Latest News

പോലിസിനെ വാഴ്ത്തി ഭരണപക്ഷം; സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് എന്തായെന്ന് തിരുവഞ്ചൂര്‍

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാത്രം കേരളത്തില്‍ 39 രാഷ്ട്രീയ കൊലപാതകം നടന്നു

പോലിസിനെ വാഴ്ത്തി ഭരണപക്ഷം; സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് എന്തായെന്ന് തിരുവഞ്ചൂര്‍
X

തിരുവനന്തപുരം: സംസ്ഥാനത്തെ പോലിസിനെ വാഴ്ത്തി ഭരണപക്ഷവും കുറ്റപ്പെടുത്തി പ്രതിപക്ഷവും രംഗത്തെത്തിയതോടെ സഭയില്‍ രൂക്ഷമായ തര്‍ക്കം. കഴിഞ്ഞ ആറ് വര്‍ഷത്തില്‍ കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷത്തില്‍ ഒരു മനുഷ്യ ജീവന്‍ പോലും നഷ്ടപെട്ടില്ലെന്നായിരുന്നു കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററുടെ പ്രസ്താവന. എല്‍ഡിഎഫ് സര്‍ക്കാര്‍ പോലിസിന് മനുഷ്യ മുഖം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ വാദങ്ങളെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുവാദം നിരത്തി ഖണ്ഡിച്ചു.

എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കയ്യും വെട്ടും കാലും വെട്ടും എന്ന മുദ്രാവാക്യം സഭയില്‍ തിരുവഞ്ചൂര്‍ ഉയര്‍ത്തി. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാത്രം കേരളത്തില്‍ 39 രാഷ്ട്രീയ കൊലപാതകം നടന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊലയാളികളെ മഹത്വല്‍വത്കരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പോക്‌സോ കേസുകള്‍ പോലിസ് ഒതുക്കി തീര്‍ക്കുകയാണ്. പത്തനംതിട്ട കൂട്ട ബലാത്സംഗ കേസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇടപെട്ട് അട്ടിമറിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് എന്തായെന്ന് തിരുവഞ്ചൂര്‍ ചോദിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്റര്‍ അക്രമിച്ച കേസിലെ പ്രതി എവിടെ? പോലിസും ഗുണ്ടകളും തമ്മില്‍ സംസ്ഥാനത്ത് മച്ചാന്‍ മച്ചാന്‍ കളിക്കുകയാണെന്നും ഒരു സംഘം പോലീസുകാര്‍ പാര്‍ട്ടി ഗുണ്ടകളുടെ കളിപ്പാവകളായെന്നും അദ്ദേഹം വിമര്‍ശിച്ചു. ഗുണ്ടാ ബന്ധമുള്ള ഉദ്യോഗസ്ഥരെ വേറെ എവിടെ വെച്ചാലും വിജിലന്‍സില്‍ വെക്കാമോയെന്ന് ചോദിച്ച പ്രതിപക്ഷ അംഗം തലശ്ശേരി പോലിസിനെതിരായ സദാചാര ആക്രമണവും ഉന്നയിച്ചാണ് സഭയില്‍ ഭരണപക്ഷ അംഗത്തിന്റെ വാദങ്ങളോട് തിരിച്ചടിച്ചത്.

Next Story

RELATED STORIES

Share it