശദീകരണവുമായി ജോസ് കെ മാണി മലക്കം മറിഞ്ഞെങ്കിലും വര്‍ഗീയ ധ്രുവീകരണത്തിനുതകുന്ന തരത്തില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്റെ പരാമര്‍ശം അന്തരീക്ഷത്തിലുണ്ട്. കത്തോലിക്കാ സഭയുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും സംഘപരിവാര വേദികളിലുമൊക്കെയായി ജോസ് കെ മാണിയുടെ പരാമര്‍ശത്തിലൂന്നിയുള്ള മുസ്‌ലിംവിദ്വേഷ പ്രചാരണങ്ങളും സജീവമാണ്.

തിരഞ്ഞെടുപ്പ് വേളയിലെ നേതാക്കളുടെ പരാമര്‍ശങ്ങളും പ്രചാരണങ്ങളും സൂഷ്മമായി പിന്തുടരുന്ന പിണറായി വിജയനും ഇടതു നേതാക്കളുമൊക്കെ ജോസ് കെ മാണി ഉയര്‍ത്തിവിട്ട രാഷ്ട്രീയം കാണാത്തതല്ലെന്നു വ്യക്തം. െ്രെകസ്തവ വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയനേട്ടമുണ്ടാവുകയാണെങ്കില്‍ അതു സംഭവിക്കട്ടെ എന്നു തന്നെയാണ് പിണറായിയടക്കമുള്ളവരുടെ മൗനത്തിനു പിന്നിലെ മനസ്സിലിരുപ്പെന്നാണ് വിലയിരുത്തല്‍.

കേരളത്തില്‍ നിലവിലില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട 'ലൗ ജിഹാദി'ന്റെ പേരില്‍ സമുദായങ്ങളെ വിഭജിച്ച് സാമൂഹികാന്തരീക്ഷം കലുഷിതമാക്കുമ്പോള്‍ വസ്തുത തുറന്നു പറയേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമുണ്ട്. പരസ്യപ്രതികരണത്തിനു തയ്യാറായാല്‍, ഇതിനകം നടന്ന അന്വേഷണ റിപോര്‍ട്ടുകളുടേയും കോടതികളുടെ കണ്ടെത്തലിന്റെയും അടിസ്ഥാനത്തില്‍ 'ലൗ ജിഹാദ്' എന്നത് ഇല്ലാത്ത ആരോപണമാണെന്ന് പിണറായി അടക്കമുള്ളവര്‍ക്ക് തുറന്നു പറയേണ്ടിവരും.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മുസ്‌ലിം സമുദായത്തോട് അത്തരം സത്യസന്ധതകളും ആര്‍ജ്ജവവും പ്രകടിപ്പിച്ച ചരിത്രം സമീപ കാലത്തൊന്നും സിപിഎമ്മിനില്ല. മുസ്‌ലിംവിരുദ്ധ ധ്രുവീകരണ രാഷ്ട്രീയമാണ് സിപിഎം കേരളത്തില്‍ വോട്ടുബാങ്കു രാഷ്ട്രീയത്തില്‍ കൂടുതലും പ്രയോഗിച്ചത്.

ബാബരി മസ്ജിദ് ഒരു മ്യൂസിയമാക്കണമെന്നാവശ്യപ്പെട്ട, ശരീഅത്തിനെതിരായി ആദ്യം രംഗത്തു വന്ന ഇഎംഎസ് മുതല്‍ കേരളത്തിലെ സിപിഎം സംഘപരിവാറിനു ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ആര്‍എസ്എസുകാരനായ കോന്നിയിലെ ഒരു പ്രാദേശിക പത്രപ്രവര്‍ത്തകന്‍ 2009ല്‍ കേരളകൗമുദി ഫ്‌ളാഷിലൂടെ പടച്ചുവിട്ട 'ലൗജിഹാദ്' നുണ ഔദ്യോഗികമായി ആദ്യം ഏറ്റുപറഞ്ഞത് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനാണ്. പിന്നീട് അച്യൂതാനന്ദനെ ഉദ്ധരിച്ചാണ് ഹിന്ദുത്വര്‍ ഉത്തരേന്ത്യയില്‍ 'ലൗജിഹാദ്' വിദ്വേഷം ചീറ്റി മുസ്‌ലിംകളെ പച്ചക്ക് ചുട്ടുകൊന്നത്.

പൗരത്വ വിവേചന പ്രക്ഷോഭത്തിനെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന പിണറായിയുടെ പ്രഖ്യാപനവും തിരഞ്ഞെടുപ്പ് പ്രഹസനമായിരുന്നു എന്നാണ് ഒടുവിലത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്.അത്തരം കേസുകളില്‍ കോടതികളില്‍ നിന്ന് കൂട്ടത്തോടെ അറസ്റ്റു വാറണ്ടുകള്‍ പുറത്തു വരികയാണ്. വയനാട് മാനന്തവാടിയില്‍ വാറണ്ടു ലഭിച്ച 23 പേരാണ് ബുധനാഴ്ച കോടതിയിലെത്തി ജാമ്യമെടുത്തത്.

'ലൗ ജിഹാദ്' വിവാദത്തിലെ സിപിഎം കാപട്യവും പൗരത്വസമര കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കാത്തതുമൊക്കെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നു തന്നെയാണ് വിലയിരുത്തല്‍.

Next Story

RELATED STORIES

Share it