Latest News

ഇഷ്ടക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും അനധികൃത നിയമനം നല്‍കുന്ന ഏജന്‍സിയായി ഇടതു സര്‍ക്കാര്‍ മാറി: തുളസീധരന്‍ പള്ളിക്കല്‍

ഇഷ്ടക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും അനധികൃത നിയമനം നല്‍കുന്ന ഏജന്‍സിയായി ഇടതു സര്‍ക്കാര്‍ മാറി: തുളസീധരന്‍ പള്ളിക്കല്‍
X

തിരുവനന്തപുരം: പിഎസ് സിയെയും എംപ്ലോയ്‌മെന്റ് എകസ്‌ചേഞ്ചുകളെയും നോക്കുകുത്തിയാക്കി ഇഷ്ടക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും കേരളത്തിന്റെ വരുമാനം വീതംവെച്ചു നല്‍കുന്ന റിക്രൂട്ടിങ് ഏജന്‍സിയായി ഇടതു സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ പോലും അറിയിക്കാതെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം എണ്ണായിരത്തോളം താല്‍ക്കാലിക അധ്യാപക നിയമനങ്ങള്‍ നടത്തിയത് ഉദ്യോഗാര്‍ഥികളോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാര്‍ വേതനം നല്‍കുന്ന താല്‍ക്കാലിക തസ്തികകളിലെല്ലാം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി മാത്രമേ നിയമനം നടത്താവൂ എന്ന 2004 മുതല്‍ നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവ് മറികടന്നാണ് നിയമനം നടത്തിയിരിക്കുന്നത്. യോഗ്യരായ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുമ്പോഴാണ് ഇവരുടെ പട്ടിക പോലും എക്‌സ്‌ചേഞ്ചുകളോട് ആവശ്യപ്പെടാതെ രഹസ്യ നിയമനം നടത്തിയിരിക്കുന്നത്. സ്വജനപക്ഷപാതവും രാഷ്ട്രീയ താല്‍പ്പര്യവും മുന്‍നിര്‍ത്തി സ്വന്തം നിലയ്ക്കു സ്‌കൂള്‍ പിടിഎകളെ ഇടനിലക്കാരാക്കിയാണ് നിയമനം നടത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് 28.7 ലക്ഷം ഉദ്യോഗാര്‍ഥികളാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കിലും എല്ലാ വകുപ്പിലും ഭൂരിപക്ഷം താല്‍ക്കാലിക നിയമനങ്ങളും ഇപ്പോഴും നടക്കുന്നത് എക്‌സ്‌ചേഞ്ചുകള്‍ വഴിയല്ല. പിന്‍വാതില്‍ നിയമന വിവാദങ്ങള്‍ ഉയരുമ്പോഴെല്ലാം ഇത്തരം നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴിയാക്കുമെന്ന പ്രഖ്യാപനം പതിവാണെങ്കിലും ഫലമുണ്ടാകാറില്ല. താല്‍ക്കാലിക നിയമനങ്ങളിലൊന്നും സംവരണമുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാറില്ല. എംപ്ലോയ്‌മെന്റ് എകസ്‌ചേഞ്ചുകള്‍ വഴിയല്ലാതെ നടത്തിയ മുഴുവന്‍ നിയമനങ്ങളും ഉടന്‍ റദ്ദാക്കണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it