Latest News

'ലീഗിന് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ട്': സാദിഖലി തങ്ങള്‍

ലീഗിന് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ട്: സാദിഖലി തങ്ങള്‍
X

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ചോദിക്കുമെന്ന് മുസ്‌ലിം ലീഗ്. എത്ര സീറ്റ് ചോദിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ലീഗിന്റെ മണ്ഡലങ്ങളില്‍ ലീഗ് തന്നെ മല്‍സരിക്കുമെന്നും നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലീഗിന് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെന്നും മുന്നണി യോഗത്തില്‍ അക്കാര്യം പറയുമെന്നും സാദിഖലി തങ്ങള്‍. കോട്ടയം അടക്കമുള്ള ജില്ലകളില്‍ മല്‍സരിക്കാന്‍ ആഗ്രഹമുണ്ട്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലെത്തിക്കാനുള്ള നീക്കം തുടരുന്നുവെന്ന് വ്യക്തമാക്കിയ തങ്ങള്‍ കേരള കോണ്‍ഗ്രസിന്റെ മനസ്സ് യുഡിഎഫിനൊപ്പമെന്നും ചൂണ്ടിക്കാട്ടി. തൃശൂരിന് അപ്പുറത്തേക്കുള്ള ജില്ലകളില്‍ ലീഗ് വലിയ മുന്നേറ്റമാണ് നടത്തിയത്. അതിനനുസരിച്ച് കൂടുതല്‍ സീറ്റ് ലഭിക്കണമെന്ന് പ്രവര്‍ത്തകരും നേതൃത്വവും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന് കോണ്‍ഗ്രസ് തീരുമാനിക്കട്ടെ. ലീഗിന് നിര്‍ദ്ദേശമില്ല. ചില സീറ്റുകള്‍ വെച്ചു മാറണം എന്ന ആഗ്രഹം അണികള്‍ക്കുണ്ട്. ഈ കാര്യം ചര്‍ച്ചയില്‍ മുന്നോട്ടു വെക്കും. സിറ്റിങ് എംഎല്‍എമാര്‍ എല്ലാവരും മല്‍സരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ ആകില്ലെന്നും ഇത്തവണ വനിതാ സ്ഥാനാര്‍ഥി ഉണ്ടാകുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി തന്നെ ലീഗിനെ തിരഞ്ഞെടുപ്പില്‍ നയിക്കും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മുന്നണി ബന്ധമില്ല. പക്ഷെ വോട്ടു വേണ്ടെന്ന് പറയില്ല. വെള്ളാപ്പള്ളിയെ തന്റെ കാറില്‍ കയറ്റില്ലെന്നും തങ്ങള്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ 100 സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളിയുടെ പ്രതികരണങ്ങളെ ജനം തള്ളിക്കളഞ്ഞതാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതും അതാണെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി. ലീഗിനെ വെള്ളാപ്പള്ളി തിരുത്തേണ്ടതില്ലെന്നും ലീഗ് സഹിഷ്ണുതയും സഹവര്‍ത്തിത്വവും ഉള്ള പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഗ് മുസ്‌ലിംകളേയും ഈഴവരേയും തമ്മില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും മാറാട് ആവര്‍ത്തിക്കാന്‍ നോക്കുന്നുവെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. കടുത്ത അവഗണനയാണ് ഈഴവ സമുദായത്തോടെ ലീഗ് ഭരണത്തിലിരുന്നപ്പോള്‍ കാണിച്ചതെന്നും സാമൂഹിക നീതി അട്ടിമറിച്ചുവെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it