Latest News

കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടന: ജനതാദള്‍ യുണൈറ്റഡ് പിളര്‍പ്പിന്റെ വക്കിലെന്ന് എല്‍ജെപി നേതാവ് ചിരാഗ് പസ്വാന്‍

കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടന: ജനതാദള്‍ യുണൈറ്റഡ് പിളര്‍പ്പിന്റെ വക്കിലെന്ന് എല്‍ജെപി നേതാവ് ചിരാഗ് പസ്വാന്‍
X

പട്‌ന: ജനതാദള്‍ യുണൈറ്റഡ് പിളര്‍പ്പിലേക്ക് നീങ്ങുന്നതായി ലോക ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പസ്വാന്‍. തന്നെ കേന്ദ്ര കാബിനറ്റില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനുവേണ്ടി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സ്വന്തം പാര്‍ട്ടിനേതാക്കളുടെ അവസരം കളഞ്ഞുകുളിച്ചതായും പസ്വാന്‍ ആരോപിച്ചു.

''ഞാന്‍ മന്ത്രിസഭാ അംഗത്വത്തിനുവേണ്ടി ശ്രമിച്ചിട്ടില്ല. പക്ഷേ, എന്റെ അമ്മാവന്‍ പശുപതി കുമാര്‍ പരസ് ഏത് പാര്‍ട്ടിപ്രതിനിധിയായാണ് കാബിനറ്റിലെത്തിയതെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. അദ്ദേഹം കാബിനറ്റിലെത്തിയ രീതി വച്ചുനോക്കിയാല്‍ നിതീഷ് കുമാര്‍ സ്വന്തം പാര്‍ട്ടി നേതാക്കളുടെ അവസരം നഷ്ടപ്പെടുത്തിയതായാണ് തോന്നുന്നത്. പ്രത്യേകിച്ച് ലാലന്‍ സിങ്ങിന്റെ''- പരസ് അടക്കം അഞ്ച് പാര്‍ട്ടി എംപിമാരെ എല്‍ജെപി പുറത്താക്കിയ വിവരം താന്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് പസ്വാന്‍ പറഞ്ഞു.

ലാലന്‍ സിങ്ങിന്റെ അവസരം നിതീഷ് കുമാര്‍ അദ്ദേഹത്തില്‍ നിന്ന് തട്ടിപ്പറിച്ചെന്നാണ് പസ്വാന്‍ ആരോപിക്കുന്നത്. അത് ജെഡിയുവിനുള്ളിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണെന്നും താമസിയാതെ പാര്‍ട്ടി പിളര്‍പ്പിലേക്കു നീങ്ങുമെന്നും അദ്ദേഹം പറയുന്നു.

ജാമുയി മണ്ഡലത്തില്‍ നിന്നുളള ലോക്‌സഭാ അംഗമായ പസ്വാന്‍ പാര്‍ട്ടി സംഘടന പുനസ്സംഘടിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. പരസിന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെങ്കിലും അത് നല്ലതല്ല, താന്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അക്കാര്യത്തില്‍ താമസിയാതെ തീര്‍പ്പുണ്ടാകുമെന്നും പസ്വാന്‍ കൂട്ടിച്ചേര്‍ത്തു.

ആരെ മന്ത്രിയാക്കണമെന്നത് പ്രധാനമന്ത്രിയുടെ അധികാരത്തിലുള്ള കാര്യമാണ്. പരസിനെ പാര്‍ലമെന്റിലെ പാര്‍ട്ടി നേതൃസ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ താന്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. തന്റെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ പരസിനെ പാര്‍ട്ടി തീരുമാനം മറികടന്ന് മോദി മന്ത്രിയാക്കിയെന്നും ജെഡിയു ഇക്കാര്യത്തില്‍ കള്ളക്കളി കളിച്ചെന്നുമാണ് പസ്വാന്റെ ആരോപണം.

Next Story

RELATED STORIES

Share it